ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം ഡിസംബര്‍ 29-ന്

തൃശൂര്‍: ബാങ്ക് ലോൺ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത തൃശൂര്‍ കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം ഡിസംബര്‍ 29ന് രാവിലെ 8:30നും 9:30നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ച് നടത്തും.

വിവാഹത്തിന് സ്വർണം വാങ്ങാൻ വിപിൻ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ അത് ലഭിക്കാതെ വന്നതോടെ വിവാഹം മുടങ്ങുമോ എന്ന് ഭയന്ന് വിപിൻ വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം, വിവാഹത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിപിന്റെ സഹോദരി വിദ്യയെ വിവാഹം കഴിച്ചതിന് ശേഷം മാത്രമേ ഗള്‍ഫിലെ ജോലിയിൽ പ്രവേശിക്കൂ എന്നും പ്രതിശ്രുത വരൻ നിധിൻ പറഞ്ഞിരുന്നു.

കയ്പമംഗലം സ്വദേശിയും ഷാർജയിൽ എസി ടെക്‌നീഷ്യനുമായ നിധിനാണ് വിദ്യയുടെ വരൻ. വിവാഹം കഴിഞ്ഞ് ജനുവരിയിൽ നിധിൻ ഗള്‍ഫിലേക്ക് മടങ്ങും. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിദ്യ. വിവാഹത്തിന് ആഭരണങ്ങൾ വാങ്ങാൻ അമ്മയെയും സഹോദരിയെയും സ്വർണക്കടയിൽ കയറ്റിയ ശേഷം വായ്പയെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് പണം കിട്ടുകയില്ലെന്നറിഞ്ഞത്. മൂന്ന് സെന്റ് ഭൂമി മാത്രമാണുള്ളതെന്നും അതിനാൽ വായ്പ നൽകാൻ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്. ആ മനോവിഷമമാണ് വിപിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. അതേസമയം, വിപിന്റെ കുടുംബത്തിന് സഹായവുമായി നിരവധി സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News