എഴുപതുകാരിയായ അമ്മയെഴുതിയ പ്രണയഗാനം മകന്‍ സംഗീത ആൽബമാക്കി

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷത്തിന് ശേഷം എഴുപതാം വയസ്സിൽ ഒരു പ്രണയഗാനം രചിച്ച് മകൻ അത് ‘പത്മ’ എന്ന സംഗീത ആൽബമാക്കി, പതിനായിരക്കണക്കിന് ആളുകൾ കാണുകയും കമന്റ് ചെയ്യുകയും ചെയ്തത് പെരുമ്പാവൂര്‍ സ്വദേശിനിയായ വിജയം എന്ന മുന്‍ അസി. രജിസ്ട്രാര്‍ക്ക് അസുലഭ നിമിഷമായി.

ഗാന ആല്‍ബം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ അമ്മയും പ്രശസ്തിയിലേക്ക് കുതിച്ചു. ‘പത്മ’ എന്ന പ്രണയഗാനത്തിന്റെ ആല്‍ബം സം‌വിധാനം ചെയ്തത് ‘ആനന്ദ് ബോധ്’ ആണ്. കോതമംഗലം അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ നിന്ന് 15 വർഷം മുമ്പ് വിരമിച്ചതാണ് കെ. വിജയം.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴി സ്വദേശിയാണ്. അഭിനേതാക്കളും ഛായാഗ്രഹണവും മികച്ചു നിൽക്കുന്ന ഈ ആൽബം, യൂട്യൂബിൽ പതിനായിരക്കണക്കിന് ആളുകൾ ആസ്വദിച്ചുകഴിഞ്ഞു. വലിയ രീതിയിലല്ലങ്കിലും ഒരു എഴുത്തുകാരി കൂടിയാണ് കെ വിജയം. 20 കവിതകൾ ഉൾപ്പെടുന്ന ‘ഓർമയിൽ ഒരു മയിൽപ്പീലി’ എന്ന കവിതാസമാഹാരവും പലനിറപ്പകലുകൾ എന്ന കഥാസമാഹാരത്തിൽ നിയോഗം എന്ന കഥയും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ, 9 കഥകൾ ഉൾപ്പെടുന്ന ‘വൈശാഖ സന്ധ്യ’ എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരണ ലോകത്തെ ഇവരുടെ സംഭാവനയാണ്. ‘മക്കളാണ് എന്റെ കരുത്തും പ്രചോദനവും. അവരുടെ പ്രോൽസാഹനമാണ് ഇത്രയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്. അല്ലങ്കിൽ ഞാനും ഒറ്റപ്പെടലിൽ തളർന്നു പോയേനെ. മക്കൾ മൂന്നുപേരും വിദേശത്തും ഭർത്താവിന്റെ വിയോഗവും കൂടിയാകുമ്പോൾ ആരും തളർന്നുപോകും. പക്ഷെ, മക്കൾ ലോകത്ത് എവിടെയാണെങ്കിലും അവരെന്നോടൊപ്പം ഉള്ളതുപോലെ പ്രവർത്തിച്ചു. അതാണ് എനിക്ക് ശക്‌തി പകർന്നത്.’ -വിജയം പറയുന്നു. ‘പത്‌മ’ ഇവിടെ കാണാം:

‘എന്റെ അമ്മക്ക് 92 വയസായി, ഞാനവർക്ക് ഒറ്റമോളാണ്. അവരെ പരിപാലിക്കേണ്ട ചുമതല എന്റെയാണ്. അതുകൊണ്ട് മക്കളുടെ അരികിലേക്ക് പോകാനും സാധിച്ചില്ല. പക്ഷെ, അതൊക്കെ നല്ലതിനായിരുന്നു. അത് കൊണ്ടാണ് എന്റെ കഴിവുകൾ പൊടിതട്ടിയെടുക്കാനും അതിനെ മക്കളും മറ്റുള്ളവരും പ്രോൽസാഹിപ്പിക്കാനും ഇത്രയുമൊക്കെ ചെയ്യാനും സാധിച്ചത്.’ -വിജയം പറഞ്ഞു.

‘ചെറുപ്പം മുതൽ എഴുതാൻ വലിയ ഇഷ്‌ടമായിരുന്നു. അന്നത്തെ വളയം ചിറങ്ങര ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ കവിതക്ക് ഒന്നാം സമ്മാനമൊക്കെ കിട്ടിയിരുന്നു. പിന്നെ, മുവാറ്റുപുഴ നിർമല കോളേജിലാണ് പഠനം തുടർന്നത്. അവിടെയും കവിതയും കഥകളുമൊക്കെ എഴുതുമായിരുന്നു. കോളേജ് കഴിഞ്ഞു ജോലിയൊക്കെ ആയപ്പോൾ ഒന്നിനും സമയം ഇല്ലാതായി. പിന്നെ വിവാഹം, മൂന്നു കുട്ടികൾ, ജോലി തിരക്ക് ഇതെല്ലാം ചേർന്ന് ജീവിതത്തിന്റെ ഒഴുക്കിൽ പലതും മറവിയിലേക്ക് പോയി.’ – വിജയം തുടർന്നു.

‘പിന്നെ 2003ൽ ഭർത്താവ് മരണപ്പെടുമ്പോൾ ഞാൻ സഹകരണവകുപ്പിൽ ജോലി ചെയ്യുകയാണ്. വീട്ടിലാണെങ്കിൽ പ്രായമായ അമ്മയും. ആ കാലമൊക്കെ കടന്നുപോന്നു. പിന്നെ, വിരമിച്ച ശേഷമാണ് എന്തെങ്കിലുമൊക്കെ എഴുതാൻ തുടങ്ങിയത്. അതിനെ ആദ്യമാദ്യം മക്കൾ പ്രോൽസാഹിപ്പിച്ചു തുടങ്ങി. പിന്നെ പലരും പ്രോൽസാഹനമായി മാറി. സുരേഷ് കീഴില്ലത്തിന്റെ നേതൃത്വത്തിലുള്ള പെരുമ്പാവൂരിലെ ‘യെസ് മലയാളമാണ്’ ആദ്യമായി എന്റെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. അതൊക്കെ വലിയ പ്രചോദനമായി മാറി. നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകുമ്പോൾ ആരോഗ്യവും മനസുമൊക്കെ നന്നായിരിക്കും. ഇനിയിപ്പോ എഴുത്ത് തുടരണം. പറ്റാവുന്ന രീതിയിലൊക്കെ എന്നാണ് ആഗ്രഹം,,” വിജയം പറഞ്ഞുനിറുത്തി.

രോ-ഹിറ്റ് മ്യൂസിക്‌സ് എന്ന ബാനറിൽ കെ വിജയത്തിന്റെ മകൻ രതീഷ് പരമേശ്വരനാണ് ‘പത്‌മ’ നിർമിച്ചിരിക്കുന്നത്. ‘പ്രണയത്തിനും മുകളിൽ ആത്‌മാഭിമാനത്തിനു വില ഇട്ടവൾ’ എന്ന ടാഗ് ലൈനിൽ യുട്യൂബിൽ ഡിസംബർ രണ്ടിനാണ് ആൽബം റിലീസ് ചെയ്‌തത്‌. ‘പത്‌മയിലെ വരികൾക്ക് വേറിട്ട് നിൽക്കുന്നതും ആകർഷണീയവുമായ സംഗീതം ഒരുക്കിയിരിക്കുന്നത് ബിജു ജോണാണ്. മനോഹരമായ ശബ്‌ദം കൊണ്ട് വരികൾക്ക് ജീവൻ നൽകിയത് ബിന്ദു അനിരുദ്ധനും, ഛായാഗ്രാഹണം കൊണ്ട് ആൽബത്തെ മികച്ച കാഴ്‌ചാനുഭവമാക്കി മാറ്റിയത് മുബഷിർ പട്ടാമ്പിയുമാണ്.

വരികളുടെ ആത്‌മാവിനെ തിരിച്ചറിഞ്ഞ ‘ആനന്ദ് ബോധ്’ ആൽബത്തിലെ ഓരോ നിമിഷവും മനോഹരമായി സംവിധാനം ചെയ്‌തെടുത്തിട്ടുണ്ട്‌. അഭിനേതാക്കളെ പ്ളേസ് ചെയ്യുന്നതിലും ദൃശ്യങ്ങളെ അനുയോജ്യമായി കൈകാര്യം ചെയ്യുന്നതിലും ആനന്ദ് ബോധ് എന്ന സംവിധായകനും എഡിറ്ററും വിജയിച്ചിട്ടുണ്ട്. ‘കൽക്കി’ എന്ന ഏറെ ശ്രദ്ധേയമായ അവാർഡ് വിന്നിങ് ഷോർട് ഫിലിം ആനന്ദ് ബോധിയുടെതാണ്. പുലിവാല് മുരുകൻ, ലീല എന്നീ ഷോർട് ഫിലിമുകളും ഗായത്രി, ചാരു എന്നീ മ്യൂസിക് ആൽബങ്ങളും ചെയ്‌തിട്ടുള്ള ‘ആനന്ദ് ബോധ്’ പൂഴിക്കടകൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

ക്രമീകരണം: ശ്രീരാജ്, പുല്ലാങ്കുഴൽ: രഘു ഉത്തമൻ, മിക്‌സിംഗ് & മാസ്റ്ററിംഗ്: അനുരാജ്, അഡീഷണൽ ബിജിഎം: നിഖിൽ സാൻ, അഡീഷണൽ വോക്കൽസ്: സൂര്യ ജി മേനോൻ, വിശാഖ് കെ വി, ഛായാഗ്രഹണം: മുബഷിർ പട്ടാമ്പി, ഡിഐ: ബിലാൽ റഷീദ് (24/7), ആർട്ട് ഹരികൃഷ്ണൻ ഷാരു, ശ്യാം എസ് ജൂഡ്, മേക്കപ്പ്: മഹേഷ് ബാലാജി, പ്രൊഡക്ഷൻ കൺട്രോളർ: വിഷ്ണു പെരുമുടിയൂർ, വിഎഫ്എക്‌സ്: മഡ് ഹൗസ്, സ്റ്റുഡിയോ: ആർട്ട് ബീറ്റ്‌സ് ആൻഡ് സൗണ്ട് ഓഡിയോ ലാബ്.

മറ്റ് വേഷങ്ങൾ ചെയ്ത ഭാസ്‌കർ അരവിന്ദ്, ദേവപ്രസാദ്, പ്രമോദ് എജി എന്നിവരും തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോൾ ഷീബ സുനിൽ അമ്മയായും ഭവ്യ വാര്യർ അമ്മയുടെ ബാല്യകാലവും അഭിനയിച്ചു. രാജീവ് പിള്ളത്ത്, സത്യൻ പ്രഭാപുരം,
സൂര്യ ജി മേനോനും ഗീത ഗോകുലും വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.

അസിസ്‌റ്റന്റ് രജിസ്ട്രാറായിരുന്ന കെ വിജയം മൂന്നുമക്കളുടെ അമ്മയാണ്. സഹകരണ വകുപ്പിൽ നിന്ന് ഡപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച പരേതനായ മുളക്കുളം പരമേശ്വരനായിരുന്നു വിജയത്തിന്റെ ഭർത്താവ്. മൂന്നു മക്കളിൽ രാജേഷ് കുമാർ ദുബൈയിലും രതീഷ് കുമാർ ഓസ്‌ട്രേലിയയിലും രാഖി രാജ് യുഎസിലുമാണ്. സ്‌മിത, സോണിയ, രാജ്മോഹൻ എന്നിവരാണ് കെ വിജയയുടെ മരുമക്കൾ. റയിസൺ, റൻസൺ, രോഹിത് കൃഷ്‌ണ, ഋഷിരാജ്, പ്രണവ് രാജ് എന്നിവർ പേരക്കുട്ടികളാണ്.

https://youtu.be/ghtNPaP_Ts8

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment