മോഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈലിന്റെയും മാതാപിതാക്കളുടേയും ജാമ്യ ഹര്‍ജി കോടതി തള്ളി

ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിന്റേയും മാതാപിതാക്കളുടേയും ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ഇവരുടെ ഹർജി ആലുവ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

മോഫിയയുടെ ആത്മഹത്യയിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും, പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും അവർ അവകാശപ്പെട്ടു. അതേസമയം, സുഹൈലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയമായി പരിശോധിച്ച് തെളിവുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് ഇന്നലെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മോഫിയ പർവീൺ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിനിരയായതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു.

40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സി എൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കൾ ഉയർത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

സ്ഥലത്തെ സിഐ ആയിരുന്ന സുധീറിനും കുടുംബത്തിനും ഭർത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ആത്മഹത്യാ കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. തുടർന്ന് മോഫിയ തന്റെ വീട്ടിലെത്തി ആലുവ പോലീസില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ പരാതി നൽകിയെങ്കിലും സിഐ മോശമായി പെരുമാറിയെന്നാണ് മോഫിയ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിഐയെ സസ്പെൻഡ് ചെയ്തിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment