മുംബൈയിലുള്ള കാമുകിയെ കാണാൻ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു

ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു. പാക് അതിർത്തി ജില്ലയായ ബഹവൽപൂർ സ്വദേശി മുഹമ്മദ് ആമിർ (22) ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത മുംബൈ സ്വദേശിനിയെ കാണാനാണ് താന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്ന് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ശനിയാഴ്ച ബിഎസ്എഫ് പട്രോളിംഗിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് ശ്രീ ഗംഗാനഗർ എസ്പി ആനന്ദ് ശർമ പറഞ്ഞു. യുവാവിൽ നിന്ന് മൊബൈൽ ഫോണും പണവും കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. ആരോപണങ്ങൾ അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.

ബഹവൽപൂർ ജില്ലയിലെ ഹസിൽപൂർ തഹസിലിലെ മുഹമ്മദ് അമീർ ആണെന്നാണ് ഇയാൾ സ്വയം തിരിച്ചറിഞ്ഞത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാണെന്ന് യുവാവ് സമ്മതിച്ചു. വളരെക്കാലമായി ബന്ധം തുടരുന്നു എന്നും യുവാവ് പറഞ്ഞു. ഇരുവരും നമ്പറുകൾ കൈമാറുകയും പരസ്പരം സംസാരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും യുവാവ് പറയുന്നു.

മുംബൈയിലേക്ക് പോകുന്നതിന് ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യൻ അധികൃതർ തന്റെ അപേക്ഷ നിരസിച്ചതായി മുഹമ്മദ് ആമിർ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ, മുംബൈയിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ കഴിയില്ലെന്നും, അതുകൊണ്ടാണ് അതിർത്തി കടന്ന് മുംബൈയിലെത്താൻ ശ്രമിച്ചതെന്നും ആമിർ പറഞ്ഞു.

അതേസമയം, അതിര്‍ത്തിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്ന് യുവാവിന് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താന്‍ നടന്നുപോകുമെന്ന് ആമിർ മറുപടി നൽകിയതായി പൊലീസ് പറഞ്ഞു.

ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അമീർ താമസിക്കുന്ന ഹസിൽപൂർ തഹസിൽ. അവിടെ നിന്ന് ഇയാള്‍ എങ്ങനെയാണ് അതിർത്തിയിൽ എത്തിയതെന്ന് വ്യക്തമല്ല.

അതേസമയം, മുംബൈയില്‍ താമസിക്കുന്ന യുവതിയെ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മാത്രമേ ഇത്തരം നടപടി സ്വീകരിക്കൂവെന്ന് പോലീസ് പറഞ്ഞു.

മുംബൈയിൽ വെച്ച് കാമുകിയെ കാണാൻ അവസരം നൽകുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആമിര്‍ പറയുന്നത് ശരിയാണെങ്കിൽ 22കാരനെ പാക്കിസ്താന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment