ശീതകാല ഒളിമ്പിക്‌സ് യുഎസ് ബഹിഷ്‌കരിക്കുന്നത് നഗ്നമായ രാഷ്ട്രീയ പ്രകോപനമാണെന്ന് ചൈന

2022-ല്‍ ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ നയതന്ത്ര ബഹിഷ്‌കരണം ബൈഡൻ ഭരണകൂടം പ്രഖ്യാപിക്കാനൊരുങ്ങുന്നത് “നഗ്നമായ രാഷ്ട്രീയ പ്രകോപനമായി” കണക്കാക്കുമെന്ന് ചൈന. വിന്റർ ഒളിമ്പിക്‌സിന്റെ നയതന്ത്ര ബഹിഷ്‌കരണം താൻ പരിഗണിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ലോക വേദിയിൽ ബെയ്ജിംഗിന് ബൈഡന്‍ ഒരു സന്ദേശം അയക്കാന്‍ സാധ്യതയുണ്ട്. എന്നാൽ, ഒരു സമ്പൂർണ്ണ ബഹിഷ്‌കരണം പ്രതീക്ഷിക്കുന്നില്ല, അതായത് യുഎസ് അത്‌ലറ്റുകൾക്ക് ഇപ്പോഴും ഗെയിമുകളിൽ മത്സരിക്കാൻ കഴിയും. ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സി എന്‍ എന്‍ ആയിരുന്നു.

ശീതകാല ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.
“ശീതകാല ഒളിമ്പിക്‌സ് രാഷ്ട്രീയ പ്രകടനത്തിനും രാഷ്ട്രീയ കൃത്രിമത്വത്തിനുമുള്ള വേദിയല്ല,” വക്താവ് ഷാവോ ലിജിയാൻ തിങ്കളാഴ്ച ഒരു ദൈനംദിന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നയതന്ത്ര ബഹിഷ്‌കരണം “ഒളിമ്പിക് ചാർട്ടറിന്റെ ചേതനയ്ക്ക് ഗുരുതരമായ കളങ്കം” ആയിരിക്കുമെന്നും “നഗ്നമായ രാഷ്ട്രീയ പ്രകോപനവും 1.4 ബില്യൺ ചൈനീസ് ജനതയെ അവഹേളിക്കുന്നതിന് തുല്യമാകും,” അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി ബന്ധം കൂടുതൽ പ്രതിസന്ധിയിലാകാന്‍ സാധ്യതയുള്ളതിനാല്‍, പദ്ധതി ഉപേക്ഷിക്കണമെന്ന് വക്താവ് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. “തീരുമാനം മാറ്റിയില്ലെങ്കില്‍ ചൈനയ്ക്ക് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

1980ൽ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അധികാരത്തിലിരിക്കെയാണ് അവസാനമായി യുഎസ് ഒളിമ്പിക്‌സ് പൂർണമായും ബഹിഷ്‌കരിച്ചത്.

ജനുവരിയിൽ ബൈഡന്‍ അധികാരമേറ്റപ്പോൾ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക സമീപനത്തിൽ നിന്നുള്ള ഒരു മാറ്റത്തിന് പുതിയ ഭരണകൂടം ശ്രമിക്കുമെന്ന് ബീജിംഗ് പ്രതീക്ഷിച്ചു. എന്നാൽ, ചൈനയോട് ട്രംപിനെപ്പോലെ കടുത്ത നയമാണ്
ബൈഡന്‍ സ്വീകരിച്ചത്.

സ്വയം ഭരിക്കുന്ന ചൈനീസ് തായ്‌പേയ് ദ്വീപ് (തായ്‌വാൻ), വ്യാപാര താരിഫുകൾ, കാലാവസ്ഥാ വ്യതിയാനം, ആഗോള പൊതുജനാരോഗ്യം എന്നിവയുൾപ്പെടെ നിരവധി പ്രശ്‌നങ്ങളിൽ യു എസും ചൈനയും കടുത്ത വൈരുദ്ധ്യത്തിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment