ചൊക്ലി (നോവല്‍ – 76): എച്മുക്കുട്ടി

‘പാറ്ട്ടി, മ്മ്‌രെ പാറ്ട്ടി കൃഷിപ്പണി ചെയ്യ്ണോരേ വെടിവെക്കേ..

മ്മള് കൊയ്യും വയല് മ്മ്ടെ ന്നെയാന്ന്ല്ലേ പാറ്ട്ടി പറഞ്ഞേർന്നേ..

അതേ, വെറ്തേ പറയ്യല്ല. അത്‌ണ് പാറ്ട്ടീരേ സത്യം.

അപ്പോ ബങ്കാള നാട്ട്ല് അത് മാറീതെന്താ?’

ഉണ്ണീണ് ചോയിക്കണത്.

രാഗവേട്ടൻ മിണ്ടീറ്റ്ല്ല. ഇപ്പോ പണിക്ക് പോണ്ല്ല. മോൻ ദൂഭായി നാട്ട്ല് പോളീല് പടിച്ച പണിക്ക് പോയി. ഗിരിജൻ ന്നാ പേര്.. രാഗവേട്ടനും ഗിരിജേച്ചീം മാത്തറൊള്ളോ കുടീല്. ചേച്ചി കുടുമ്മസ്രീക്കാരത്തീണ്. രാഗവേട്ടന് ഇപ്പോ മറിയപ്പാറേലെ പാറ്ട്ടി ആപ്പീസിലിര്ത്താണ് അതിയം നേരത്തും പണി.

ആപ്പീസാ നന്നായി. മുപ്പാട്‌ത്തെ ഓലപ്പെര്യൊന്നല്ല. രണ്ട നെല വാർക്ക കെട്ടിടായി. പങ്കോള്ണ്ട്. തൺത്ത വെള്ളം തരണ ഒര് മിഷ്യണ്ട്. കുടുമ്മസ്രീപ്പെണ്ണങ്ങ്ള് അടിച്ച് വാരും. ടീവി പെട്ടീണ്ട്. തോനേ പുസ്തങ്ങള്ണ്ട്. എല്ല്‌രെ കൈയില്ണ്ട് ആ നൊണ പറ്യാൻ എള്പ്പള്ള പോൺ.

ആപ്പീസ്‌ല് ഇപ്പ ഏതേരത്തും ആള്ണ്ടാവും.

ബങ്കാള നാട്ട്ല് പാറ്ട്ടീണ് മുപ്പത് കൊല്ലായിറ്റ് ബരിക്കണ്. ഇന്നാലും ബങ്കാളിയോള് ഇങ്ങ്ട് പോര്ണ് പണീട്ക്കാൻ. ഇപ്പെ എവടെ നോക്ക്യാലും കാണാം.. അവറ്റിങ്ങളെ. പെണ്ണങ്ങളുണ്ട്, കുട്ട്യോളുണ്ട്.

അവടെ കഴിയാൻ പാങ്ങ്ല്ലാന്നാ അവറ്റ പറേണ്. ഒര് ജാതീ പാഷേല് മിണ്ടും. ഇപ്പോ ചൊക്ളീം പറേം അങ്ങ്നെ..

പാനി വേണന്നും കയ്യോട്ട് പക്കടോന്നും ഒക്കെ.. ആ നാട്ട്ന്ന് മാത്തറല്ല വേറേ കോസായി നാട്ട്ന്ന് ഒക്കീം മനിഷേമ്മാര് ഉമ്മിണി വര്ണ്ട്. മാർപ്പിള്, കൊട്ട, കടാപ്പ ന്നൊക്കെണ് ആ നാട്ടോളിലേ കല്ലോള്ടെ പേര്. ഇപ്പ ആള്ളോള് സിമേൻറോ ഇഷ്ടക്യൊ ഒന്നല്ല തറേല് വിരിക്കണ്. ആ നാടോളിലത്തെ കല്ലാണ് ഇപ്പൊ എല്ലരും ഇടണത്.

അവറ്റ തെങ്ങേറാൻ വരെ പടിച്ചു. മുപ്പാട് തമിഴമ്മാരാര്ന്ന് അതിയം. ഇപ്പോ എല്ലാററിങ്ങളും ണ്ട്. ഞങ്ങളാ അതിയന്ന് പറ്ഞ്ഞ്ട്ട്.
അയിലോര്ത്തനാ രാഗവേട്ടൻറെ കാലുമ്മേ പിട്ച്ച് നെഞ്ഞു പൊട്ടി നെലോളിച്ചേ.. അവൻറെ വീട്ടാര് വെടിവെപ്പില് മരിച്ച്. അവരെ നെലോം വസ്തൂം ഒക്കേം പോവ്വേം ചീതു.

ടാറ്റാന്ന് പറേണ ഒര് മൊയ്ലാളിക്ക് കാറ്ണ്ടാക്കാനാണ്ന്ന് ആ സ്ഥലം..

അത്‌ണ് ഉണ്ണി അങ്ങ്നെ ചോയിച്ചത്. രാഗവേട്ടൻ ബീഡി കത്ത്ച്ച് വല്ച്ച് കൊക്കിക്കൊരയ്ക്കല്ലാണ്ട് ഒന്നും മിണ്ടീറ്റ്ല്ല.

എന്തിറ്റ് മിണ്ടാന്ണ്?

പാർട്ടീരേ പുസ്സ്ത്ത്ല് പറ്ഞ്ഞേക്ക്ണ് കഷ്ടപ്പെടണ ഒര് മനിഷേനും കൂടി ലോകത്ത്ല് ഇണ്ടാവാൻ പാട്ല്ലാന്നാണ്. ഇന്നാലും ആ പുസ്തം പടിക്കണ പാറ്ട്ടിയന്നേ കൊറേ മൻഷേമ്മാരേ കഷ്ടത്ത്‌ലാക്കീണ്ട്. അത്പ്പോ ഈയ്യ നാട്ട്ല് തന്നക്കല്ല, ലോഗം മുയ്മനും അങ്ങ്നേണ് പാറ്ട്ടി ചീതത്.

അത് പുസ്തത്തിൻറെ കുറ്റല്ല, പുസ്തം പടിച്ചോര്ടെ അതികാരക്കൊതീം പൈസേരേ ആർത്തീണ്.

കുറ്റം പാറ്ട്ടിക്കല്ലേ അപ്പളും വര്ള്ളോ. അതന്നേ.

കൈയില് എമ്പിടി കാശ്ള്ളോര്ക്കും പൊങ്ങ്യ യാതിക്കാര്ക്കും പാറ്ട്ടീനെ വെറ്പ്പ്ണ്. സമത്തം ന്ന് പറഞ്ഞാ പിന്നെ പൊങ്ങീതും കൂടീതും കൊറഞ്ഞില്ലേ.. അതവര്ക്ക് സമ്മതണ്ടാവില്യ. പാറ്ട്ടീരേ മേത്തേക്ക് നൊണേം നൊണ്ണാച്ചീം ഇമ്മണി വെച്ച് കെട്ടും. അയിൻറേടേല് പാറ്ട്ടി ഈയ്യ പോലേ ഓരോ അലമ്പത്തരോം കാട്ടും.

‘ആകെനെ മൂന്ന് സലോള്ളോ പാറ്ട്ടിക്ക് വല്ല ഞഞ്ഞമിഞ്ഞ പറയ്യാൻ… ഈയ്യ വെടിവെപ്പ് കാരണം ബംഗാള് സ്സലം പോയ്യാലോ രാഗവേട്ടാ..’

രാഗവേട്ടന് കൊര്ക്ക്ല് മുട്ടി സാസം.

സോതന്ത്രം കിട്ട്യ കാലത്ത് പഞ്ചാബ്‌ലും ബീഹാറ്ലും ആന്ധ്രേലും ബോംഭേലും തമിഴ് ദേശത്തും ഒക്കെ പാറ്ട്ടിക്ക് വേര്ണ്ടാര്ന്ന്. അതൊന്നും പച്ച്യാക്കാൻ പാറ്ട്ടിക്ക് പറ്റീല്ല. ഒടൂല് ഇപ്പോ രണ്ട് മൂന്ന് എടങ്ങള്ണ്ട്. അതും കൊറയേരിക്കും. പാറ്ട്ടി ഇത്തിരി നീങ്ങ്യാ അവടെ ജാതീം മതോം കൂട്ടി കെട്ടിമാറാപ്പാവും.

പാറ്ട്ടി ഇണ്ടായിറ്റും ഈയ്യ നാട്ട്ലെ ജാതീനേം മതത്തിനേം തൊടാമ്പറ്റ്യാ, ആദിവാസ്യോളരേ കഷ്ടപ്പാട് മാറ്യാ ന്നൊക്കെ ഉണ്ണീം മോഗനനും ചോയിച്ചപ്പോ വല്ലാണ്ട് വന്ന് രാഗവേട്ടന്…

അച്ചുവാനന്തൻ സകാവ്‌ന് ഒര് എയ്ത്ത് എയ്തണന്നാ രാഗവേട്ടന് തോന്നീത്.

മ്മ്ടെ പാറ്ട്ടി മൊയ്ലാളിക്ക് വേണ്ടി കൃഷി ചിയ്യണോരേ കൊല്ലേ..

അദ് പാട്ല്ല… എന്തിറ്റായാലും..

അക്കൊല്ലം കർക്കട മാസ്ത്ത്ലാണ് അതിശായിട്ട് ദല്കീ നാട്ട്ല് ഒരു പെണ്ണ് പ്രയിസൻറ് വന്ന്ത്. അത് വരേക്കും ആണങ്ങളാര്ന്ന് . ഒര് പെണ്ണ്ണ്ടാ പ്രയിസൻറ്‌ന്ന് ചോയിക്കാത്ത ഒര് തെണ്ടീം ഇല്ല..ഈയ്യ രാജ്യത്ത്…

പെണ്ണ്ണ്ടാ ടീച്ചറ് ?

പെണ്ണ്ണ്ടാ വക്കീല് ?

പെണ്ണ്ണ്ടാ മയിസ്രേട്ട് .

പെണ്ണ്ണ്ടാ കൾട്ടറ്?

പപ്പിനി ഇത് ഇമ്മണി പറേണ കേട്ട്ട്ട്ണ്ട്.

പറേണട്ടാ തോന്നും ആണങ്ങള് അമ്മേരേ വയറ്റീന്ന് എറ്ങ്ങി വന്നപ്പ്യന്നെ പടിത്തോം ജോലീയൊക്ക്യോണ്ടാർന്നൂന്ന്.
പപ്പിനി അന്ന് പായിസം വെച്ച്.

അതണ് അവളടെ ഒര് തരം. ഈയ്യ ലോകത്ത്ല് ഏത് പെണ്ണ് ഏതേലും നാട്ട്ല് എന്തേലും ചീത് ഒന്നാമതായീന്നോ, അല്ലെങ്ങേ വല്ല സമരാ കേസാ അങ്ങ്നെ വല്ല്തും ചീത്‌ന്നോ ഒക്കെ അറ്ഞ്ഞാ മതി അവള് ആഗോഷിക്ക്ല് തൊട്ങ്ങും. പച്ചോല മൊടഞ്ഞേമ്മേ ചായ്ത്ത്ല് വര്ച്ച് എയ്തി പടിക്കേ വെക്കും..

പെണ്ണങ്ങളെ സമരണ്ടായാ പായിസം വെക്കും.പെണ്ണങ്ങള്ക്ക് സമരണ്ടാക്കാൻ ഉമ്മീണി ദൈര്യണ് വേണ്ട്ത്. അതൊര്മ്ച്ച് കൂട്ട്ല് ഒര് പണീണ്. വാക്കി പെണ്ണങ്ങള് ആ പെണ്ണിൻറൊപ്പം വേണം. അതനണ് അവള് പച്ചോലമ്മേ എഴ്ത്ണ്. പായിസം കൊട്ക്കണ്.. അപ്പ അവള് കതേം പറ്ഞ്ഞൊട്ക്കും.

ചത്തു പോയ നേതാക്കമ്മാര്ടേ ജനിച്ചീസോം മരിച്ചീസോം അമ്പ്‌ലത്ത്ല് ഉൽസോം പള്ളീല് പെര്ന്നാളും ഒന്നല്ല ആഗോഷിക്കണ്ടത്. ഇപ്പ നട്ക്കണ സമ്‌രങ്ങ്ളാണ് മനിഷേമ്മാര് അറീണ്ടത്… അത്ണ് ആഗോഷിക്ക്ണ്ട്, അയിനെപ്പറ്റീണ് വർത്താനം പറേണ്ട് .

ഈയ്യ പെണ്ണൊര്ത്തി പ്രയിസൻറ് ആയാല് ഇമ്മക്കെന്താ കാര്യന്നാരേലും ചോയിച്ചാ അപ്പ പറേം അവള്…

പെണ്ണ്‌ണ്ടാ പ്രയിസൻറ്‌ന്ന് ഇഞ്ഞ്യാരും ചോയിക്കില്ല്യല്ലോന്ന്.

ഇലിജോ പ്രാഞ്ചീസ്നു മൂന്ന് വയസ്സാവ്മ്പളക്കും അവനെ അങ്ങണ വാടീൽക്ക് വിട്ട്.. തൃസ്സക്കുട്ടിക്കും പോണം അവടെ. ചെക്കൻ വരണവരെ തൃസ്സക്കുട്ടി അവടെ കുത്തീരിക്കും. അവനെ പൂതം പിടിച്ചാലോന്ന മട്ട്ലാ തൃസ്സക്കുട്ടീരേ കാട്ടായം. ചെക്കൻ മിട്ക്കനാ… അമ്മ്ണിക്കും പ്രാഞ്ചീസ്നും മിട്ക്ക്ല്ലാണ്ട്ല്ലല്ലോ.. അവൻറെ വട്ടേപ്പം പോൽത്തെ മൊകം കാണ്‌മ്പോ ചൊക്ളിക്ക് എന്തോരമക്ക്യാലും ജക്കൂൻറെ ഓറ്‌മ്മ പൊട്ടും..

എത്ത്റ വയിസ്സായ്ണ്ടാവും ചെക്കന്.. പയിനെട്ട് പത്തൊമ്പതായിൻറാവും… താടീ മീശേം വന്നണ്ടാവും..

പടിക്കണ്ടാ..അതാ പണിക്ക് പോണ്‌ടാ? ഒന്ന് കാണ്ണണ്ണംന്ന്ണ്ട്… നടക്കാവോ ഈ ജമ്മം..

അക്കൊല്ലണ് അച്ചുവാനന്തൻ സകാവ് മലക്ക് പോയീത്.. മാല ഇട്ട് തൊഴാനൊന്നല്ല. മലേൽത്തെ കാര്യങ്ങള് വെടിപ്പിന് നട്ക്ക്ണ്ടോന്നറ്യാൻ…മുക്കിയമന്ത്‌രി ആയിറ്റ് പോയ്ത്ണ്. ഇന്നട്ടും തൊയ്തില്ല..

‘അതണ് ചൊണ..’ എന്ന്ണ് പപ്പിനി പറേണത്.

‘കാശാരേം പൊങ്ങ്യ യാതിക്കാര്ടേം ചൂത്തറാണ് സക്‌ല മതോം ജാതീം അമ്പലോം ദൈവോം പള്ളീം..അതറിയാത്തോനല്ല സകാവ്. അല്ലാണ്ട് ഒരു കശവ് തുണീം ചിറ്റി ഒരു കശവ് തുണീം പൊതച്ച് തൊഴ്ലും തിർത്തം കുട്‌ച്ചലും കുറി വരയലും ഒന്നല്ല വേണ്ട്ത്. ‘

ടീവീല് ആ ഒർസ്സ നാട്ട്ലെ ജാതീക്കൊറ്ഞ്ഞ മാപ്ളാര് ക്രിസാമ്മസ്‌ന് ആഗോഷിക്ക്ല് ണ്ടാക്കിയേന് ഇന്തുക്കള് മാപ്ളാരെ അടിച്ച് കൊന്നൂന്നും കന്യാശ്രീളെ ബലാത്തംഗാക്കീന്നും കുടിയോള് കത്ത്ച്ചൂന്നും കേട്ടപ്പോ ചൊക്ളിക്ക് നെഞ്ഞാ കത്തി..

എന്തിറ്റ്‌ണ് അമ്പ്‌ലം ? എന്തിറ്റണ് പള്ളി? കൊറേ കള്ളമ്മാര്, കൊറെ പറ്റിപ്പാര്, കൊറെ അതികാരിയോള്, കൊറെ കാശാര് ഒക്കെ കൂടിണ്ടാക്ക്യ ഒരു ചൂത്തറപ്പൂട്ടാണ്‌ത്..

അവറ്റോൾടേ കയ്യിലാ താക്കോല്…

നാട്ടാര് ചെന്ന് നേറ്ച്ച ഇട്ട്ട്ടാ പോരും.. ദൈയ്‌വേന്ന് നെലോളിക്കും. ഒട്ക്കത്ത്ല് കന്യാശ്രീളേ വരെ ബലാത്തംഗാക്കീന്ന് പറേണ കേക്കാം…

ചൊക്ളി ടി വി നിറ്ത്തി.

ൻറെ മരം ന്ന് സറ്ക്കാര് പര്‌പാടി വന്നപ്പളാണ് മരം വെച്ചോരൊക്കെ ആരാന്ന് ചൊക്ളിക്ക് തിരിഞ്ഞത്. എല്ലരും പറ്ഞ്ഞ് അവരാരെ വീട്ട്ൻറെ നുമ്പേ കാണ്ണണ മരം അവരാര് വെച്ചേണ്ന്ന്. അവരാര് വെള്ളം കോരീത്ണ്.

ചൊക്ളി നല്ലോണം ചിറിച്ചു.

മരം വെച്ച് പേര്ട്ക്കാനാ ചൊക്ളി അത് ചീതത്. അല്ല.. പിന്നെന്തിറ്റ് തേങ്ങ്യാണ്.. ഇഞ്ഞീം പറ്റ്ണോട്ത്തൊക്കേ പറ്റ്ണ മരങ്ങള് വെക്കും .. ആര് വേണച്ചാലും പേര് ഇടുത്തോട്ടേ.. മരത്തിനും ല്യ ചൊക്ളിക്കും ല്യ അയിലൊരു ദേഷ്യം.

മോഗനനും കൊർച്ച് ചെക്കമ്മാരും കൂടി പള്ളായിക്കാടുന്ന് വന്നപ്പളാണ് അട്ത്ത ദണ്ണം. ചെക്കമ്മാര്ക്ക് ഈയ്യ ലോഗത്ത്നോട് മുഴോൻ ദേഷ്യാണ്. കൃഷിപ്പണി ചീത് തൊലഞ്ഞു. പൈസ കഴ്ക്യേ വെള്ളല്ല കൈയില്. പലരടേം പെങ്ങമ്മാര് കെട്ടു പ്രായം തെകഞ്ഞാ നിക്കണ്. വെഷം വേടിക്കാൻ കാശില്യാത്തോര് പെങ്ങമ്മാരെ എങ്ങ്നീണ്ന്ന് കല്യാണം കഴിപ്പിക്ക്ണ്?
മാപ്ളാര് പെങ്കുട്ട്യോള് ചെലര് മടത്തിചേർന്നു. ദൈവവിളിയൊന്നുല്ലാന്ന് ആ ആങ്ങളച്ചെക്കമ്മാരാ പറഞ്ഞേ. പറേമ്പോ അവര്ക്ക് കരച്ച്ലാ പൊട്ടീ.. അപ്പമ്മാരേം ആങ്ങളാരേം ദാരിദ്രാണ് ദൈവവിളീന്ന്…കാശില്ലാത്ത വീടോളീന്ന് ചെല്ലണ പെങ്കുട്ട്യോള്ക്ക് കന്യാശ്രീളാവ്മ്പളും അടിമപ്പണ്യാന്ന് തോമാസ് പറ്ഞ്ഞ്. പറേമ്പോ തോമാസിൻറെ കൊര്ക്ക്ല് ഒര് കെട്ട് വീഴണത് ചൊക്ളീം കണ്ട്.

എല്ലര്ക്കും കഷ്ടപ്പാടണ്. എപ്പളാ ബേങ്കീന്ന് കടലാസ് വരാ, വന്നാ എന്തിറ്റണ് ചിയ്യണത്.. ഒന്നറീല്ല..വരുമ്മോണം വര്ട്ടേന്ന് വെച്ച് ഇങ്ങ്നെ നട്ക്കന്നേ. വേറേതാണ്ട് നാട്ട്ലൊക്കെ ബേങ്കീന്ന് കടലാസ് കിട്ടുമ്പോ ആണങ്ങള് തൂങ്ങിച്ചാവേം വെഷം കുടിക്കേം ഒക്കെ ണ്ട്ന്ന്. കാശൊട്ക്കാൻ പറ്റാണ്ട്..

പപ്പിനി ചിറിച്ചു…

‘മാനക്കേട് ആണങ്ങള് ക്ക്ല്ലേള്ളോ. പെണ്ണങ്ങള് എരന്നാ കട്ടാ തുണിയഴിച്ചാ ഒക്കെ പെറ്റിട്ട പിള്ളേരെ പെലത്തും. വീടും കുടീം നെലോം മാനോം ബേങ്ക് കൊണ്ടോയാലും..വേറേ ആര് കൊണ്ടോയാലും.

ഒരു അച്ചുവാനന്തൻ സകാവ് പറ്ഞ്ഞുപെണ്ണിനെ ഊദ്രവിച്ച സിന്മേല് ചിരിപ്പിക്കണ ആ സ്രീകുറാമന് മുണ്ട് കൊട്ക്ക്ല്ലാന്ന്.

വാക്കി ആരണ് അങ്ങ്നെ പറഞ്ഞേട്ക്കണ്.. കോടതി വരേ ഒന്നും പറേല്യ… പെണ്ണങ്ങളെ ഊദ്രവിക്കണോരേ. ഇന്നട്ട് ആണങ്ങള് വെഷം കുട്ച്ച് ചാവല്ലേ..ന്തിന്ണ്? കടം വന്നേനാ? പാടോം പറമ്പോക്കെ എല്ലാ നാട്ട്ലും ആണങ്ങള്ടെയാ. കടം വേടിച്ച്ട്ട് ആണങ്ങള് ചാവും. അപ്പ്ളും ഊദ്രം പെണ്ണങ്ങള്ക്കല്ലേ..’

അവളരെ മിണ്ടക്കം കേക്കച്ച്ലെ തോന്നാ കാന്തേരി മൊള്ക് കടിച്ചന്ത്യാ..അവള് പറ്ഞ്ഞ്ത് നേരന്ന്യാ. നേര് കേക്ക്മ്പളാണല്ലോ കാന്തേരി കടിച്ചോണം ആവണത്.

അച്ചുവാനന്തൻ സകാവ് പെണ്ണങ്ങളെ ഊദ്രവിച്ചോരേ വെലങ്ങ്ടുന്നൊക്കെ മുപ്പാട് പറേണ്ടാരുന്നു. അപ്പോ മേത്തമ്മാരെ ജാത്ത വരും, കോങ്ക്രസ്സ്‌ൻറെ ജാത്ത വരും..പാറ്ട്ടീരേ ജാത്തേം വരും…ഇന്തുത്ത ജാത്ത വരും.. പിന്നേ വല്യക്കാട്ടേ കോടതിയോള് വരും. പെണ്ണങ്ങളെ പാടം പടിപ്പിക്കണേല് എല്ല്‌രും നല്ല ചേറ്ച്ച്യാണ്.

സകാവ് പിന്നെ മിണ്ടലാ നിർത്തും.

ഒരൂസം ടീ വി തൊറക്ക്ച്ച്ലേണ് കണ്ട്ത്.. വോംബേല് പിന്നും പൊട്ട്ണ് ഭോംഭ്.. പടഗം പൊട്ടണോണം. വെല്യ കെട്ട്ടത്ത്ല് ഒക്കെ പൊട്ടണ്ട്… ആകനെ ആള്കാരടെ പരക്കം പായലും ടി വി കാരടെ പറച്ച്ലും മനിഷേമ്മാര്‌ടെ നെലോളീം…

ഇദേദ് പിശാശ്ക്കളാണ് ഇങ്ങ്നെ മനിഷേമ്മാരെ ഊദ്രവിക്കണ്ത്. എന്തിറ്റ്ന്ണ് ഈ രാജ്യത്ത്ലെ കെട്ടിടോക്കെ പൊളിക്കണ്ത്..

പപ്പിനി പറേണത് കാശ്‌ല്ലാത്ത മനിഷേമ്മാര് ഉമ്മിണീള്ള രാജ്യാ ദ്ന്ന്. അപ്പോ ഓരോരേ കെട്ട്ടോം റോടും വണ്ടീം ഒക്കെ എത്തറ ബുത്തിമ്മുട്ടീട്ടണ് ഇണ്ടാവണത് ഇവടെ. വോംബേല് പെണ്ണങ്ങളെ കൂട കെട്ക്കാൻ കിട്ടുന്ന്..ആ ഇല്യാത്തോര് പെണ്ണങ്ങള്ടേന്ന് വരെ സറ്ക്കാര് കാശ് പിരിക്ക്ണ്ട് ന്ന്.. ന്ന്ച്ചാ പണക്കാരേ കാശോണ്ട്‌ല്ല, ഈയ്യ നാട്ട്ല് ഓരേന്ന് ഇണ്ടാക്ക്ണ്.. പാവങ്ങള്‌രേം കാശ്ണ്ട് അയില്..

അത്ങ്ങനെ പൊട്ടിക്കാന്ന് വെച്ചാല്…

ചൊക്ളിക്ക് വല്ലാണ്ട് വന്ന്… അഞ്ചെട്ടൂസം കയിഞ്ഞിറ്റാ അറിഞ്ഞേ, വാറോട്ട് മനേലെ ചെറ്യമ്പൂരി ആ ഓട്ടല് കത്തല് ല് പെട്ട് മരിച്ചൂന്ന്..

പാക്കിസ്സാനീന്ന് വഞ്ചീമ്മേ കേറീട്ടാന്ന് മേത്തമ്മാര് വോംഭ് പൊട്ടിക്കാൻ വന്നേ. അത് മീൻ പിടിക്കണോര് കണ്ട് പോല്ലീസാരോട് പറഞ്ഞൂന്ന്. അയിന് പാവങ്ങള് പണിക്കാരൊക്കെ വല്ലോം പറഞ്ഞാ പോല്ലീസാര് കേക്കോ…ഓട്‌ടാ നായിൻറെ മൊക്ക്ളേന്ന് അവറ്റേനെ പറ്പ്പിച്ച്..

നാലൂസം കയിഞ്ഞപ്പ്ളാണ് മാലപ്പടഗം പൊട്ടണന്തി വോംഭ് പൊട്ട്യേ…

ഏതാണ്ട് ഒര് മേത്തനെ പിട്ച്ച്‌ണ്ട് കസ്ബ്ന്നാ കിസ്ബ്ന്നാ പേരായിറ്റ്..

എന്തേലും ആയിക്കോട്ടേ, മറിയപ്പാറേലും ആലൂര് സെൻററീലും വാറോട്ട് മനേടവടീം എല്ലോട്ത്തും ഇന്തുത്തക്കാര് ആ മേത്തനെ എങ്ങനീണ് കൊല്ലണ്ട്ന്ന് പറച്ച്ല് തൊട്ങ്ങി…

ഈയ്യ നാട്ട്ല് ഒന്നോലെ ചാവാ അല്ലേങ്ങേ കൊല്ലാ…

ജീവ്ക്കണ കാര്യേണ് ബുത്തിമുട്ട്..

പിന്നേം വന്ന് തെരഞ്ഞെടുക്കലേ.. ദല്കീലെ വട്ടക്കെട്ട്ടത്ത്ല് ഇരിക്കണ്ടോരേ തെരഞ്ഞ്ട്ക്കണം.

ഇന്തുത്തം പറേണോരെ തെര്ഞ്ഞ്ട്‌ക്കണന്ന് രാമേന്ദ്‌രസാമി ഡോക്കിട്ടറ് ഒറപ്പിച്ച് പറ്ഞ്ഞ്. രാജേട്ടൻന്ന് വിളിക്കണ ഇന്തുത്ത നേതാവ് അയ്യപ്പൻ കുന്ന്ല് വന്ന് പറസങ്ങിച്ചു. ആ മൻഷേനേ ചൊക്ളിക്ക് ഇഷ്ടായി. കാട്ടിക്കൂട്ട്ലും കോപ്രാട്ടീം ഇല്യാ. അട്പ്പത്ത്ലാണ് വർത്താനം. ഇന്തുത്തത്തിൻറെ കേമാവലന്യാ പറേണേച്ചാലും അയിലോര് തൊയിരണ്ട്. കേക്കാന്തോന്നും പറേണത്.

കോടംകരേലെ വല്യ ആസ്പത്രീല് നാട കണ്ടിക്കലും തെരഞ്ഞെടുക്ക്ല്ൻറെ പറസങ്ങോം അച്ചുവാനന്തൻ സകാവ് ഒന്നിച്ചങ്ങ്ട് കാച്ചി..സറ്ക്കാര് ആസ്പത്ത്‌രീല്ലേ.. ഇഞ്ഞീം പറസങ്ങിക്കാൻ വര്ണ്ടല്ലോ..

നല്ല പ്റസങ്ങാര്ന്നു. ടീ വീല് ചെലോര് കാണിക്ക്ണന്തിയന്നേ..ചെൽപ്പോ അതാലോയിച്ച്ട്ട് ചിറീം വന്ന് ചൊക്ളിക്ക്..
അയിൻറേടേല്‌ണ് തൃസ്സക്കുട്ടി കെട്പ്പിലായ്ത്. പ്ളഷറാന്ന് പറ്ഞ്ഞ് വെങ്ങ്ട്ടു ഡോക്കിട്ടറ്..കോടംകര വല്യാസ്പത്‌രിലന്നെ കോണ്ടോയി.. ഒര് കാര്യണ്ടായില്ല..

പോതം വന്ന്ല്ല.. മൂന്നാലീസം കയിഞ്ഞപ്പോ തൃസ്സക്കുട്ടി മരിച്ച്..

അടക്കിന് മൊക്കളൊക്കെ വന്നപ്പോ അമ്മ്ണീം ഇലിജോം പൊറ്ത്തായി. പറച്ചീ, പറ്ച്ചീരേ മോനേ ന്നാണ് മാപ്ളാര് ഒക്കീം വിളിക്ക്ണ്.

വേറേ കാര്യോന്നൂല്ല. പ്രാഞ്ചീസ്നും ഒന്നും കൊട്ക്കാണ്ട് ആ പെരേം സലോം വിറ്റ് കാശും കൊണ്ടാ പോണം അതന്നെ..

അമ്മ്ണീം ഇലിജോം ഏയ്ന്നേരം പപ്പിനീരേ വീട്ട്ല് ന്ന്യാണ്. അവ്‌ളോട് അമ്മ്ണീനെ എറ്ക്കി വിടടീന്ന് പറ്യാൻ പറ്റണോരൊന്നും ആ നാട്ട്ല് ജനിച്ച്ട്ട്‌ല്ല.

പാവേര്ന്ന പോളീം ദേവ്സ്സീം പെമ്മക്കള്‌രെ കെട്ട്യോന്മാരും ആരും മോശല്ല..കാശ്, കാശ്, കാശ് ന്നന്നെ പറച്ച്ല്. പള്ളീലെ അച്ചൻ വന്ന് അവത പറഞ്ഞോക്കി. അച്ചനും പ്രാഞ്ചീസ്നെ അത്‌റ പിട്ത്തം ല്ല. ഇന്നാലും ഒര് ലക്ഷം ഉറുപ്പിയ കൊട്ക്കണന്ന് അച്ചൻ പറ്ഞ്ഞ്….

മോയ്തീൻ കാജീരെ ഏറ്റോം ചെറ്യ മോള് ശമ്മ്നേരേ കെട്ട്യോൻ നജീമ്ണ് ആ സലം വാങ്ങ്യേ… മോശണ്ടായില്ല്യ.. അഞ്ച് സെൻറ്ന് മുപ്പത് റുപ്പിയ കിട്ടി. പ്രാഞ്ചീസ്നു ആരും ഒന്നും കൊട്ത്ത്ല്ല. അവൻ ഒന്നും എരക്കാനും പോയില്യ. കല്ല്മ്മേ കാറ്റടിച്ച്യന്തി ഒറ്റ ഇര്പ്പ്..

എല്ലരും കാശും കൊണ്ട് അപ്പ്യന്നെ പോയി. പെണ്ണങ്ങള് ൻറമ്മച്ചീരേ വട്ടയ, ൻറമ്മച്ചീരെ പിഞ്ഞാണം, ൻറമ്മച്ചീരെ ക്ളാസ്, മൊറം, ചൂല് ന്ന് പറഞ്ഞ് ഒക്കെം തൊടച്ച് പെറ്ക്കീ..

ഒരീസം വൈന്നാരായപ്പോ അമ്മ്ണീം, ഇലിജോം പ്രാഞ്ചീസും മാത്തറം ബാക്കി വന്ന്… പ്രാഞ്ചീസ്നറെ പഴേ പെട്ടി ഓട്ടർഷേം.
അന്ന് കള്ളുകുടിക്കാണ്ട് വന്നത് ഇന്തുത്തക്കാരൻ അയ്യപ്പുട്ട്യേട്ടനല്ല..അമ്മ്ണീരെ തന്ത അയ്യപ്പുട്ടിപ്പറേൻണ്.

പ്രാഞ്ചീസ്‌നേം അമ്മ്ണീനേം ഇലിജോനേം അയ്യപ്പുട്ട്യേട്ടൻ സൊന്തം വീട്ട്ലക്ക് കൊണ്ടോയി. പിറ്റേസം മൊതല് അയ്യപ്പുട്ട്യേട്ടൻ പഴേ പാറ്ട്ടിക്കാരനേയി. ഇലിജോ ൻറെ മുത്തപ്പനേയി..പഴേ തൊട്ടിപ്പറേൻ അയ്യപ്പുട്ട്യേയി.

തെരഞ്ഞ്ട്ക്കല് കയിഞ്ഞപ്പോ ആകനെ നാല് പാറ്ട്ടിക്കാരേണ് ദെല്കീലേ വട്ടക്കെട്ട്ടത്ത്ല് ഇരിക്കാൻ ആളഗാര് പറഞ്ഞേച്ചൊള്ളോ. ബാക്യൊക്കെ കോങ്ക്രസ്സാര്ന്നു. അങ്ങ്നെ പുത്യേ സറ്ക്കാര് വന്ന്തും ആ തലക്കെട്ട്ള്ള മൻഷ്നൻറന്ന്യാര്ന്നു.

അമ്മ്ണീം ഓട്ടർഷ ഓടിച്ചൊട്ങ്ങി. അയ്യപ്പുട്ട്യേട്ടൻ അവളക്ക് അതൊരെണ്ണാ വേടിച്ച് കൊട്ത്ത്. കോടംകരേലേം മൂക്ക്ല്ലൂരേം കന്യാശ്രീയോള്ടെ ഷ്ക്കോളീ പടിക്കണ പെങ്കിടാങ്ങ്ളെ അമ്മ്ണീണ് ഇപ്പോ കൊട്ന്നാക്കേം കൊണ്ടരേം ചെയ്യ്ണ്…

അദൊര് നല്ല കാര്യേണ്. പെങ്കിടാങ്ങള്ക്ക് ഒര് തൊയിരല്ലാത്ത കാല്ണ് ഇത്.. പപ്പിനി കേട്ടാ അപ്പ പറേം ‘ഒര് കാലൂണ്ടേയ്ര്ന്നില്ല പെണ്ണങ്ങളുക്കും ഇല്യാത്തോര്ക്കും യാതീ കൊറഞ്ഞോര്ക്കും തൊയിരം.’

(തുടരും….)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment