ആലുവ: മോഫിയ കേസിൽ സസ്പെൻഡ് ചെയ്ത പോലീസ് ഇൻസ്പെക്ടർ സുധീറിനെതിരെ കൂടുതൽ പരാതി. ലോക്കപ്പ് പീഡനം, പണം തട്ടിയെടുക്കൽ, കള്ളക്കേസിൽ കുടുക്കല്‍, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് സുധീറിനെതിരെയുള്ളത്. മോഫിയ കേസിൽ സുധീറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മുൻ ഇരകൾ വീണ്ടും പരാതിയുമായി പോലീസിനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു.
2007ൽ കൊല്ലം സ്വദേശിയായ ഓട്ടോ ഡ്രൈവറായ പ്രസാദിനെ സുധീർ ക്രൂരമായി മർദ്ദിച്ചിരുന്നു. സുധീർ കിളിക്കൊല്ലൂർ സ്റ്റേഷനിൽ എസ്ഐ ആയിരിക്കെയാണ് സംഭവം. അയൽവാസിയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനെത്തിയ സുധീർ പ്രസാദിനോട് കൈക്കൂലി ആവശ്യപ്പെട്ടതും അത് കൊടുക്കാതെ വന്നപ്പോഴാണ് പ്രസാദ് ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതും. കള്ളക്കേസില്‍ കുടുക്കി സ്റ്റേഷനില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. പ്രസാദിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി സുധീറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
പിന്നീട് കുളത്തൂപ്പുഴ എസ്എച്ച്ഒ ആയി 2015 ല്‍ ജോലി ചെയ്യുമ്പോഴാണ് സുധീര്‍ ലാല്‍കുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം തന്നെ തകര്‍ത്തത്. എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ലാല്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രാഥമിക അന്വേഷണം പോലും നടത്താതെ ചുമത്തിയ കേസില്‍ കോടതി ലാല്‍കുമാറിനെ പിന്നീട് കുറ്റവിമുക്തനാക്കി. സഹോദരന്റെ നിരപരാധിത്വം തെളിയിക്കാന്‍ അന്ന് സ്റ്റേഷനില്‍ പോയപ്പോള്‍ സുധീറില്‍ നിന്നുണ്ടായ പ്രതികരണത്തെ പറ്റി ഇന്നും ഭയത്തോടെയാണ് ലാല്‍കുമാറിന്റെ സഹോദരി ഓര്‍ത്തെടുക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news