ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍‌കുട്ടിയുടെ വാഹനാപകടം: കുല്‍ദീപ് സിംഗിനേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി ഡല്‍ഹി കോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയെ അപകടപ്പെടുത്തിയ കേസില്‍ ഉത്തർപ്രദേശ് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ നിയമസഭാംഗം കുൽദീപ് സിംഗ് സെൻഗാറിനെയും മറ്റ് അഞ്ച് പേരെയും ഡൽഹി കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ട് തിങ്കളാഴ്ച വിട്ടയച്ചു.

“ഇരയെയോ അവരുടെ കുടുംബാംഗങ്ങളേയോ വധിക്കുമെന്ന് ഭീഷണിപ്പെടുത്താനുള്ള ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച് കുൽദീപ് സിംഗ് സിംഗറിനെതിരെ കുറ്റം ചുമത്താൻ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ചുമത്താനാകില്ല,” അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ ഉത്തരവിൽ പറഞ്ഞു.

സെൻഗാറിനെ കൂടാതെ, അദ്ദേഹത്തിന്റെ സഹായികളായ ഗ്യാനേന്ദ്ര സിംഗ്, കോമൾ സിംഗ്, അരുൺ സിംഗ്, റിങ്കു സിംഗ്, അവ്ദേഷ് സിംഗ് എന്നിവരെയും കേസിൽ വെറുതെവിട്ടു.

എന്നിരുന്നാലും, പ്രതികളായ ആശിഷ് കുമാർ പാൽ, വിനോദ് മിശ്ര, ഹരിപാൽ സിംഗ്, നവീൻ സിംഗ് എന്നിവർക്കെതിരെ ഐപിസി 506 (ii), ഐപിസി 34 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കും.

2019 ജൂലൈ 28 ന്, ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയും അഭിഭാഷകനും, രണ്ട് ബന്ധുക്കളും റായ്ബറേലിയിലേക്ക് പോകുകയായിരുന്ന വാഹനത്തിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടമാണ് കേസ്. ബലാത്സംഗത്തെ അതിജീവിച്ച പെണ്‍‌കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് സെൻഗാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

നേരത്തെ, ഉന്നാവോ ബലാത്സംഗക്കേസിൽ 2019 ഡിസംബറിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി, സെന്‍‌ഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കൂടാതെ 25 ലക്ഷം രൂപ പിഴയും വിധിച്ചു.

2017-ൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച കേസിൽ ഉന്നാവോയിലെ ബംഗർമൗ മണ്ഡലത്തിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎയായ സെൻഗാറിനെതിരെ ബലാത്സംഗ കുറ്റം ആരോപിക്കപ്പെട്ടു.

2020 മാർച്ചിൽ, ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സെൻഗാറിനും സഹോദരൻ അതുൽ സിംഗിനും മറ്റ് അഞ്ച് പേർക്കും പ്രത്യേക കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചു.

വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കുകയും നിയമസഭാംഗമായി അയോഗ്യനാക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News