അമ്മയല്ല! ഇത് വെറും ആമ (നിരീക്ഷണം): ജയൻ വർഗീസ്

അസോസിയേഷൻ ഓഫ് മലയാളം മൂവി ആക്ടേഴ്‌സ് എന്ന സംഘടനയുടെ ചുരുക്കപ്പേരായ ‘അമ്മ’, ആ വാക്കിന്റെ ആന്തരിക അര്‍ത്ഥം കൊണ്ട് തന്നെ അസാമാന്യമായ ഒരു മാന്യത നേടിയിരുന്നു. മൂന്നരക്കോടിയോളം വരുന്ന മലയാള സിനിമാസ്വാദകരുടെ മാനസ മൈനകളായ ഈ മാടമ്പിക്കുട്ടികൾക്ക് യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? സംഘടിച്ചു സമരം നടത്തി അവകാശങ്ങൾ പിടിച്ചെടുക്കേണ്ടി വരുന്ന തൊഴിലാളികൾ മാത്രമായിരുന്നോ ഇവർ? ആയിരുന്നുവെങ്കിൽ, ഇവരുടെ എംപ്ലോയർ ആരാണ്? നിർമ്മാതാവ് എന്ന് പറയാനാകില്ല. കാരണം, എത്രയോ കാലത്തിന്റെ കാലു നക്കലും, പുറം ചൊറിയലും നടത്തിയിട്ടാണ് ഓരോരുത്തരും ഒന്ന് തല കാണിക്കുവാനുള്ള ചാൻസുകൾ ഒപ്പിച്ചെടുത്തത് എന്നത് പലപ്പോഴും താരങ്ങളുടെ അഭിമുഖങ്ങളിൽ നിന്ന് തന്നെ പുറത്തു വരുന്നുണ്ട്. പിന്നെ പൊതുജനങ്ങളാണോ? അവരുടെ ആസ്വാദനശേഷിയുടെ ഔദാര്യത്തിലാണ് അഭിനേതാവിന്റെ മാത്രമല്ലാ, സംവിധായകന്റെയും, നിർമ്മാതാവിന്റെയും വരെ അന്തിക്കഞ്ഞി ഇരിക്കുന്നത് എന്നതിനാൽ അവിടെയും അവകാശ സമരത്തിന് പ്രസക്തിയില്ല എന്ന് കാണാം.

എങ്കിലും ചന്ദ്രികേ, സിനിമയല്ലേ ? താരത്തിളക്കത്തിൻ ലോകമല്ലേ ? നടക്കട്ടെ, നടക്കട്ടെ എന്ന് വച്ചൂ മലയാളികൾ. ആ പളപളപ്പൻ ഗ്ലാമറിന്റെ മാസ്മരികതയിൽ കണ്ണ് മഞ്ഞളിച്ചു പോയ മലയാളത്തിലെ ആസ്വാദക നപുംസകങ്ങൾ വാരിയെറിഞ്ഞു കൊടുത്ത നാണയ സമൃദ്ധിയിൽ ‘ഹെന്റമ്മോ’ എന്ന നിലയിൽ സംഘടന വളർന്നു പടർന്നു നിൽക്കുന്നതാണ് നാം കാണുന്നത്.

അതിമഹത്തായ അർത്ഥ വിശേഷങ്ങൾ ആഴ്ന്നു നിൽക്കുന്ന ‘അമ്മ’ എന്ന നാമം ഈ തരികിട സംഘടനക്ക് ചേരുകയില്ലെന്നും, വികൃതമായ തലയും വാലും നീട്ടി കട്ടിപ്പുറം തോടിന്റെ കനവും പേറി മന്ത് കാലുകളിൽ ഇഴഞ്ഞു നീങ്ങുന്ന കരയാമയുടെ കാൽപ്പനിക നാമം പോലും ഇവർക്കിടുന്നത് ‘യഥാർത്ഥ ആമ’ യ്‌ക്ക്‌ അപമാനകരമാണെങ്കിലും, സമ്പൂർണ്ണ നാമത്തിൽ നിന്ന് “മലയാളം “എടുത്തു മാറ്റിക്കൊണ്ട് (മലയാളത്തിൽ മാത്രമല്ലാ ഇവർ അഭിനയിക്കുന്നത് എന്നതിനാൽത്തന്നെ) ‘അസോസിയേഷൻ ഓഫ് മൂവി ആക്ടേഴ്‌സ് ‘ എന്നതിന്റെ ചുരുക്കപ്പേരായ “ആമ” (Ama) എന്ന് ഇക്കൂട്ടർക്ക് പുനർ നാമകരണം ചെയ്യുകയും, അതിനുള്ള കാരണങ്ങളിലേക്ക് ഒരു വിദൂര വീക്ഷണം നടത്തുവാൻ ശ്രമിക്കുകയുമാണ് ഞാൻ എന്നതിനാൽ ഇനിയുള്ള പരാമർശനങ്ങളിൽ “ആമ” എന്ന പേരിലായിരിക്കും ഇവർ സൂചിപ്പിക്കപ്പെടുക.

പരസ്‌പ്പരം കൊണ്ടും, കൊടുത്തും നിലനിൽക്കുന്ന ഒരു വലിയ മാർക്കറ്റാണ് സിനിമ. ഇതിലെ വില്പനക്കാരും, വാങ്ങലുകാരും ആ വ്യവസായത്തിനുള്ളിൽ തന്നെയുള്ളവരാണ്. കോടികളുടെ കറൻസികൾ നിർലോപം വലിച്ചെറിയുന്ന നിർമ്മാതാവ് മുതൽ താര മുഖങ്ങളിൽ പ്രകാശം വീഴ്‌ത്തുന്ന ലൈറ്റ് ബോയി വരെയുള്ളവർ തങ്ങളുടെ ചരക്കുകൾ വിൽക്കുകയും, മറ്റുള്ളവരുടെ ചരക്കുകൾ വാങ്ങുകയും ചെയ്യുന്നു. വലിയ കുഴപ്പം കൂടാതെ ഇതങ്ങിനെ നിർബാധം നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് നഗര മധ്യത്തിലെ ഒരു സ്വകാര്യ വാഹനത്തിനുള്ളിൽ നിന്ന് കരുത്തന്മാരായ കശ്‌മലന്മാരുട കൈകളിൽ അകപ്പെട്ടു പോയ ഒരു പാതിരാക്കിളിയുടെ നിലവിളിയുയരുന്നത്. കശ്‌മലന്മാർക്കും പറ്റിപ്പോയി ഒരബദ്ധം. ഇത് തങ്ങൾ സ്വമേധയാ ചെയ്യുന്നതല്ലെന്നും, ഇരുട്ടിൽ ഒരു ബോസ്സ് പതുങ്ങി നിൽക്കുന്നുണ്ടെന്നും അവരങ്ങു പറഞ്ഞു പോയി.

നമ്മുടെ കേരളാ പോലീസല്ലേ പാർട്ടി? അവര് വിടുമോ? ആലുവയിലെ അമ്പലപ്പറമ്പുകളിൽ മിമിക്രി എന്ന വിശ്വവിശ്വോത്തര വളിപ്പ് വിറ്റു നടന്നിരുന്ന ഒരു കക്ഷി സിനിമയിലെത്തി വലിയ ആളായതും, അഭിനയം, നിർമ്മാണം, വിതരണം, തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കി നമ്മുടെ പാതിരാക്കിളിപ്പെണ്ണിനെപ്പോലെ സിനിമയെ നിലവിളിപ്പിച്ചതും ഒക്കെ പോലീസ് തപ്പിയെടുത്തു. സമഗ്രമായ അന്വേഷണ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈമിന് കാരണമായ ഗൂഡാലോചനക്കുറ്റം ചുമത്തി ആശാനെ പിടിച്ചവർ അകത്തിട്ടു.

തങ്ങളുടെ വീരപ്പനെ പിടിച്ചെങ്കിൽ, അതിലും വലിയ കാട്ടു വീരപ്പന്മാരായ തങ്ങളും അകത്താകുമല്ലോ, ഇടികൊള്ളുമല്ലോ എന്ന് ഭയന്നിട്ടാവണം, ആമയിലെ അംഗ പുംഗവന്മാർ നടുങ്ങി. ലോകത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത ഒരു വിചിത്ര പ്രസ്താവന ആമയുടേതായി പുറത്തു വന്നു: “ഞങ്ങൾ ഇരയുടെ കൂടെത്തന്നെയാണ്. പക്ഷെ, വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുന്നു.” ഇരയും, വേട്ടക്കാരനും തങ്ങളുടെ പേര് പറയാതിരിക്കുവാനുള്ള ഒരു തരികിട ‘മലഞ്ചാഴി ‘ തന്ത്രം ആയിരുന്നു ഇതെന്നും, ഇതിനോടകം ഇത്തരികിട മലഞ്ചാഴികളുടെ മാനിഫെസ്റ്റോ ആയി മാറിക്കഴിഞ്ഞു എന്നും നാം കണ്ടു കഴിഞ്ഞു. ഇതിനു തെളിവായി ചൂണ്ടിക്കാട്ടാൻ തന്റെ പെണ്ണാടുകളെ മേയ്ക്കാനായി ഇന്ത്യയുടെ വടക്കേ അറ്റത്തു നിന്ന് തെക്കേ അറ്റത്തു പറന്നിറങ്ങിയ ഒരു വലിയ ഇടയന് വേണ്ടി കത്തോലിക്കാ മെത്രാന്മാർ ഇറക്കിയ പ്രസ്താവനയും, നിലപാടുകളും നമുക്ക് മുന്നിൽ തന്നെയുണ്ടല്ലോ ?

പഠിച്ചോളൂ, ചന്ദ്രനിൽ വരെ ചായക്കട നടത്താൻ പോയി കാശുണ്ടാക്കിയാൽ മാത്രം പോരാ, ജീവിക്കാനുള്ള അടവുകളും അറിഞ്ഞിരിക്കണം. ഇടതുപക്ഷ പാർട്ടികളുടെ ഉന്തും, തള്ളും ഏറ്റുവാങ്ങി നിയമ സഭയിലെ എം.എൽ.എ കസേരകളിൽ എത്തിപ്പെട്ട സിനിമാ- രാഷ്ട്രീയ സങ്കര വർഗ്ഗത്തിൽ പെട്ട രണ്ടു മഹാന്മാരായിരുന്നല്ലോ ഏറ്റവും ഉച്ചത്തിൽ ഓലിയിട്ടത് എന്നതിനാൽ, ഇടതു പക്ഷക്കാർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലല്ലോ ?

അല്ല, ലവനെയൊക്കെ പൊക്കിക്കൊണ്ട് നടക്കേണ്ടി വരുന്ന, അന്തസ്സും, ധാർമ്മിക അവബോധവുമുള്ള സാധാരണ മലയാളിയുടെ ഗതികേടാണ്‌ ഏറെ കഷ്ടം. നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെട്ടുപോകും എന്നാണോ നിങ്ങളുടെ ഭയം? ശരിയാണ്, സമ്മതിക്കുന്നു. നിങ്ങൾ പീഡിപ്പിക്കപ്പെട്ടേക്കാം. പക്ഷെ, എത്ര കാലം സ്വന്തം നട്ടെല്ല് വളച്ചു കൊണ്ട് നിങ്ങൾ പിടിച്ചു നിൽക്കും ? ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് നട്ടെല്ല് നിവർത്തി നിന്ന് കൊണ്ട് തന്നെ പ്രതികരിക്കേണ്ടി വരും. ഇക്കാലമത്രയും നമ്മൾ വളച്ചു കൊടുത്ത നമ്മുടെ നട്ടെല്ലിൽ ചവിട്ടിക്കയറിയിട്ടാണ്, മത, രാഷ്ട്രീയ, കോർപറേറ്റ് തീവ്രവാദികൾ നമ്മുടെ ജീവിതത്തിൽ നിരങ്ങി നമ്മുടെ ജീവിതം ദുസ്സഹമാക്കിത്തീർത്തത് എന്ന് നമ്മൾ തിരിച്ചറിയണം. നിങ്ങൾ ഒറ്റയ്‌ക്കാണെന്നു കരുതേണ്ട. സ്വയം മനസിലാക്കേണ്ടി വരുന്ന ഒരു ന്യൂനപക്ഷമെങ്കിലും നിങ്ങളുടെ കൂടെയുണ്ട് എന്ന തിരിച്ചറിവിൽ നമുക്ക് ശക്തിയാർജ്ജിക്കാൻ കഴിയും, കഴിയണം!

മനുഷ്യാവസ്ഥയുടെ മാനസിക ഭാവങ്ങളെ തഴുകിയുണർത്തുന്ന സർഗ്ഗ സംവാദങ്ങളിൽ നിന്ന് ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കഴിഞ്ഞ നൂറ്റാണ്ട് ഉരുത്തിരിയിച്ചെടുത്ത വൈപ്ളവിക മുന്നേറ്റമായിരുന്നു സിനിമ. ശാസ്ത്രവും, കലയും, സാഹിത്യവും, കച്ചവടവും സമന്വയിച്ച ഈ കുതിച്ചു ചാട്ടത്തിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുകയും, അവന്റെ ജീവിത കാമനകളുടെ വരണ്ട നിലങ്ങളിൽ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും തേനുറവകൾ ഉയിർക്കൊള്ളിക്കുവാൻ ഈ മാധ്യമത്തിനു സാധിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു ഒരു പരിധി വരെയെങ്കിലും.

ലോകത്താകമാനമുള്ള സിനിമാ പ്രവർത്തകരിൽ നിന്ന് കലാ മൂല്യവും, ജീവിത ഗന്ധവുമുള്ള നൂറു കണക്കായ ചലച്ചിത്ര കാവ്യങ്ങൾ പിറന്നു വീണതും, അവകൾ അതാതു നാടുകളിലെ മനുഷ്യാവസ്ഥക്കു മഹത്തായ മാനങ്ങൾ നൽകിയതും ആർക്കും നിഷേധിക്കാനാവാത്ത ചരിത്ര സത്യങ്ങളാണ്. മലയാള സിനിമക്കും അവഗണിക്കാനാവാത്ത ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പ്രതിഭാശാലികളായ ചലച്ചിത്ര പ്രവർത്തകരുടെ മാനസപുത്രികളായി പിറന്നുവീണ കുറച്ചെങ്കിലും മനോഹര സിനിമകളുണ്ട്. അവയുടെ വിദൂര സ്മരണകളിൽപ്പോലും ഇന്നും മലയാളികൾ ഹർഷ പുളകിതരാവാറുമുണ്ട് !

1970 കളിലും, 80 കളിലും തൃശൂരിലെയും, തിരുവനന്തപുരത്തെയും അക്കാദമിക് നാടക ദൈവങ്ങൾ എഴുന്നള്ളിച്ചു കൊണ്ട് വന്ന ‘തനതു നാടകവേദി’ പ്രസ്ഥാനത്തിന്റെ കുത്തൊഴുക്കിൽ തകർന്നുപോയ അമേച്വർ നാടകവേദിയുടെ ഒരു രക്ത സാക്ഷിയാണ് ഞാനും എന്നതിനാൽത്തന്നെ, “വണ്ടേ, നീ ചാവുന്നു, വിളക്കും കെടുത്തുന്നു” എന്ന പ്രമാണത്തിൽ തനതു നാടക വേദി തകർന്നടിഞ്ഞത് നമുക്കറിയാം.

ഇരുണ്ട ഗോത്ര സംസ്കാരങ്ങളുടെ കാലത്തെന്നോ മരിച്ചു മണ്ണടിഞ്ഞ പുരാതന കലാരൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ തോണ്ടി പുറത്തെടുത്തു കൊണ്ടുവന്ന് അവർ നടത്തിയ പ്രകടനങ്ങളെ കാർക്കിച്ചു തുപ്പി അവഗണിച്ചു കൊണ്ട് പ്രേക്ഷകൻ തീയറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. ആശയ വിസ്‌ഫോടനങ്ങളുടെ അഗ്നി ജ്വാലകൾ സൃഷ്ടിച്ച അമേച്വർ നാടക വേദിയുടെ മുന്നേറ്റം അക്കാദമിക് അധികാരത്തിന്റെയും, ഖജനാവിലെ പണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് അവർ തടഞ്ഞു. ഫലമോ? നൂറ്റാണ്ടുകളുടെ ചരിത്ര സംസ്കൃതിയിലൂടെ ഉരുത്തിരിഞ്ഞ മലയാള നാടക വേദി എന്ന മഹാ വടവൃക്ഷത്തിന്റെ പതനം! മലയാള നാടക വേദിയുടെ മരണം !! ഈ മരണം മലയാളത്തിന് സമ്മാനിച്ചവരെ മഹാരഥന്മാരായി ഇന്നും മാധ്യമങ്ങൾ വാഴ്‌ത്തിപ്പാടുന്നുണ്ട്. എല്ലാവരും മരിച്ചുപോയി. പേരുകൾ പറയാൻ വിഷമമുണ്ട്, എങ്കിലും ഒരാവശ്യം വന്നാൽ പറയാതിരിക്കാനാവുന്നുമില്ല.

പുരാതനങ്ങളായ കലാരൂപങ്ങളെ തള്ളിപ്പറയുവാനല്ലാ ഈ ശ്രമം. അവകളുടെ കാലിക പ്രസക്തി എന്നേ നഷ്ടപ്പെട്ടത് കൊണ്ടായിരുന്നുവല്ലോ അവകൾ മണ്ണടിഞ്ഞത്. അവകളെ തോണ്ടി പുറത്തിടുമ്പോൾ പുത്തൻ കാലഘട്ടത്തിന് നാറാതിരിക്കുവാനുള്ള കാലിക പരിഷ്‌കരണത്തിന്റെ സുഗന്ധ വർഗ്ഗങ്ങൾ അതിൽ പൂശേണ്ടിയിരുന്നു എന്ന് ആ മഹാരഥന്മാർ മറന്നു പോയി. ഫലമോ? അവരും, അവരുടെ നാടക കോലങ്ങളും ആർക്കും വേണ്ടാതെ ജീവിത ധാരയുടെ വളരേ വളരേ പിറകിൽ ആരോ കൊടുത്ത അവാർഡും കെട്ടിപ്പിടിച്ചു നിത്യമായി ഉറങ്ങുന്നു!

നാടക രംഗത്തെ നശിപ്പിച്ചു കളഞ്ഞ ഈ അപചയം സിനിമാ രംഗത്തും വേരുകളിറക്കാൻ തുടങ്ങിയതോടെ തീയറ്ററുകളിൽ നിന്ന് ജനം നിരാശയോടെ തിരിഞ്ഞു നടന്നു. പ്രേക്ഷകരിലെ മഹാ ഭൂരിപക്ഷം വരുന്ന സ്ത്രീ ജനങ്ങളുടെ മൃദുല വികാരങ്ങളെ ഇക്കിളിപ്പടുത്തിക്കൊണ്ടു മെഗാ സീരിയലുകൾ സ്വർണ്ണത്തിരകളിൽ കരച്ചിലിന് പുത്തൻ മാനങ്ങൾ തീർത്തപ്പോൾ, കണ്ണീർപ്പുഴകളിൽ മുങ്ങിത്താഴുന്ന ചുണ്ണാമ്പ് നായികമാരെ ഹൃദയത്തിൽ സംവദിച്ച്‌ കരഞ്ഞു വിളിച്ചു വീട്ടിൽത്തന്നെ കൂടിയ വീട്ടമ്മമാരിൽ നിന്ന് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഭർത്താക്കന്മാർ നടന്നകന്നു (സ്ത്രീ പീഡനങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ കുപ്രസിദ്ധി ആർജ്ജിക്കുന്ന പുത്തൻ ഭാരതത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നത് ഈ സാംസ്ക്കാരിക തകർച്ചയിൽ നിന്നായിരുന്നു എന്നത് ആരറിയുന്നു).

വിട്ടുപോയ പ്രേക്ഷകനെ തിരികെ തീയറ്ററിൽ എത്തിക്കുന്നതിനുള്ള സൂത്ര വിദ്യകൾ തേടി സിനിമാ വ്യവസായികൾ അലയുമ്പോൾ അപ്രതീക്ഷിതമായി അവരുടെ കാലിൽ തടഞ്ഞ കനകക്കുടമായിരുന്നു ഇളിപ്പ് എന്ന മിമിക്രി. കലാഭവൻ അച്ഛൻ കാശ് കൊടുത്ത് ഇളിപ്പിച്ചവർ പിൽക്കാലത്തു മലയാളത്തിലെ സൂപ്പറും മെഗായുമൊക്കെയായി വളർന്നത് ഇങ്ങിനെയാണ്. മറ്റു ഗതിയില്ലാതിരുന്ന മലയാളത്തിലെ പ്രേക്ഷകൻ വെറുതേ രണ്ടര മണിക്കൂർ തീയറ്ററിലിരുന്ന് ഇളിച്ചു നോക്കിയെങ്കിലും അവരെ അവിടെയും പിടിച്ചു നിർത്താനായില്ല.

ഇളിപ്പ് എന്ന ഈ വളിപ്പ് കൊണ്ട് മാത്രം ഇനിയും അധിക കാലം പ്രേക്ഷകനെ പിടിച്ചു നിർത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ സിനിമാക്കാർ ഒരു പുതിയ ഇര കൂടി ഇറക്കിക്കൊടുത്തു : “കുലുക്ക് ” ടീനേജ് കഴിയാത്ത തുടുത്ത യൗവനങ്ങൾ അവരുടെ മുഴുത്ത അവയവങ്ങൾ കുലുക്കിയാടുമ്പോൾ, “ലച്ചാവതിയേ” എന്ന് പാടി കാലു പൊക്കിക്കളിക്കുമ്പോൾ വിവരം കെട്ട കുറെ പ്രേക്ഷകരെങ്കിലും തീയറ്ററുകളിലേക്ക് ഇടിച്ചു കയറി അർമ്മാദിച്ചു. സ്വയം അടിച്ചു പൊളിച്ചും, സമകാലീന സാമൂഹ്യാവസ്ഥയുടെ നീതി ബോധത്തെയും, ധാർമ്മിക മൂല്യങ്ങളെയുംചവിട്ടി മെതിച്ചും കാട്ടു കാളയെപ്പോലെ മുക്രയിട്ടോടുകയായിരുന്നു നമ്മുടെ മലയാള സിനിമ (എങ്കിലും, ഈ വെല്ലുവിളികളെ അതിജീവിച്ച് കലാ മൂല്യമുള്ള ചുരുക്കം ചിത്രങ്ങളെങ്കിലും സമ്മാനിച്ച പ്രതിഭാ ശാലികളായ സിനിമാ പ്രവർത്തകരെ ഇവിടെ സ്മരിക്കുന്നു; അഭിവാദനങ്ങൾ അർപ്പിക്കുന്നു !).

ഇതൊക്കെ ചെയ്തിട്ടും ലാഭകരമായ ഒരു വ്യവസായം എന്ന നിലയിൽ സിനിമക്ക് പിടിച്ചു നിൽക്കാനായില്ല. ലാഭം കൊയ്യാനിറങ്ങിയ വ്യവസായികൾ മുതൽ കലാസ്നേഹം കൊണ്ട് കാശ് മുടക്കിയവർ വരെ കൈ പൊള്ളി കരക്ക്‌ കയറുകയാണുണ്ടായത്. ഇളിപ്പുകൊണ്ടും കുലുക്ക് കൊണ്ടും പ്രശസ്തരായിത്തീർന്ന നടീനടന്മാർ തങ്ങളുടെ പ്രതിഫലക്കൊടി എവറസ്റ്റിന്റെ നിറുകയിൽ കുത്തിയതും, ഈ ഇളിപ്പും കുലുക്കും കാണാൻ നിലവാരമുള്ള പ്രേക്ഷകൻ അത്രക്കങ്ങു തീയറ്ററുകളിലേക്ക് എത്താതിരുന്നതും സിനിമാ വ്യവസായത്തിന്റെ തകർച്ചക്കും കാരണമായിത്തീർന്നു.

ഈ അവസ്ഥയിൽ പണമിറക്കുന്ന നിർമ്മാതാക്കളുടെ സംഘടന കുറെ നിബന്ധനകളുമായി മുന്നോട്ടു വന്നു. വെള്ളിത്തിരയുടെ വർണ്ണ ലോകത്തു നിന്നും ഈ സ്വർണ്ണ നക്ഷത്രങ്ങൾ പുറത്തു പോയി ആടരുത് എന്നതായിരുന്നു ഒരു നിർദ്ദേശം. വർണ്ണ മേക്കപ്പും, സ്വർണ്ണ കോസ്റ്റ്യൂംസുമായി വെള്ളിത്തിര നിറഞ്ഞു നിൽക്കുന്ന ഈ അഭിനവ അപ്സരസ്സുകളും, ഗന്ധർവ കേസരികളും തങ്ങളുടെ സാക്ഷാൽ രൂപത്തിൽ സ്റ്റേജ് ഷോകളിൽ പ്രകത്യക്ഷപ്പെട്ടാൽ, ആരാധകരും, മാധ്യമങ്ങളും തുന്നിയണിയിച്ച ഇമേജിന്റെ ഇല്ലാക്കുപ്പായം അഴിഞ്ഞു വീഴുമെന്നും, “ഇത് തങ്ങളിലൊരാളായിരുന്ന പീറപ്പെണ്ണാണല്ലോ” അല്ലെങ്കിൽ “ചെക്കനാണല്ലോ” എന്ന തിരിച്ചറിവിൽ പ്രേക്ഷകൻ പിന്നെ തീയറ്ററുകളിലെത്തുകയില്ല എന്നതായിരുന്നു നിർമ്മാതാക്കളുടെ വാദം.

തലക്കന ഭാരത്താൽ തങ്ങളെത്തന്നെ മറന്നുപോയ നക്ഷത്ര ചക്രവർത്തിമാരും, പട്ടമഹിഷികളും നില മറന്നുചാടി. തങ്ങളുടെ സംഘടനയായ ‘അമ്മ’ എന്ന് അവർ വിളിക്കുന്ന പൊതുജന ഭാഷയിലെ “ആമ” താരങ്ങൾക്കു വേണ്ടി രംഗത്തു വന്നതോടെ ആമയുടെ പ്രസക്തി വർധിക്കുകയും, കോടികൾ കൊയ്യുന്ന സൂപ്പർ – മെഗാ ചക്രവർത്തികൾ മുതൽ അഞ്ഞൂറ് രൂപാ ദിവസക്കൂലി വാങ്ങുന്ന ഫീൽഡ് എക്സ്ട്രാകൾ വരെ ഒരു കോർമ്പലായി നിലയുറപ്പിക്കുകയും ചെയ്തു. സംഘടനാ തലത്തിൽ തങ്ങളെ തോൽപ്പിക്കുവാൻ ലോകത്താരുമില്ലെന്നു വീമ്പിളക്കി നടക്കുമ്പോളാണ്, ‘ഇര‘ യെന്നു പത്രക്കാർ വിളിക്കുന്ന പെൺകുട്ടിയെ തെരുവ് പട്ടികൾക്ക് എറിഞ്ഞു കൊടുത്തതിന്റെ ഉത്തരവാദിത്വം ആമയുടെ ഒരു ഔദ്യോഗിക ഭാരവാഹിയുടെ തലയിൽ വീഴുന്നതും, അസ്സലായി അയാൾ മൂന്നു മാസം ഗോതമ്പുണ്ട തിന്നുന്നതും.

“ഞങ്ങൾ ഇരയുടെ കൂടെത്തന്നെ നിൽക്കുന്നു; വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുന്നൂ” എന്ന വിശ്വവിഖ്യാത മലഞ്ചാഴി സൂക്തം കേരളം ലോകത്തിനു സമ്മാനിച്ച മഹത്തായ സാഹചര്യം ഇതായിരുന്നു. ആര് ആരെ കൊന്നാലോ! ബലാത്സംഗം ചെയ്താലോ ഇനി മലഞ്ചാഴിക്കു പറഞ്ഞു നിൽക്കാൻ ഈ മഹത്തായ ആമസൂക്തമുള്ളതു കൊണ്ട് ഇനി പേടിക്കാനേയില്ല. “ഞങ്ങൾ ഇരയുടെ കൂടെ നിൽക്കുന്നു; വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുന്നു” കേരളം വളരുന്നു പശ്ചിമ ഘട്ടങ്ങളെ കെറിയും കടന്നും ചെന്നന്യമാം ദേശങ്ങളിൽ” !!

ഒരു കൈ ആമയുടെ തോളിൽ മുറുക്കെപ്പിടിച്ചു കൊണ്ടും, മറു കൈ കൊണ്ട് നിർമ്മാതാവിന്റെ ആസനം തടവിക്കൊടുത്തു കൊണ്ടും സ്വന്തം സീറ്റ് ഉറപ്പിക്കുന്ന താര പുംഗവന്മാരെയും, പുംഗവത്തികളെയും ആമയുടെ അകത്തളങ്ങളിൽ ധാരാളമായി നമുക്ക് കാണാം. കാശ് കിട്ടാമെന്ന് വച്ചാൽ ആമയെയല്ലാ, ആമയുടെ ഭർത്താവായ അപ്പാനെ വരെ പുറം കാൽ മടക്കി അടിക്കുമെന്ന് ഈ ഖലാഹാരന്മാരും, ഖലാഹാരത്തികളും പരസ്യമായി തെളിയിച്ചു കൊണ്ടിരിക്കുന്നു.

അതിലൊന്നായിരുന്നു കേരളം ഇന്നുമൊരു വെള്ളരിക്കാപ്പട്ടണമാണെന്ന് തെളിയിച്ചു കൊണ്ടുള്ള രണ്ടു താര വൃദ്ധരുടെ സമീപകാല പത്ര സമ്മേളനം. ലിംഗാസമത്വത്തിന്റെ ബെർലിൻ മതിലുകൾ പൊളിച്ചെറിഞ്ഞു കൊണ്ട് ലോകം പ്രകാശമാനമായ അടുത്ത നൂറ്റാണ്ടിലേക്ക് കുതിക്കുമ്പോൾ, ഫ്യുഡൽ തെമ്മാടികളുടെ അന്തപ്പുരങ്ങൾക്ക് ആളെ കൂട്ടുന്ന തെരുവ് പിമ്പായി ആ താരത്തള്ള അധഃപതിക്കുന്ന ദയനീയ ചിത്രമാണ് ആ പത്രസമ്മേളനത്തിലൂടെ ലോകം കണ്ടത്. അവർ പ്രകടിപ്പിച്ചത് അവരുടെ സംസ്‌ക്കാരമാണെങ്കിൽ അവരെ വെറുതേ വിടാമായിരുന്നു. പക്ഷെ, അപ്പോളവർ കേരളത്തിലെ നികുതിദായകർ വിയർപ്പൊഴുക്കി നില നിർത്തുന്ന “കേരള സംഗീത നാടക അക്കാദമി” യുടെ സാരഥ്യം വഹിക്കുന്ന ചെയർ പേഴ്സണായിരുന്നു എന്നതിലാണ് പ്രസക്തി.

മഹാനായ വൈക്കം ചന്ദ്രശേഖരൻ നായരെപ്പോലുള്ള മഹാരഥന്മാർ മഹനീയമായി കാത്തുസൂക്ഷിച്ചിരുന്ന ഒരു വലിയ കസേരയിലാണ് അവർ ഇരിക്കുന്നത് എന്ന് അവർ മറന്നാലും, എനിക്കവരെ ഓർമ്മിപ്പിക്കേണ്ടി വരുന്നു. എന്ത് കൊണ്ടെന്നാൽ ഒരു ഗുരുകുലത്തിന്റെ വിശുദ്ധിയോടെ കേരള സംഗീത നാടക അക്കാദമിയും, അതിന്റെ ആസ്ഥാനമായ മോഡൽ റീജിയണൽ തീയേറ്ററും കാത്തുസൂക്ഷിക്കപ്പെട്ടിരുന്ന ഒരു കാലത്ത് മൂന്നു വർഷത്തിനിടയിൽ നടന്ന രണ്ടു സംസ്ഥാന നാടക മത്സരങ്ങളിൽ ഞാനെഴുതിയ “അസ്ത്രം” , “ആലയം താവളം” എന്നീ നാടകങ്ങൾ അവതരിപ്പിച്ചു കൊണ്ട് പങ്കെടുക്കുവാനും, ഗുരുതുല്യനായിരുന്ന ശ്രീ വൈക്കം ചന്ദ്രശേഖരൻ നായരിൽ നിന്ന് ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉൾപ്പടെ രണ്ടു തവണയായി രണ്ട് അവാർഡുകൾ ഏറ്റുവാങ്ങുവാനും അവസരം ലഭിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ ഇത് പറയേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നത് കൊണ്ടാണ്, മഹത്തായ ആ സ്ഥാനത്തു നിന്ന് അവർ ഇറങ്ങിപ്പോവുകയോ, അല്ലെങ്കിൽ അവർ ആക്ഷേപിച്ച കേരളീയ സ്ത്രീത്വത്തോട് പരസ്യമായി മാപ്പു പറയുകയോ ചെയ്യണമെന്ന് അന്നേ ഞാൻ അതിശക്തമായി ആവശ്യപ്പെടുന്നത്.

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടും, പ്രണയമെന്ന പഞ്ചാര പുരട്ടിയ സ്ത്രീ പീഠനങ്ങളാൽ സിനിമയെ നശിപ്പിച്ചും, പത്രത്താളുകളിലെ പരസ്യ പ്രതികരണങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചും, മുഖത്തു മുണ്ടിട്ടു നടക്കുന്ന ഈതരികിട താര സംഘടനയെ അന്തസുള്ള മലയാളികൾ ഇനി ‘അമ്മ’ എന്ന് വിളിക്കില്ല. അത് എന്റെയും, നിങ്ങളുടെയും അമ്മക്ക് അപമാനകരമാണ്. തലക്കനത്തിന്റെ കടുംതോടും പേറി ഇഴയുന്ന അഹങ്കാരത്തിന്റെ ഈ ആൾരൂപങ്ങളെ നമുക്ക് അവർക്ക് ചേരുന്ന ഒരു പേര് തന്നെ നൽകി ആദരിക്കാം “ആമ” വെറും, വെറും”ആമ” ( യഥാർത്ഥ ആമകളുടെ സൽപ്പേരിന് ഇതുമൂലം കളങ്കം വരുന്നുവെങ്കിൽ അവർ നമ്മളോട് ക്ഷമിക്കട്ടെ! )

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News