ഖോർഫക്കാൻ ബീച്ച് കൂടുതൽ വിപുലീകരിക്കുന്നു; പദ്ധതികൾക്ക് തുടക്കം കുറിച്ച് ഷുറൂഖ്

പ്രകൃതിദത്തമായ കടൽക്കാഴ്ചകൾക്ക് പ്രശസ്തമായ ഖോർഫക്കാൻ തീരത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളാരംഭിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). കൂടുതൽ ഭക്ഷണശാലകൾ, വ്യായാമകേന്ദ്രം, ജലധാര എന്നിവയോടൊപ്പം കുട്ടികൾക്കായുള്ള കളിയിടങ്ങളും പുതിയതായി ഒരുക്കും. നിലവിൽ ഒന്നര കിലോമീറ്റർ നീണ്ടു നിൽക്കുന്ന ബീച്ചിലെ വിനോദസഞ്ചാര സൗകര്യങ്ങൾ, ഇതോടെ, രണ്ടര കിലോമീറ്ററാവും.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ, സന്ദർശകർക്കും ഷാർജ നിവാസികൾക്കും ഏറ്റവും മികച്ച വിനോദസഞ്ചാര സൗകര്യങ്ങളൊരുക്കണമെന്ന മാർ​ഗനിർദേശം പിന്തുടർന്നാണ് കൂടുതൽ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്ന് ഷുറൂഖ് പ്രൊജക്ട്സ് വിഭാ​ഗം ‍ഡയറക്ടർ ഖൗല സയിദ് അൽ ഹാഷ്മി പറഞ്ഞു.

“ഖോർഫക്കാനിലുള്ളവർ മാത്രമല്ല, യുഎഇയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരുടേയും വിനോദസഞ്ചാരികളുടെയുമെല്ലാം പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നാണ് ഖോർഫക്കാൻ തീരം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ വർധനവുണ്ടായിട്ടുണ്ട്. കൂടുതൽ വികസനപദ്ധതികളിലൂടെ, വന്നെത്തുന്ന സഞ്ചാരികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം മേഖലയിൽ നിരവധി നിക്ഷേപസാധ്യതകളുമൊരുക്കാനാവും” ഖൗല സയിദ് അൽ ഹാഷ്മി പറഞ്ഞു.

ഷുറൂഖിന്റെ നേതൃത്വത്തിൽ 95 മില്യൺ ദിർഹം ചെലവിട്ട് നവീകരിച്ച ഖോർഫക്കാൻ ബീച്ച് പദ്ധതിയുടെ ആദ്യഘട്ടം 2019 ഡിസംബറിലാണ് സന്ദർശകർക്കായി തുറന്നുകൊടുത്തത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയായിരുന്നു ഉദ്ഘാടനം ചെയ്തത്.

ബീച്ചിന്റെ തെക്കുഭാഗത്തെ തുറമുഖം തൊട്ട് റൗണ്ട് എബൗട്ട് വരെയുള്ള ആദ്യഘട്ടത്തിൽ ആംഫി തിേയറ്റർ, നടപ്പാതകൾ, കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങൾ, ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾ എന്നീ സൗകര്യങ്ങളുണ്ട്. കുടുംബസമേതം കാഴ്ചകൾ ആസ്വദിച്ചിരിക്കാനുള്ള പ്രത്യേക പിക്‌നിക് സ്പോട്ടുകൾ, റസ്റ്ററന്റുകൾ, കഫെ, ഇസ്‌ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലിൽ കുളിക്കുന്നവർക്കുള്ള വാഷ് റൂം സൗകര്യങ്ങൾ,ജോഗിങ്ങിനും സൈക്കിൾ യാത്രയ്ക്കുമായി പ്രത്യേക ട്രാക്കുകൾ എന്നിവയും ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിരുന്നു. ഒരേ സമയം 315 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

മലയാളികൾക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന ഇടം കൂടിയാണ് ഖോർഫക്കാൻ കടൽത്തീരം. പൊന്നുവിളയുന്ന ​ഗൾഫ് ഭൂമി തേടി പത്തേമാരികളിൽ വന്നിറങ്ങിയ പ്രവാസികളുടെ ആദ്യതലമുറയുടെ കഥകൾ ആരംഭിച്ചത് ഇവിടെനിന്നാണ്. പ്രവാസത്തിന്റെ കഥ പറഞ്ഞ എംടി വാസുദേവൻ നായരുടെ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’, സലിം അഹമ്മദിന്റെ ‘പത്തേമാരി’ തുടങ്ങിയ ചിത്രങ്ങൾ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്.

രണ്ടാംഘട്ട നവീകരണ പദ്ധതി അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും. ഷാർജ ന​ഗരത്തിൽ നിന്ന് 89 കിലോമീറ്റർ ദൂരത്തിലുള്ള ഖോർഫക്കാൻ തീരത്ത് ആഴ്ചാവസാനത്തിലും വിശേഷദിനങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറാറുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News