മനുഷ്യക്കടത്ത് വിഷയമാക്കി ‘റീനാ കി കഹാനി’ എന്ന ചിത്രവുമായി ‘ഇൻ അവർ വേൾഡ്’ സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍

മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ ‘റീനാ കീ കഹാനി’ ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍. ഒമ്പതര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മനുഷ്യക്കടത്തിന്റെ ഭീകരമായ വശങ്ങളിലേക്കാണ് നമ്മളെ കൊണ്ട് പോകുന്നത്. മനുഷ്യക്കടത്തിലെ പ്രധാന കണ്ണികളായ ഏജന്റുമാര്‍ ഇപ്പോഴും അടുത്ത ഇരയ്ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് എന്ന സത്യം സിനിമ നമുക്ക് കാട്ടിത്തരുന്നു.

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള റീനാ കീ കഹാനി ഒട്ടേറെ സ്വപ്‌നങ്ങളുമായി ജീവിച്ച ഒരു പാവം പെണ്‍കുട്ടി എങ്ങനെ മാംസക്കച്ചടവക്കാരുടെ കെണിയില്‍ പെടുന്നു എന്നതും തുടര്‍ന്ന് അവള്‍ അവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുന്നതുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികളെ ശോഭനമായൊരു ഭാവി വാഗ്ദാനം ചെയ്ത് ചതിക്കുഴികളില്‍പ്പെടുത്തുന്ന വന്‍ റാക്കറ്റുകളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ഇരകളെ കണ്ടെത്താനും അവരിലൂടെ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താനും ഏജന്റുമാര്‍ നടത്തുന്ന കുതന്ത്രങ്ങള്‍ ചിത്രത്തിലൂടെ സംവിധായകന്‍ നമുക്ക് കാട്ടിത്തരുന്നു.

അതിജീവനത്തിന്റെ കൂടി കഥ പറയുന്ന റീനാ കീ കഹാനി, ചതിക്കുഴികളെ എങ്ങനെ തിരിച്ചറിയാമെന്നും അവയെ ഫലപ്രദമായി ഒഴിവാക്കാമെന്നും നമുക്ക് പറഞ്ഞ് തരുന്നു. മനുഷ്യക്കടത്ത് വിരുദ്ധ സന്നദ്ധ സംഘടനയായ വിഹാനുമായി സഹകരിച്ചാണ് ഷ്രെഡ് ശ്രീധറിന്റെ സ്റ്റുഡിയോയായ ഷ്രെഡ് ക്രിയേറ്റീവ് ലാബ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റീനാ കീ കഹാനി കുട്ടികളും രക്ഷകര്‍ത്താക്കളും എല്ലാം തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്. ഇത്തരം തിന്മകളില്‍ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ സംരക്ഷിക്കാം എന്ന് ചിത്രം നമ്മെ പഠിപ്പിക്കുന്നു.

“ലോകത്തെ ഓരോ മനുഷ്യന്റെയും സാമൂഹ്യവും സാംസ്‌ക്കാരികവും ശാരീരികവുമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായിട്ടാണ് ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആഘോഷിക്കുന്നത്. ഈ ചിത്രത്തിലൂടെ മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍ പറഞ്ഞു. വിവിധ സാമൂഹ്യ വിഷയങ്ങളെ കുറിച്ച് നമ്മുടെ നാട്ടില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മാംസവ്യാപാരത്തിനായി നടത്തുന്ന മനുഷ്യക്കടത്ത് വ്യാപാരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും മറ്റ് വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ മുങ്ങിപ്പോകുന്നതാണ് പതിവെന്ന് ഷ്രെഡ് ശ്രീധര്‍ ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ അപകടങ്ങളേയും ഭീഷണികളേയും കുറിച്ചുള്ള ഒരു ബോധവത്ക്കരണം അത്യാവശ്യമാണന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശങ്ങളുടെ ക്രൂരമായ ലംഘനം നടക്കുന്ന മേഖലയെ കുറിച്ചുള്ള ഈ കലാസൃഷ്ടി ലോക മനുഷ്യാവകാശ ദിനത്തില്‍ തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ തന്നെയാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ഷ്രെഡ് ശ്രീധര്‍ പറഞ്ഞു. മനുഷ്യക്കടത്തില്‍ നിന്ന് 4700 ഓളം പേരെ രക്ഷിച്ച വിഹാന്‍ എന്ന സംഘടനയില്‍ നിന്നുള്ളവര്‍ ഈ സംരംഭത്തില്‍ പങ്കാളികളായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷ്രെഡ് ശ്രീധര്‍ വ്യക്തമാക്കി. ഇവരില്‍ പലരും അവരുടെ അജ്ഞത കാരണം മനുഷ്യക്കടത്തുകാരുടെ പിടിയിലാകുക ആയിരുന്നു. ദാരിദ്യമാണ് പലരേയും മനുഷ്യക്കടത്തുകാരുടെ കൈയ്യില്‍ പെടാന്‍ ഇടയാക്കിയതെന്ന് വിഹാന്‍ സി.ഇ.ഒ സമീര്‍ ബാപ്റ്റിസ്റ്റ് ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി കാരണം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും ഇതിന്റെ മറ്റൊരു കാരണമാണ്. ഈ ഉദ്യമം ഏറ്റെടുത്തതിന് ഷ്രെഡി ശ്രീധറിനും സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും ചിത്രം മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സമീര്‍ ബാപ്റ്റിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ഷ്രെഡ് ക്രീയേറ്റിവ്‌ ലാബിന്റെ സമൂഹ മാധ്യമ ഹാൻഡിലുകളായ ഫേസ്‌ബുക്ക്: @shredcreativelab; ഇൻസ്റ്റാഗ്രാം: @shredcreativelab; യൂട്യൂബ് @Shred Creative Lab; എന്നിവയിലൂടെ ചിത്രം പുറത്തിറക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment