കെ എച്ച് എൻ എ 2023 ഹ്യൂസ്റ്റനിൽ വേണം; ഉറച്ച നിലപാടുമായി ടി എൻ നായർ

ഡാളസ്: കെ എച്ച് എൻ എ (KHNA) എന്ന മഹാ പ്രസ്ഥാനത്തിന് 2001 ഏപ്രിൽ 13 ന് സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ആദ്യ കൺവൻഷൻ ഉദ്ഘാടനം ചെയ്ത അന്നു തൊട്ട് ഈ സംഘടനയുടെ സഹയാത്രികനാണ് ഞാൻ. ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി ഹിന്ദു കൂട്ടായ്മ എന്ന സങ്കല്പം പങ്കുവയ്കുകയും ആദ്യ പടിയെന്നോണം കെ എച്ച് എൻ എ ക്ക് വിത്തുപാകുകയും ചെയ്ത ധന്യ മുഹൂർത്തത്തിൽ സന്നിഹിതനാകാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഒരു ഗുരുത്വമായി കരുതുന്നു . അന്നുതൊട്ട് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. പതിനൊന്നാമത് കൺവൻഷന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന കെ എച്ച് എൻ എ ക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു.

ഓരോരുത്തർക്കും ഉതിരവാദതിത്വങ്ങൾ ഉണ്ട്. ഒരുപക്ഷെ നമ്മുടെ നിലപടുകൾ എല്ലാവരെയും തൃപ്‌തി പെടുത്തണം എന്നില്ല. പക്ഷെ നമുക്ക് ഒരു നിലപാട് കണിശമായും വേണം. ചില നിലപാടുകള്‍ ശരിയാണ് എന്ന് കാലം തെളിയിക്കുകയും ചെയ്യും. അമേരിക്കയിൽ ജനിച്ചു വളർന്ന നമ്മുടെ രണ്ടാം തലമുറക്ക് സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്വങ്ങൾ പകർന്നു കൊടുക്കാനും പാശ്ചാത്യ സംസ്കാരവുമായി ഹൈന്ദവീകതയെ സമന്വയിപ്പിച്ച് ഒരു പുതിയ അവബോധവും ഉണർവും അവരിൽ സൃഷ്ടിക്കുവാനും ഈ സംഘടനക്ക് കഴിയട്ടെ .

2023 ൽ ഹൂസ്റ്റണിൽ ശ്രീ ജി.കെ. പിള്ളയുടെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്ന കൺവൻഷനെ ഒട്ടേറെ പ്രതീക്ഷയോടെയും പ്രത്യാശയോടെയുമാണ് ഉറ്റുനോക്കുന്നത്. യു.എസിൽ ഹിന്ദു സമൂഹത്തിന്റെ പ്രാതിനിധ്യം വളരെയധികമുണ്ടെന്ന അനുകൂല ഘടകവും ഒരു സവിശേഷതയാണ്. പരിണതപ്രജ്ഞനായ ശ്രീ. ജി.കെ. പിള്ള മികച്ച സംഘാടകനും സംരംഭകനുമെന്ന നിലയിൽ കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അപൂർവ വ്യക്തിത്വമാണ്. കെ എച്ച് എൻ എ യുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കാനും കർമ്മമേഖലകൾ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപരിപ്പിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. സ്വാമിജി വിഭാവനം ചെയ്ത ലോക ഹിന്ദു പാർലമെന്റ് എന്ന ആശയത്തെ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളെ ത്വരിതപ്പെടുത്താനും മുന്നോട്ട് ബഹുദൂരം നയിക്കാനും ശ്രീ. ജി.കെ. പിള്ളയ്ക്ക് കഴിയും.

യു എസിൽ ജനിച്ചു വളർന്ന നമ്മുടെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയായിരിക്കണം കെ എച്ച് എൻ എ യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് ഞാൻ കരുതുന്നു. നമ്മുടെ തലമുറയെ ഭാരതീയ മൂല്യങ്ങളിലും സനാതന ധർമ്മങ്ങളിലും അവബോധമുള്ളവരാക്കി മാറ്റുകയും അതേ സമയം യു.എസിന്റെ രാഷ്ടീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉന്നതങ്ങളിൽ എത്തപ്പെടുവാൻ പ്രാപ്തിയുള്ളവരാക്കി മാറ്റുക എന്നതും നമ്മുടെ പ്രഖ്യാപിത അജണ്ടകളായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ദിശയിൽ തലമുറക്ക് കൈത്താങ്ങാകാൻ കെ എച്ച് എൻ എ ക്ക് സാധിക്കണം. അതിന് വേണ്ട കർമ്മ പദ്ധതികൾ സംഘടനാതലത്തിൽ ആവിഷ്ക്കരിച്ച് നടപ്പാക്കണം. നമ്മുടെ കുട്ടികൾക്ക് യു.എസിലെ ഉന്നത ശ്രേണികളിൽ അഭിരമിക്കുന്ന ശ്രദ്ധേയരായവരുമായി സംവദിക്കാനും പാഠങ്ങൾ ഉൾക്കൊണ്ട് ഭാവി കരുപിടിപ്പിക്കാനുമുള്ള അവസരങ്ങൾ കെ എച്ച് എൻ എ ഒരുക്കി കൊടുക്കേണ്ടതുണ്ട്. ശ്രീ. ജി.കെ. പിള്ളയും സമാന ആശയങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് കാണുമ്പോൾ അനല്പമായ സന്തോഷമുണ്ട്. എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നതിനൊപ്പം ശ്രീ. ജി.കെ. പിള്ളയ്ക്കും അദ്ദേഹത്തോടൊപ്പം കെ എച്ച് എൻ എ യുടെ നേതൃനിരയിലേക്ക് വരുന്ന എക്സിക്യൂട്ടീവ്, ഡയറക്ടർ, ട്രസ്റ്റി ബോർഡ്‌ അംഗങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.

സ്നേഹപൂർവം,
ടി എൻ നായർ
Founder Memeber KHNA, Trustee Chair 2007-09, President 2013-15

Print Friendly, PDF & Email

Leave a Comment