കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ജീവിതം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചന. ഇഷ്ടപ്പെട്ട വിവാഹമായിരുന്നെങ്കിലും, മനസ്സിനിണങ്ങാത്ത വ്യക്തിയുമായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിജയലക്ഷ്മി പറഞ്ഞു.
2018 ഒക്ടോബറിലായിരുന്നു മിമിക്രി താരം അനൂപുമായുള്ള വിജയലക്ഷ്മിയുടെ വിവാഹം. അതിനു മുന്‍പ് വന്ന വിവാഹാലോചന നിരസിച്ചത് വന്‍ വാര്‍ത്തയായിരുന്നു. വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് അന്ന് വാര്‍ത്തയായത്. വിവാഹശേഷം സംഗീത പരിപാടികള്‍ക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഏതെങ്കിലും സ്കൂളില്‍ അദ്ധ്യാപികയായി തുടര്‍ന്നാല്‍ മതിയെന്നുമുള്ള വിവാഹാഭ്യര്‍ത്ഥന നടത്തിയ വ്യക്തിയുടെ ആവശ്യമാണ് വിജയലക്ഷ്മി നിരസിച്ചതും, വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്ന് അറിയിച്ചതും.
സെല്ലുലോയ്ഡ് എന്ന സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ വിജയലക്ഷ്മി അനൂപുമായുള്ള വിവാഹ ശേഷവും സംഗീത ലോകത്ത് തുടര്‍ന്നു. എന്നാല്‍, അടുത്ത കാലങ്ങളിലായി ഭർത്താവ് അനൂപിന്റെ ഭീഷണികളും ദേഷ്യപ്പെട്ടുമുള്ള സംസാരവും തന്റെ മനസിനെ വിഷമിപ്പിക്കുകയാണെന്ന് വിജയലക്ഷ്മി പറയുന്നു.
“ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് മനസ്സ് ആകെ വിഷമിക്കുകയാണ്. അതുകൊണ്ട് പാട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. സംഗീതമാണ് എന്റെ ലോകം. അതുകൊണ്ട് വിവാഹജീവിതം വേര്‍പെടുത്തിയാലും സംഗീത ലോകത്ത് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും,” വിജയലക്ഷ്മി പറയുന്നു. ആരും തന്നെ പ്രേരിപ്പിച്ചിട്ടല്ലെന്നും വിജയലക്ഷ്മി പറഞ്ഞു.
അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ എല്ലാം മറക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിജയലക്ഷ്മിയുടെ കാഴ്ചശക്തിയെ സംബന്ധിച്ച വാർത്ത പുറത്ത് വന്നത്. കാഴ്ച തിരിച്ചുകിട്ടിയെന്നായിരുന്നു വാർത്ത. എന്നാൽ ആ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി വിജയലക്ഷ്മി തന്നെ രംഗത്തെത്തിയിരുന്നു. യൂട്യൂബിൽ ഒരു വാർത്ത കണ്ട് ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്നാൽ ആ വാർത്ത സത്യമല്ല. എനിക്ക് കാഴ്ച തിരിച്ചുകിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയിലെ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. തുടർ ചികിത്സയ്ക്ക് അടുത്ത വർഷം അമേരിക്കയിലേക്ക് പോകണം. അതിനുശേഷമേ പൂര്‍ണ്ണമായും കാഴ്ച ലഭിക്കൂ എന്നും വിജയലക്ഷ്മി പറഞ്ഞു.