കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് ഗാർമെന്റ്സ് ഫാക്ടറിയിലെ 150 ഓളം തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 25 ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, ക്രിസ്മസ് ആഘോഷത്തിനിടെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റെക്സ് തൊഴിലാളികളുടെ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. മദ്യലഹരിയിൽ തൊഴിലാളികള്‍ അഴിഞ്ഞാടി അക്രമം അഴിച്ചുവിട്ടു. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നായിരുന്നു സംഘർഷം. പോലീസിനും നാട്ടുകാർക്കും നേരെ ആക്രമണമുണ്ടായി. രണ്ട് പോലീസ് ജീപ്പുകളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു.
ശനിയാഴ്ച രാത്രി രണ്ട് വിഭാഗം തൊഴിലാളികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സ്ഥലത്തെത്തിയ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് ഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന രീതിയില്‍ ‘ബംഗാളികൾ’ എന്ന് വിളിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം കണ്ട് നടുങ്ങി നിൽക്കുകയാണ് നാട്. പൊലീസുകാരെ ജീപ്പിനുള്ളിൽ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു അക്രമികളുടെ ശ്രമം.
ഭൂരിഭാഗം തൊഴിലാളികളും നാഗാലാന്റിൽ നിന്നും മണിപ്പൂരിൽ നിന്നുമുള്ളവരായിരുന്നു കിഴക്കമ്പലത്തെ കിറ്റക്സ് ക്വാട്ടേഴ്സിൽ
താമസിച്ചിരുന്നത്. ഇവർ സ്ഥിരം പ്രശ്നക്കാരായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചും കഞ്ചാവടിച്ചും നാട്ടുകാരോട് പലപ്പോഴും മോശമായി പെരുമാറുന്നവരാണിവരെന്നാണ് ജനങ്ങള്‍ പറയുന്നത്.
അർധരാത്രിയോടെ തുടങ്ങിയ സംഭവം ചിലർ പോലീസിൽ അറിയിച്ചു. പോലീസ് എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പോലീസ് എത്തിയപ്പോൾ ഇരുവിഭാഗവും പോലീസിന് നേരെ തിരിഞ്ഞു. നാട്ടുകാരെയും അവര്‍ വെറുതെ വിട്ടില്ല. പോലീസിനെ ആക്രമിക്കുക മാത്രമല്ല പോലീസ് ജീപ്പും സംഘം കത്തിച്ചു.
ലഹരിയിൽ ആറാടിയത് കിറ്റക്സിലെ സ്കിൽഡ് ലേബേഴ്സ് എന്നാണ് സൂചന. നാട്ടുകാരുടെ പരാതിയിൽ എത്തിയ പൊലീസിനേയും ആക്രമിക്കുകയായിരുന്നു അവർ. സിഐ അടക്കമുള്ളവരെ വളഞ്ഞിട്ട് മർദ്ദിച്ച് പ്രകോപനം സൃഷ്ടിച്ചതോടെ പൊലീസിന് സംഭവത്തിന്റെ ഗൗരവം പിടികിട്ടി. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചതോടെ കൂടുതൽ സേന എത്തി കമ്പനി ക്വാട്ടേഴ്സിലേക്ക് ഇരച്ചു കയറി അക്രമികളെ കീഴടക്കുകയായിരുന്നു. കിഴക്കമ്പലത്ത് കഞ്ചാവിൽ മുങ്ങിയ ക്രിസ്മസ് ആഘോഷമാണ് അർദ്ധരാത്രിയിൽ പ്രശ്നങ്ങൾക്ക് കാരണമായത്.
പൊലീസ് ജീപ്പിനുള്ളിൽ പൊലീസുകാരെ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനെ പൊലീസ് പ്രതിരോധിച്ചു. പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തൻകുരിശിൽ നിന്നും കുന്നത്തുനാട്ടിൽ നിന്നും കൂടുതൽ പൊലീസ് എത്തി. കിഴക്കമ്പലത്തെ കിറ്റക്സ് മാനേജ്മെന്റും സജീവ ചർച്ചകൾക്ക് എത്തി. എന്നാൽ തൊഴിലാളികൾ മാനേജ്മെന്റിനെ കേട്ടില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ഏതാണ്ട് നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രശ്നം കൈവിട്ടതോടെ ആലുവ റൂറൽ എസ് പി കാർത്തിക് സ്ഥലത്തെത്തി.
സംഭവം അറിഞ്ഞ് പുത്തൻകുരിശ് സി ഐ സ്വന്തം വാഹനത്തിൽ സ്ഥലത്ത് എത്തി. അദ്ദേഹത്തെ വളഞ്ഞു വച്ച് ആക്രമിച്ചു. ഇതോടെയാണ് പുത്തൻകുരിശ് പൊലീസ് സ്ഥലത്തേക്ക് വന്നത്. ഈ പൊലീസ് ജീപ്പിനെയാണ് തടഞ്ഞു വച്ച് കത്തിക്കാൻ ശ്രമിച്ചത്. ജീപ്പ് തുറക്കാൻ സമ്മതിക്കാതെ കത്തിക്കുകയായിരുന്നു. എന്നാൽ കത്തുന്ന ജീപ്പിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് അക്രമികളെ മാറ്റി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.
ഇതിനിടെ കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് ക്വാർട്ടേഴ്സിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. അപ്പോഴും തൊഴിലാളികൾ കല്ലേറ് തുടർന്നു. നാട്ടുകാരേയും ആക്രമിച്ചു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചവരെ ആക്രമിച്ചു. ഫോൺ നശിപ്പിച്ചു. ഇതിനിടെ കൂടതൽ പൊലീസ് സ്ഥലത്തെത്തി. ജീവനക്കാരുടെ ക്വാട്ടേഴ്സ് വളഞ്ഞ് അവർ അകത്തേക്ക് പ്രവേശിച്ചു. ലാത്തിചാർജ്ജിലൂടെ അക്രമികളെ കീഴടക്കി. അഞ്ചരയോടെയാണ് സ്ഥിതി ഗതികൾ ശാന്തമായത്. അഞ്ചര മണിക്കൂറോളം കിഴക്കമ്പലം യുദ്ധക്കളമായി മാറി.
കേരളത്തിൽ സമീപകാലത്ത് കണ്ടിട്ടില്ലാത്ത തരത്തിലെ പൊലീസ് ഓപ്പറേഷനാണ് കിഴക്കമ്പലത്ത് പുലർച്ചെ ഉണ്ടായത്. രാത്രി പന്ത്രണ്ടു മുതൽ ഒരു മണി വരെ അക്രമികൾ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടി. പൊലീസുകാരെ ജീപ്പിനുള്ളിൽ ഇട്ട് ജീവനോടെ കത്തിക്കാനും ശ്രമിച്ചു. ഇതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. വെടിവയ്പ്പ് ഒഴിവാക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്. അതുകൊണ്ട് തന്നെ ആളപായമില്ലാതെ ആലുവ എസ് പിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ വിജയകരമായി അവസാനിപ്പിച്ചു.
കിഴക്കമ്പലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. കമ്പനി ക്വാട്ടേഴ്സിൽ നിന്നും ഇറങ്ങി വരാൻ പൊലീസ് അക്രമികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വഴങ്ങിയില്ല. ഇതോടെയാണ് പുലർച്ചെ മൂന്ന് മണിയോടെ കൂടുതൽ പൊലീസ് എത്തിയതും അക്രമികളെ കീഴടക്കാനുള്ള നടപടികളിലേക്ക് കടന്നതും. ഏതാണ്ട് നൂറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
“ഒറ്റപ്പെട്ട സംഭവം” എന്ന് വിശേഷിപ്പിച്ച സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പത്ത് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 151 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഇപ്പോൾ പോലീസ് നിയന്ത്രണത്തിലാണ്. അവർ ശക്തമായ നടപടി സ്വീകരിക്കും. മറ്റ് വിശദാംശങ്ങൾ കാത്തിരിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.