ശുക്കൂര്‍ കിനാലൂരിന് മിഡില്‍ ഈസ്റ്റിലെ മികച്ച ബിസിനസുകാരനുള്ള പുരസ്‌കാരം

ദോഹ: ശുക്കൂര്‍ കിനാലൂരിന് മിഡില്‍ ഈസ്റ്റിലെ മികച്ച ബിസിനസുകാരനുള്ള പുരസ്‌കാരം. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസ് നെറ്റ് വര്‍ക്കായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേര്‍സ് അസോസിയേഷനാണ് ‘യുഎഇ@50സലൂട്ടിംഗ് ദി നേഷന്‍’ സമ്മേളനത്തിന്റെ ഭാഗമായി പുരസ്‌കാരം നല്‍കിയത്.

ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വാണിജ്യ-വ്യവസായ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ മുന്‍ മന്ത്രിയും അജ്മാന്‍ റൂളേഴ്സ് കോര്‍ട്ട് മേധാവിയുമായ ശൈഖ് ഡോ. മാജിദ് ബിന്‍ സയീദ് അല്‍ നുഐമിയും തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് സേതുപതിയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഗള്‍ഫിലും നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശുക്കൂര്‍ കിനാലൂര്‍ ഖത്തറിലെ അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാനാണ് . സാമൂഹ്യ സാംസ്‌കാരിക ജഡീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു,

വാണിജ്യ വ്യാപാര രംഗങ്ങളില്‍ പതിറ്റാണ്ടുകളുടെ സേവനമുദ്ര പതിപ്പിച്ച ഇന്‍ഡ്യയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള സംരംഭകരായ ഭീമ ഗോള്‍ഡ് എംഡി ഡോ. ബി ഗോവിന്ദന്‍, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. കെ പി ഹുസ്സൈന്‍, കൈരളി ടിഎംടി ഡയറക്ടര്‍ പഹലിഷ, അറബ് ഇന്ത്യന്‍ സ്‌പൈസസ് എംഡി ഹരീഷ് തഹലിയാനി, ഫാസ്റ്റ് ബിസിനസ് ലൈന്‍ എംഡി അബ്ദുല്ല ഹിളര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ര്‍ എംഎ യൂസുഫലി സമ്മേളനം ഔപചാരികമായി ഉത്ഘാടനം ചെയ്തു. സര്‍വ മേഖലകളിലുമുള്ള യുഎഇ യുടെ വിസ്മയകരമായ കുതിപ്പ് മറ്റു രാജ്യങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹവും സഹവര്‍ത്തിത്വവും അതിരുകളില്ലാത്ത പിന്തുണയുമാണ് യുഎഇയുടെ മുഖമുദ്ര. ഈ രാജ്യത്തോടൊപ്പം നാല് പതിറ്റാണ്ടിലേറെ സഞ്ചരിച്ച ഒരാളെന്ന നിലയില്‍, രാജ്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലി അങ്ങേയറ്റം സന്തോഷം പകരുന്ന നിമിഷമാണെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്റഫലി ഉത്ഘാടന പ്രഭാഷണം നിര്‍വഹിച്ചു.

ഗള്‍ഫ് മലയാളികളാണ് കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ ഉത്തേജനമായി വര്‍ത്തിക്കുന്നത്. ഇവിടെ വളരുന്ന സംരംഭങ്ങളുടെ ആനുപാതികമായ ഉണര്‍വ് കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയും. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉള്‍പ്പെടെ കേരളം ആപത്തില്‍ പെട്ടപ്പോള്‍ ഐപിഎ സംരംഭകര്‍ നടത്തിയ മനുഷ്യത്വപരമായ സഹായം ഞാന്‍ ഇന്നും ഓര്‍ക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത നടന്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സാന്നിധ്യം ചടങ്ങിന് ആവേശം പകര്‍ന്നു. ഹിസ് എക്സലന്‍സി ശൈഖ് ഡോ. മാജിദ് ബിന്‍ സയീദ് അല്‍ നുഐമി മുഖ്യാതിഥിയായി പങ്കെടുത്തു.

ഐപിഎ ചെയര്‍മാന്‍ വി കെ ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടര്‍ ചെയര്‍മാന്‍ എ കെ ഫൈസല്‍ ഐപിഎയുടെ ദേശീയ ദിന സന്ദേശം നല്‍കി.

ഇന്ത്യന്‍ പ്രവാസി സംരംഭകര്‍ ഈ രാജ്യത്തിന് നന്ദിയര്‍പ്പിക്കുന്നതിന്റെ ഭാഗമായി ‘ഇന്‍ഫ്‌ലുവന്‍ഷ്യല്‍ ഇന്ത്യന്‍സ് സലൂട്ടിംഗ് ദി നേഷന്‍’ എന്നപേരില്‍ ഇംഗ്ലീഷില്‍ തയാറാക്കിയ കോഫീ ടേബിള്‍ ബുക്കിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ശൈഖ് ഡോ. മാജിദ് ബിന്‍ സയീദ് അല്‍ നുഐമി പ്രകാശനം നിര്‍വ്വഹിച്ചു. എം എ അഷ്റഫലി ആദ്യപ്രതി സ്വീകരിച്ചു. ഓണ്‍ലൈന്‍ എഡിഷന്‍ വിജയ് സേതുപതി റിലീസ് ചെയ്തു.ഡോ. ആസാദ് മൂപ്പന്‍, ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ധീന്‍, ഡോ. കെ പി ഹുസൈന്‍, പൊയില്‍ അബ്ദുല്ല, ജബ്ബാര്‍ ഹോട്‌പൊക്ക്, ശംസുദ്ധീന്‍ നെല്ലറ, ഡോ. മുഹമ്മദ് അല്‍ നൂര്‍ ക്ലിനിക്, അബ്ദുല്‍ മജീദ് മലബാര്‍ ഗോള്‍ഡ്, കരീം വെങ്കിടങ്, സാലിഹ് ആസാ ഗ്രുപ്പ്, മുഹമ്മദ് അല്‍ റുബാന്‍ കാര്‍ഗോ, മുഹമ്മദ് സിറാജ് അംവാജ് ഗ്രൂപ്പ്,ബഷീര്‍ പാന്‍ഗള്‍ഫ്,റിയാസ് കില്‍ട്ടന്‍ സലീം മൂപ്പന്‍ എഎകെ മുസ്തഫ, എന്നിവര്‍ വിവിധ ചടങ്ങുകളില്‍ സംബന്ധിസിച്ചു.

ഐപിഎ ഉപഭോക്താക്കളുടെ വിവിധ സംരംഭങ്ങളുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. സംഗീത നിശ പരിപാടിക്ക് കൊഴുപ്പേകി.

ഐപിഎ ട്രഷറര്‍ ശിഹാബ് തങ്ങള്‍ സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് അംഗം മുനീര്‍ അല്‍വഫ നന്ദിയും പറഞ്ഞു. ഷാഫി അല്‍ മുര്‍ഷിദി,നിസാര്‍ സൈദ്,സൈനുദ്ദീന്‍ ചേലേരി,തങ്കച്ചന്‍ മണ്ഡപത്തില്‍, സല്‍മാനുല്‍ ഫാരിസ്, അഫി അഹമ്മദ് സ്മാര്‍ട്ട് ട്രാവല്‍ , ഹക്കീം വാഴക്കാല, തല്‍ഹത്ത് ഫോറം ഗ്രുപ്പ് , ബിബി ജോണ്‍ യുബിഎല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൈരളി ടിഎംടി സ്റ്റീല്‍ കമ്പനി, ഫാസ്റ്റ് ബിസിനസ് ലൈന്‍ സര്‍വീസസ്, ഗള്‍ഫ് ഫസ്റ്റ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ മുഖ്യ പ്രായോജകരായത് .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News