കഷ്ടകാലം വരുമ്പം…..! (നര്‍മ്മം): ജോണ്‍ ഇളമത

അങ്ങനെ ഒരു കഷ്ടകാലത്ത് അതു സംഭവിച്ചു. കാര്യം പറയാമല്ലോ. എനിക്കൊരൊറ്റ അമ്മാച്ചനേ ഒള്ളൂ, കുര്യാക്കോച്ചായന്‍. കുര്യാക്കോച്ചായന്‍. എക്‌സ് മിലിറ്ററിയാണ്. വളിച്ച അശ്ശീല ചൊവയുള്ള ഫലിതം പൂള്ളീടെ കൂടെപ്പിറപ്പാണ്. ക്വാറ്റാ മിലിട്ടറി കുതിര റം അടിച്ചു കഴിഞ്ഞാല്‍ അതിന്റെ അതിര് ചെലപ്പം അപ്പറോം പോകും. അങ്ങനെഒള്ള കുര്യാക്കോച്ചായന്‍ സദാ വേദനയൊള്ള പെമ്പ്രന്നോരത്തി പെണ്ണമ്മേം കൂട്ടി ഹൂസ്റ്റണിലെത്തി. കെട്ടിച്ചയച്ച ഏക മകള്‍ കുട്ടിയമ്മേ വിസിറ്റു ചെയ്യാന്‍. അവര് ക്ഷണിച്ചിട്ട് ചെന്നതാ. എന്നാല്‍ എന്തു ചെയ്യാം! അവിടെ മകള്‍ നേഴ്‌സ് കുട്ടിയമ്മേം, ഭര്‍ത്താവ് അഡ്വക്കേറ്റ് ഔസേപ്പച്ചനും ഈ അടുത്ത കാലത്ത് മതം മാറീരിക്കുന്നു. സത്യവിശ്വാസ സഭേല്‍. എതാ സത്യവിശ്വാസ സഭയെന്ന് കുര്യാക്കോച്ചായന് ഒരു പിടീം ഇല്ല. കുര്യാക്കോച്ചായന് ഒന്നറിയാം, കള്ളും, പോര്‍ക്കെറച്ചീം തിന്നാനും, കുടിക്കാനും വരോധമില്ലാത്ത സുറിയാനി പാരമ്പര്യത്തിലാണ് താന്‍ ജനിച്ചതെന്നും, അതനുഭവിക്കാനുള്ള അസുലഭ ഭാഗ്യം എന്നെന്നും തനിക്ക് ജീവിതത്തിലുണ്ടെന്നും. പക്ഷേ, മകള്‍ കുട്ടിയമ്മ അപ്പന്‍ കുര്യക്കോസിന് കടുകട്ടിയിലൊരു താക്കീതു നല്‍കി.

“മദ്യപാനി സ്വഗ്ഗരാജ്യത്ത് പ്രവേശിക്കില്ല!”

കാരണം മറ്റൊന്നുമല്ല, വൈകിട്ട് മൂന്നാല് റം വീശി കൊണ്ടിരുന്ന കുര്യാക്കോസ് നാട്ടില്‍ വരുമ്പോള്‍ കമ്പനി കൂടികൊണ്ടിരുന്ന മരുമകന്‍ അഡ്വക്കേറ്റ് ഔസേപ്പച്ചനോട് ഒന്നു ചോദിച്ചു പോയി, വൈകിട്ട് നമ്മളേതു ബ്രാന്‍ഡാ കഴിക്കുന്നേ!! മോനേ ഔസേപ്പച്ചാ, കഴിഞ്ഞ തവണ നാട്ടി വന്നപ്പം നമ്മളു കുടിച്ച വിഎസൊപ്പി ബ്രാന്‍ഡി മതി, നല്ല കിക്കാ, നേരം വെളുത്താലും തലക്കടിക്കില്ല. ങാ, റമ്മിന് അങ്ങനൊരു കൊഴപ്പോണ്ട്, നേരം വെളുത്താലും നഞ്ചുതിന്ന കൊരങ്ങിനെപ്പോലെ ഒരു ഫീലിങ് ആരിക്കും.

കേട്ടതുപാതി കേള്‍ക്കാത്തതു പാതി, സ്വന്തം ഏകമകള്‍ കുട്ടിയമ്മ ഉറഞ്ഞുതുള്ളി ഒരു തീക്കീത് – ഔസേപ്പച്ചന്‍ കുടി നിര്‍ത്തി, ബൈബിളിലെന്തോന്നാ പറഞ്ഞിരിക്കുന്നെ. മദ്യപാനി സ്വര്‍ഗ്ഗരാജ്യത്ത് പോകില്ലെന്ന്. കള്ളും കുടിച്ച്, പെണ്ണും പിടിച്ച്, കൊറെ നേര്‍ച്ചേമിട്ട്, അവസാന കാലത്ത് നിത്യം പള്ളീലും പോയി, സ്വര്‍ഗ്ഗരാജ്യത്തിലേക്കൊരു കുറുക്കുവഴിയോ, അതു നടക്കില്ല അച്ചായാ!

മതിയായി, അവടെ ഫിലോസഫി. ഇവളേത് സത്യവിശ്വാസ സഭേലാ മരുമോനെ മാനിപ്പുലേറ്റ് ചെയ്ത് അവന്റെ ജീവിതോം കഴുവേറ്റിയത്. നാട്ടിലാരുന്നെ ഇവക്കിട്ട് നാല്‌ പെട പെടക്കാരുന്നു. ഇതിപ്പം ഇവിടെ ഹ്യൂസ്റ്റനാ, വാപൊളിച്ചാ വിര്‍ബല്‍ അബ്യൂസ്, കൈയ്യെടുത്തു പ്രയോഗിച്ചാ സെക്ഷ്വല്‍ അബ്യൂസ്! പോലീസ് വെലങ്ങ് വെക്കും. എന്തോന്ന് ചെയ്യും? ഏതു പാഷാണമാ ഇവളെ കുപ്പീലെറക്കി മരുമോന്‍ ഔസേപ്പച്ചന്റെ ആപ്പീസ് പൂട്ടിച്ചെന്ന് ദേഷ്യം വന്ന് മൂത്തപ്പം കുര്യാക്കോസ് ഭാര്യയോട് പറഞ്ഞു…

“പെട്ടി കെട്ടടീ പെണ്ണമ്മെ, നമുക്ക് പെങ്ങടെ മോന്‍ ചെക്കന്റെ വീട്ടിലോട്ട് നേരെ പോകാം. അവന്‍ ഡാളസിലല്ലിയോ. മുന്നാലു മണിക്കൂറ് കാറേ പോകാനൊള്ള ദൂരമേ ഒള്ളൂ. എപ്പം വിളിച്ചാലും അവം വന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞിട്ടൊണ്ടല്ലോ. നിന്റെ മോള്‍ക്ക് ദര്‍ശനം കട്ടീരിക്കുന്നു. ഞാനൊരു പാപിയാന്ന്, കള്ളുകുടിയന്‍, പോക്രി!”

അങ്ങനെ കുര്യാക്കോച്ചായന്‍ പെട്ടന്നെന്നെ വിളിച്ചുവരുത്തി, പിക്ക് ചെയ്യാന്‍. അച്ചായനവിടെ കംഫ്രട്ടബിളല്ലെന്ന്. ഞാം ചെന്ന് ഇങ്ങു കൂട്ടികൊണ്ട് പോരുകേം ചെയതു. ഇവിടെ അച്ചായന് കുശാലാരുന്നു. ബ്രാന്‍ഡിക്കു ബ്രാന്‍ഡി, റമ്മിനു റമ്മി. പോരാഞ്ഞ് എന്റെ ഭാര്യേടെ പരല് പറ്റിച്ചത്, കക്കാ ഫ്രൈ, ഞണ്ടുകറി, ബീഫ് ഫ്രൈ, മട്ടന്‍ ചാപ്‌സ്.. അച്ചായന്‍ മതിമറന്ന് കഴിച്ചു കുടിച്ച് എന്‍ജോയ്‌ ചെയ്തു. അങ്ങനെ ഇരിക്കവേ ആണ് അത് സംഭവിച്ചത്. സദാ വേദനക്കാരിയായ എന്റെ അമ്മായി പെണ്ണമ്മ വെളുപ്പിന് അഞ്ചു മണിക്ക് ഞെട്ടി ഉണര്‍ന്ന് ഉണര്‍ത്തിച്ചു…

“അയ്യോ! പല്ല് വേദന സഹിക്കാമ്പറ്റുന്നില്ലേ, ഈ പല്ലൊന്നെടുക്കണോന്ന് നിന്റെ കാര്‍ന്നോനോട് പതിനായിരം തവണ പറഞ്ഞതാ…. അയ്യോ ഞാനിപ്പം വേദനകൊണ്ട് ചാകുമെ. അന്നത്തെ കാലത്ത് പതിനായിരം രൂപേം, പത്തു പവന്റെ ആഭരണോം, തേക്കിന്റെ കട്ടിലും, അലമാരീം ഒക്കെയായി ഇതിയാനെ അന്തസ്സായിട്ട് കല്യണം കഴിച്ച് വലത്തെ കാലുവെച്ചു കേറീതാ. അന്നു മൊതല് കഷ്ടകാലം. വേദനകള്‍, ജോലി കൂടുതലുകൊണ്ട് നടൂവേദന, കാലുവേദന, പല്ലുവേദന, അയ്യോ ഞാനിപ്പം ചത്തുപോകുമെ. ഇയ്യാക്ക് ലഡാക്കിപോയി പട്ടാളക്കാരന്റെ ഹൃദയമാ.പറഞ്ഞാലേക്കത്തില്ല.മോളുപറഞ്ഞതും ശരിയാ ഇയ്‌നാളൊരു മദ്യപാനിയാ, ചക്കെന്നു പറഞ്ഞാ കൊക്കെന്നു തിരയും, വെടി കേട്ട് മരവിച്ച മനസ്സുമാ!”

ഞാന്‍ ഞെട്ടി ഉണര്‍ന്നു. അപ്പോഴും കുര്യക്കോച്ചായന്‍ പോത്തുപോലെ കൂര്‍ക്കം വലിച്ചുറങ്ങുക. അതെങ്ങനാ രാത്രി പതിനൊന്നര വരെ ഞങ്ങളൊന്നിച്ച് വെള്ളമടിച്ചതാ. എനിക്കും കെട്ടു വിട്ടിട്ടില്ല. അച്ചായനെ ഞാന്‍ കുലുക്കി ഉണര്‍ത്തി. അച്ചാനെണീച്ചു. അഴിഞ്ഞ് അകലെ മാറികിടന്ന കൈലീം വാരി ചുറ്റി, പൂസായ കെട്ടുവിടാതെ…

“എന്തോന്നാടാ കുഞ്ഞച്ചാ”

“അമ്മായിക്കു പല്ലുവേദന”

“ങാ, അവക്കു പല്ലുവേദന വരാം കണ്ട നേരമെ. അവടെ പല്ലെടുക്കണം. ഈ വെളുപ്പാം കാലത്തോ!, നേരമൊന്ന് വെളുത്തോട്ടെ. വെളുത്താ തന്നെ ഇവിടെ ഡന്റിസ്റ്റിറ്റിനെ കാണാന്‍ ഇന്‍ഷ്വറന്‍സില്ലേ കാശൊത്തിരി ആകുകേം ചെയ്യും. എടാ, കുഞ്ഞച്ചാ, നീ എങ്ങനേലും ഒന്നഡ്ജസ്റ്റ് ചെയ്യ്, പല്ലു വേദനാന്നു പറഞ്ഞാ പ്രസവ വേദനേക്കാ കട്ടിയാ, ഞാനനുഭവിച്ചിട്ടൊണ്ട്.”

“അതിനിപ്പം നേരമൊന്ന് വെളുക്കട്ടെ. ഒരുത്തനൊണ്ട് . ഒരു ചൈനീസ് ദന്തവിദഗ്ധന്‍, പ്രൈവറ്റാ. റേറ്റ് കൊറവാ, പക്ഷേ പല്ലു പറിക്ക് വിദഗ്വധനാ!”

“അതുമതി. പക്ഷേ അതുവരെ വേദന ശമിക്കാനൊരു മരുന്നുകൊട്. ആസ്പിരിനോ, ടൈലനോളോ”

അച്ചായന്‍ ശബ്ദം കൊറച്ച് രഹസ്യമായി എന്റെ ചെവീ പറഞ്ഞു – അതൊന്നും വേണ്ടടാ, മരുന്നാന്നും പറഞ്ഞ് ആ ബ്രാണ്ടി വെള്ളം ചേര്‍ക്കാതെ ഒരു പെഗങ്ങ് കൊട്.”

സംഗതി ഒത്തു. അമ്മായി അടങ്ങി. കാലത്ത് എട്ടു മണിക്ക് ചൈനീസ് ദന്തവിദഗ്ധനെ സമീപിച്ചു. വിദ്ഗധന്‍ ചോദിച്ചു..

“ഏതു പല്ലാ?”

അച്ചായന്‍ തൊട്ടു കാണിച്ചു. അമ്മായി കൈ തട്ടി. മദ്യത്തിന്റെ കെട്ടു വിടാത്ത അച്ചായന്‍ ഭാര്യേടെ കൈ ബലമായി പിടിച്ചു നിന്നു. ചൈനീസ് ദന്തവിദഗ്ധന്‍ കൊടില്‍ പ്രയോഗത്തില്‍ ആ പല്ലങ്ങ് തട്ടി ഊരി കൈയ്യിലെടുത്തു!

അമ്മായി അലറി..

“ആ പല്ലല്ലേ ഇങ്ങേ വശത്തെ അണേലെ പല്ലാ”

“എടാ കുഞ്ഞച്ചാ, ചതിച്ചോ! ഇങ്ങേ അണേലെ പല്ലാ! അതെങ്ങനാ, ഈ പെമ്പ്രന്നോര് തിരുമ്മികൊണ്ടിരുന്ന വശത്തെ പല്ലാ പ്രശ്‌നോംന്ന് ഞാം കരുതി! കഷ്ടകാലം വരുമ്പം…….!! ഇനി എന്തോ ചെയ്യും!”

ഞാന്‍ ദീര്‍ഘ നിശ്വാസം വിട്ട്, സമചിത്തത വരുത്തി പറഞ്ഞു..

“സാരമില്ല അച്ചായാ, വഴിയൊണ്ട്. ചിലവില്ലാത്ത വഴി!”

“അതെന്തോന്നാ?”

ഈ ചൈനീസ് വിദഗ്ധന്‍ ഒന്നെടുത്താ മറ്റേത് ഫ്രീയാ! അച്ചായന്‍ ആശ്വാസത്തോടെ മൊഴിഞ്ഞു..

” ങാ, എന്നാ അതൂടങ്ങ് തട്ടിയേര്, ദൈവം നമ്മെ അനുഗ്രഹിച്ചു.!!”

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment