ശിവവും ശവവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ശിവത്തെയുള്ളിൽ കാണ്മാനാവാതെ പുറത്തുള്ള
ശവത്തെ പൂജിപ്പൂ നാം വാസ്തവമതല്ലയോ?
നിത്യ ചൈതന്യംതുള്ളിത്തുളുമ്പി തുടിയ്ക്കുമാ
സത്യമല്ലോനമ്മുടെ ജീവന്റെ ആധാരമേ!

ചാരുവാകന്മാർ ചൊല്ലും ‘ഇന്നല’ കഴിഞ്ഞല്ലോ
ആരേലും കരയുമോ പൊയ്‌പ്പോയ നാളെ ചൊല്ലി?
‘നാള’യെക്കുറിച്ചാർക്കു ചൊല്ലുവാനാകും, പിന്നെ
നാളാകെയതെ കാത്തു ജീവിതം പാഴാക്കൊലാ!’

ഇന്നത്തെ ദിനമുണ്ടു നമ്മുടെ കരങ്ങളിൽ
‘ഇന്ന’ യെയാസ്വദിയ്ക്കാം മതിയാകുവോളം നാം!
‘ഇന്ന’ യെന്നതു നാളെ ‘ഇന്നല’ യാകും മുമ്പേ
ഈ ധന്യ ദിനം പരമാത്മനു സമർപ്പിയ്ക്കാം!

വിസ്മയം തോന്നുന്നില്ലേ, നാമെല്ലാം ചലിയ്ക്കുന്ന
ഭസ്മ കട്ടകൾ വെറും മണ്ണാങ്കട്ടകൾ മാത്രം!
പരാത്മ പ്രസരത്താൽ ജീവാത്മ സാന്നിദ്ധ്യത്താൽ
പരത്തും ചൈതന്യത്താൽ ചലിയ്ക്കും ജഡം നമ്മൾ!

ശിവചൈതന്യം നൽകും ആത്മാവെ ദർശിച്ചാലേ
ശവമാം ശരീരത്തിൻ അവസ്ഥയറിവൂ നാം!
ദേഹത്തിനിഷ്ടം സദാ മൃഷ്ടാന്ന ഭോജനമേൽ
ദേഹിയ്‌ക്കു പ്രിയങ്കരം ആത്മീയമൊന്നു മാത്രം!

സ്വർഗ്ഗവും നരകവും സുഖ ദുഃഖവുമെല്ലാം
സംസാര ജീവിതത്തിൽത്തന്നെയെന്നറിക നാം!
‘ഗുരു’ വിൽ സ്വജീവിതംനിസ്വാർത്ഥംസമർപ്പിയ്ക്കിൽ
ഉരുവാക്കിടാം ‘ലഘു’ വില്ലാത്ത സ്വരൂപത്തെ!

ഭക്തനു വേണം ഭക്തി ജ്ഞാനവും വൈരാഗ്യവും
മുക്തി ദായകമാമീ സാത്ത്വിക ഗുണത്രയം!
ഭൗതിക സുഖഭോഗമത്രയും ദേഹത്തിനേൽ
ആത്മീയമെല്ലാം അന്തര്യാമിയാം ദേഹിയ്ക്കല്ലോ!

പഞ്ചേന്ദ്രിയങ്ങൾ നമ്മെ അൻപോടെയൂട്ടുന്നതു
പഞ്ചാമൃതമാവില്ല നഞ്ചാകാം മിയ്ക്കപ്പോഴും!
വഞ്ചിതരാകാതെ നാം സൂക്ഷിച്ചിരുന്നില്ലെന്നാൽ
കിഞ്ചന പോലും നമ്മെ രക്ഷിപ്പാനാവില്ലാർക്കും!

തന്മൂലമല്ലോ ചൊൽവൂ മൂത്തവർ മുമ്പേ തൊട്ടേ
ആത്മീയമവശ്യം നാം ബാല്യത്തിൽ തുടങ്ങണം!
ആത്മീയ ജീവാമൃതം അതുണ്ടെന്നാലല്ലയോ
ജന്മ ലക്ഷ്യവും പരി പൂർണ്ണമാവുകയുള്ളൂ!

സമർപ്പിയ്ക്കാം നാം സ്വയം മനസ്സും ശരീരവും
സമസ്ത ലോകങ്ങൾക്കും നാഥനാം ഭഗവാനിൽ!
മനസ്സിൻ ശരീരത്തിൻ ബോധമില്ലെന്നാലല്ലോ
തമസ്സിൽ നിന്നും മുക്തി നേടുവാൻ കഴിയുള്ളൂ!

ഇച്ഛാ ശക്തിയും ജ്ഞാന ശക്തിയുമതോടോപ്പം
ഇച്ഛപോൽ പ്രവർത്തിപ്പാൻ ക്രിയാശക്തിയും തന്ന
ഈശ്വരനകൈതവ നന്ദിയിൽ സമർപ്പിയ്ക്കാം
ഈ നര ജന്മം പാടേ നിർവ്വികൽപ്പരായ് നമ്മൾ!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News