ദൈവത്തിന്റെ സ്വന്തം നാട് (കവിത)

(കുമ്പസാരക്കൂടുകളിൽ നിന്ന് കൂട്ടക്കരച്ചിലുകൾ, കന്യാസ്ത്രീ മഠങ്ങളിൽ പെണ്ണാടുകളെ മേയ്ക്കാനെത്തുന്നവലിയ ഇടയന്മാർ, കഞ്ഞിക്കലത്തിൽ മണ്ണ് വാരിയിടുന്ന പ്രതികരണത്തൊഴിലാളികൾ, എട്ടു ദിവസം പട്ടിണിയിൽമരണത്തിന് കീഴടങ്ങുന്ന പിഞ്ചു ബാല്യങ്ങളുടെ ശിശുക്ഷേമ ഭാരതം. ഇതോ ദൈവത്തിന്റെ സ്വന്തം നാട്)

ഇവിടെയീ ധന്യമാം
സ്നേഹത്തിൻ തീരത്തി –
ലൊരു ദേശമുണ്ടായിരുന്നു !

സഹസ്രാബ്ദ മോഹങ്ങൾ
ചിറകടിച്ചുഷസ്സിന്റെ –
നെറുകയിൽ മുത്തം ചൊരിഞ്ഞും,

മനുഷ്യാഭിലാഷങ്ങൾ
ഇതൾ വിരിച്ചൊരുപാട് –
നിറമുള്ള കനവുകൾ തീർത്തും,

മല നാട്ടിൻ മണമുള്ള
മനുഷ്യന്റെ മനസ്സിലെ
വിനയവും, ശുദ്ധിയും പൂത്തും,

നറു മുല്ലക്കാറ്റിന്റെ
മടികളിൽ നിറവിന്റെ
മലരുകൾ പൊട്ടി വിരിഞ്ഞും,

വയലേല, യതിരിട്ട,
യരുവിയിൽ തുള്ളുന്ന
പരലുകൾ തത്തിക്കളിച്ചും,

മനസ്സിന്റെ താരാട്ടിൽ
നിറയുമീ ഹരിതാഭം
കണി കാണാനെത്തി ഞാൻ വീണ്ടും.
x x x x x x x x

ഒരു വേള, വഴിതെറ്റി –
യെത്തിയോ ? യെവിടെയെൻ
കരളിന്റെ കുളിരായ ഭൂമി ?

അമറുന്ന രാഷ്ട്രീയ –
ക്കുതിരകൾ തേരോടി –
ച്ചതയുന്ന, പിടയുന്ന മണ്ണിൽ,

അടിപൊളി പ്രേതങ്ങ –
ളലയുന്ന വേതാള –
ക്കലകളാൽ മുടിയുമീ നാട്ടിൽ,

മതമെന്ന മതിലിന്റെ,
മറപറ്റി മനുഷ്യന്റെ
തല കൊയ്‌തു തള്ളുന്ന നാട്ടിൽ,

അപമാന ഭാരത്താ –
ലവിടുത്തെ തിരു നാമ –
മതിവേഗം മായ്‌ക്കുന്നു ദൈവം !!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment