ന്യൂയോര്‍ക്ക്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍ഡി ബ്ലാസിയോ ഉത്തരവിട്ടു. അമേരിക്കയില്‍ ആദ്യമായാണ് ഒരു സിറ്റിയില്‍ സ്വകാര്യ ജീവനക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കിയത്.
നവംബര്‍ 29-നു ന്യൂയോര്‍ക്കില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വേണ്ടിവന്നതെന്ന് ഡിസംബര്‍ ആറിനു തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
മേയര്‍ ഡി ബ്ലാസിയോയുടെ കാലാവധി അവസാനിക്കാന്‍ ചില ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിവാദമായേക്കാവുന്ന ഉത്തരവിറക്കിയിരിക്കുന്നത്.
ഡെല്‍റ്റാ വേരിയന്റിനുശേഷം പുതിയ ഒമിക്രോണ്‍ വേരിയന്റുകൂടി കണ്ടെത്തുകയും, തണുപ്പുകാലം വരികയും ചെയ്ത സാഹര്യത്തില്‍ അവധിക്കാലം ചെലവഴിക്കുന്നതിനു ഇന്‍ഡോറുകളിലും, ഔട്ട്ഡോറുകളിലും ആളുകള്‍ കൂട്ടംകൂടുകയും ചെയ്യുന്നത് രോഗവ്യാപനം വര്ധിക്കുവാന് ഇടയാക്കുമെന്നും മേയര്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെ 1,84,000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഈ പുതിയ ഉത്തരവ് ബാധകമാണ്. ഡിസംബര്‍ 27 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയെന്നും, അതിനു മുമ്പുതന്നെ എല്ലാവരും വാക്സിന് സ്വീകരിച്ചിരിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
ഹോട്ടലുകളിലും, ഫിറ്റ്നസ് സെന്ററുകളിലും, എന്റര്‍ടൈന്‍മെന്റ് കേന്ദ്രങ്ങളിലും വരുന്ന 5 മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിനേഷന് തെളിവ് ഹാജരാക്കേണ്ടിവരും. ഇതുവരെ 12 വയസ് മുതലുള്ള കുട്ടികള്‍ക്കാണ് ഇത് ബാധമാക്കിയിരുന്നത്.
നൂറ് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വാക്സിനേഷന് നിര്‍ബന്ധമാക്കിയ ബൈഡന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ന്യൂയോര്‍ക്കില്‍ വാക്സിനേഷന് മന്‍ഡേറ്റ് തുടരുമെന്നു മേയര്‍ പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news