എവിടെ എന്റെ വസുന്ധര? (കവിത): ജയൻ വർഗീസ്

അടിപൊളിയുടെ അവതാര
പ്പെരുമകളിൽ ജനകോടിക –
ളടിപിണയും, കലികാല –
ത്തിറയാട്ടക്കാലം ! 1

അഴിമതിയുടെ യടിവസ്ത്ര,
മുരിയുന്ന. രാഷ്ട്രീയം,
കലിതുള്ളി ജനതതിയുടെ
തലയരിയും കാലം ! 2

മുഴുഭ്രാന്തൻ മതവാദി –
പ്പരിഷകളാൽ നാടിന്റെ,
പൊതുനീതി കുടകുംഭ
മുടയുന്ന കാലം ! 3

മനുഷ്യത്വം പിടയുന്ന
മനസ്സാക്ഷി കുടജാദ്രി –
ക്കുടുമകളിൽ നരവേട്ട –
പ്പടയണിയുടെ കാലം ! 4

അതിരുകളുടെ മതിലുകളിൽ
ജനതകളുടെ, യവകാശ –
ക്കുരുതികളുടെ ശവനാറ്റ –
പ്പുകയുയരും കാലം ! 5

കെടുതികളുടെ തേരോടി –
ച്ചതയുന്ന ഭൂമിയുടെ,
നിറമാറിൽ ചുടുചോര –
പ്പുഴയൊഴുകും കാലം – 6

അതിശുഭ്ര നഭസ്സിന്റെ
വിരിമാറിൽ വിഷവീര്യ –
പ്പൊടി വിതറി തലമുറയുടെ
കുഴിതോണ്ടും കാലം ! 7

ഒരുതുണ്ടു റൊട്ടിക്കായ്
പിടയുന്ന ബാല്യത്തിൻ
മറുകൈയിൽ മിസ്സൈലിൻ
പിടിയമരും കാലം ! 8

ഒരുനൂറു മോഹങ്ങൾ
ഒരുപിടി ചാരംപോൽ,
അമരും ഈമണ്ണിന്റെ
ഗതികിട്ടാക്കാലം ! 9

അലയാഴി, ലൂസിഫാർ,
അലറുന്നു, ഇടയിൽ ഞാൻ,
വഴി തെറ്റു, ന്നെവിടെയെൻ
പ്രിയ ഭൂമി വസുന്ധരയാൾ ? 10

*അടിക്കുറിപ്പ്

സുധീർഘമായ ഒരു കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഈ കവിത. നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ സ്വാധീനിച്ച സംഭവ വികാസങ്ങളെ കവിതയിൽ അക്കമിട്ടു നിരത്തുന്നു.

1. അമൃതവർഷം ഉൾപ്പടെയുള്ള മത – രാഷ്ട്രീയ ഒത്തു ചേരലുകൾ.
2. കേരളം രാഷട്രീയം ; മാറാട് ഉൾപ്പടെയുള്ള കൂട്ടക്കൊലകൾ.
3. ബാബ്‌റി മസ്ജിത് ഉൾപ്പടെയുള്ള മത അധിനിവേശങ്ങൾ.
4. മുത്തങ്ങ നരവേട്ട മുതൽ കേരളത്തിൽ ഒഴുകിപ്പടരുന്ന ചോരക്കറകൾ.
5. ഒരിക്കലും ഒടുങ്ങാത്ത ഇന്ത്യ-പാക് സംഘർഷം.
6. പ്രകൃതി ക്ഷോഭങ്ങൾ, ഭൂകമ്പങ്ങൾ, സൂര്യതാപം.
7. കൊറോണാ വൈറസ്, ആന്ധ്രാക്സ്, ജൈവ – രാസായുധങ്ങൾ.

8. ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയൻ സംഘർഷ മേഖലകൾ.
9. വേൾഡ് ട്രേഡ് സെന്റർ പതനം സൃഷ്ടിച്ച സാമൂഹിക ആഘാതങ്ങൾ.
10. അനുഭവിക്കാൻ നമ്മൾ, നമ്മുടെ സമകാലീന സമൂഹം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News