സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാതായപ്പോള്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്ക് ട്രസ്റ്റും കല്യാണ്‍ ജ്വല്ലേഴ്സും മലബാര്‍ ഗോള്‍ഡും

തൃശൂർ: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങാൻ അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയില്‍ എത്തി, ബാങ്ക് വായ്പ ലഭിക്കില്ലെന്നറിഞ്ഞതോടെ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്ത തൃശൂര്‍ ഗാന്ധി നഗര്‍ സ്വദേശിയായ യുവാവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്ക് ട്രസ്റ്റും കല്യാണ്‍ ജ്വല്ലേഴ്സും മലബാര്‍ ഗോഡും രംഗത്ത്.

പെൺകുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവൻ സ്വര്‍ണ്ണാഭരണമാണ് കല്ല്യാണ്‍ ജ്വല്ലേഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മലബാര്‍ ഗോള്‍ഡാകട്ടേ മൂന്നു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നല്‍കുമെന്ന് പറഞ്ഞു. വിവാഹാവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നാണ് തൃശൂരിലെ മജ്‌ലിസ് പാർക്ക് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.

അതേസമയം പെൺകുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെൺകുട്ടിയുടെ പ്രതിശ്രുത വരൻ പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല. താന്‍ വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്നും, വിപിന്റെ മരണാനന്തര ചടങ്ങുകളും പുലയും അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് പറഞ്ഞു.

തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിനായി വിപിന്‍ ബാങ്കിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, മൂന്ന് സെന്റ് ഭൂമി മാത്രമുള്ളതിനാൽ എങ്ങുനിന്നും വായപ ലഭിച്ചില്ല. തുടർന്നാണ് പുതുതലമുറ ബാങ്കിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചത്. വായ്പ അനുവദിച്ചിട്ടുണ്ടെന്ന് ബാങ്കില്‍ നിന്ന് അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്നാണ് സ്വർണം വാങ്ങാൻ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ജ്വല്ലറിയിൽ പോയത്. ആഭരണങ്ങൾ എടുത്ത ശേഷം ഉടൻ പണവുമായി വരാമെന്ന് പറഞ്ഞ് വിപിൻ ബാങ്കിലേക്ക് പോയി.

എന്നാൽ, ബാങ്കിലെത്തിയ വിപിനെ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. ജ്വല്ലറിയിൽ ഏറെ നേരം കാത്തുനിന്ന ശേഷം അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന വിപിന് കൊവിഡ് കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായ അച്ഛൻ വാസു അഞ്ചുവർഷം മുമ്പ് മരിച്ചു. വിപിന്റെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം മാറ്റി വെച്ച വിവാഹം അടുത്ത ഞായറാഴ്ച നടത്താനിരിക്കെയാണ് ദാരുണമായ സംഭവം നടന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment