പാലക്കാട്ടെ അയ്യപ്പന്‍ മല (യാത്രാ വിവരണം): ഹണി സുധീര്‍

പാലക്കാട്‌ നിന്നും കഞ്ചിക്കോട് വരെയുള്ള ദൈനംദിന ഓട്ടത്തിൽ എന്നെ അത്രമേൽ ആകർഷിക്കാറുള്ള കാഴ്ചകളാണ് സഹ്യപർവതങ്ങളുടെ മനോഹാരിത. തലയെടുപ്പോടെ കരിനീല നിറത്തിൽ, വെയിൽ ചായുമ്പോൾ പച്ചയിലേക്ക് മാറും, ഇരുളും ചില നേരത്ത്.. മേഘങ്ങൾക്കു ഓടിക്കളിക്കാൻ സ്ഥലം കൊടുത്തു മഞ്ഞിൽ മൂടി നില്‍ക്കും ചിലപ്പോൾ. അങ്ങനെ പല പല ഭാവങ്ങളിൽ ഇങ്ങനെ കൊതിപ്പിച്ചു നിർത്തും. ഒരിക്കലെങ്കിലും ആ മലമുകളിൽ ഒന്ന് കയറി നോക്കിയാലോ എന്ന് ഭ്രാന്തമായി ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.

അങ്ങനെയിരിക്കെ കടയിൽ വരുന്ന ഒരു കസ്റ്റമർ മുഖാന്തിരം ആണ് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അയ്യപ്പൻമലയിലെ ക്ഷേത്രത്തെ കുറിച്ചറിയുന്നത്. അദ്ദേഹത്തിന്റെ വീടുൾപെടുന്ന പ്രദേശങ്ങൾ ആനയിറങ്ങുന്ന സ്ഥലങ്ങൾ ആയതിനാൽ, അങ്ങനെയുള്ളൊരു സംഭാഷണ ശകലത്തിൽ നിന്നാണ് ഈ ഉത്ഭവം.

ഈ ജനവാസമേഖലയിൽ ഒറ്റയാനും കൂട്ടങ്ങളും ഭീതി സൃഷ്ടിക്കുന്നതിനാൽ പലരും പ്രാണരക്ഷക്കായി ഇവിടം വിട്ടു പോയിട്ടുണ്ട്. ഈ ഡിസംബർ ഇരുപത്തി അഞ്ചിന് അയ്യപ്പൻ മലയിലെ ക്ഷേത്രം തുറക്കുന്നതെന്നും അദ്ദേഹത്തിൽ നിന്നറിയാൻ കഴിഞ്ഞു.

അപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചിട്ടു, ഈ അവസരം ഒട്ടും പാഴാക്കരുതെന്ന്. പക്ഷേ അവിടെ എനിക്കൊരു മുട്ടൻ പരീക്ഷണം കിട്ടി. അഞ്ചു ദിവസം മുന്നേ വണ്ടി മറിഞ്ഞു വീട്ടിൽ കിടപ്പായി. പൊട്ടലും കാര്യങ്ങളും ഒന്നും ഇല്ലെങ്കിലും മുറിവുകൾ ഇത്തിരി കടുപ്പത്തിൽ ആയിരുന്നു. അതും കാലിന്. എന്റെ ആഗ്രഹം സാധിക്കുമോ എന്ന ചിന്ത മനസിനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു. പിന്നെ രണ്ടും കല്പിച്ചങ്ങ് പോകാൻ തീരുമാനിച്ചു. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണല്ലോ. കൂടാതെ മാനസികമായും ശാരീരികമായും കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഏതൊരാൾക്കും അസാമാന്യമായോരുൾക്കരുത്ത് തനിയെ വന്നു തുടങ്ങും. പലരും അതു മനസിലാക്കാതെ പോകും എന്ന് മാത്രം. ആ ബലത്തിൽ ഞാൻ യാത്രക്കൊരുങ്ങി.

കൂട്ടുകാരെ വിവരം അറിയിച്ചുവെങ്കിലും ഈ യാത്ര തനിയെ പോകണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എവിടെയെങ്കിലും കാൽ വഴുതിപോയാൽ ദൈവത്തിന്റെ ഒരു കരം കൂടെ കാണും എന്ന വിശ്വാസത്തിൽ. അങ്ങനെ ശനിയാഴ്ച പല പ്രതിബന്ധങ്ങളേയും മുടക്കങ്ങളെയും മറി കടന്നു യാത്ര തിരിച്ചു. ശബരിമല കഴിഞ്ഞാൽ ഇത്രേം ഉയരത്തിൽ ഉള്ള മറ്റൊരു അയ്യപ്പക്ഷേത്രത്തെക്കുറിച്ചു കേട്ടിട്ടില്ല എന്നതും യാത്രയുടെ വേഗത കൂട്ടി.

പാലക്കാട്‌ നിന്നും 11കിലോമീറ്റർ യാത്രയാണ്‌ കഞ്ചിക്കോട്ടേക്കുള്ളത്. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് കൂടി പനങ്കാട് വഴി മുന്നോട്ട് പോയാൽ വല്ലടി എന്ന സ്ഥലതെത്താം. അവിടെ നിന്നു തന്നെ സഹ്യന്റ കുഞ്ഞു മലകൾ കണ്ടു തുടങ്ങും. ജനവാസമേഖലകളായ വല്ലടി പൊട്ടൻച്ചിറ തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ടാൽ വലിയേരി എത്തും. അവിടെ നിന്നാണ് റിസേർവ് ഫോറസ്റ്റ് തുടങ്ങുന്നത്.

ഒന്ന് രണ്ട് വീടുകൾ ഒഴികെ മറ്റൊന്നും ആ പ്രദേശത്തില്ല. അവിടെ നിന്നും നടന്നുപോയാൽ കുപ്പാലൻചള്ളയിൽ എത്തും. അയ്യപ്പന്‍ മലയുടെ താഴ്‌വാരം. അവിടെയുള്ള ഗണപതി കോവിൽ തൊഴുതു കൊണ്ട് മല കയറാൻ തുടങ്ങാം.

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അയ്യപ്പക്ഷേത്രം. വിശ്വാസികൾ രാവിലെ ഏഴുമണിക്ക്‌ തന്നെ മല കയറി തുടങ്ങിയിരുന്നു. പ്രായഭേദമന്യേ കുഞ്ഞുകുട്ടികളടക്കം വയസ്സായ അമ്മമാരും പ്രാർത്ഥനയോടെ മലകയറുന്നവരിൽ ഉണ്ടായിരുന്നു.

ചെങ്കുത്തായ പാറകെട്ടുകളിൽ കൂടി വേണം കയറാൻ,ചെറിയ മൂന്ന് കുന്നുകൾ കയറി കാട്ടിലൂടെ ക്ഷേത്രസന്നിധിയിൽ എത്താം.സ്വതവേ വനമേഖല ആയതിയാൽ ഈ ദിവസത്തെക്കായി വഴികൾ തൊഴിലുറപ്പ് പദ്ധതിക്കാരെ വിളിച്ചു വൃത്തിയാക്കിച്ചിട്ടുണ്ട് എന്നൊരു ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.കൂട്ടമായും തനിയെയും ആളുകൾ വന്നും പോയും ഇരുന്നിരുന്നു.കൂടാതെ മെഡിക്കൽ സജ്ജീകരണങ്ങളും ആംബുലൻസ് സൗകര്യവും എല്ലാം ഒരുക്കിയിട്ടുണ്ട് . അന്നദാനവും ഉണ്ടായിരുന്നു.

കുത്തനെ ഉള്ള പാറക്കെട്ടുകളിൽ കൂടി സൂക്ഷിച്ചു വേണം നടന്നു കയറാൻ. ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ പേടി തോന്നി. നേരിയ മൂടൽ മഞ്ഞിൽ വെയിലിന്റെ കഠിന്യം ലേശം കുറഞ്ഞിരുന്നു. മുകളിലേക്ക് കുടങ്ങളിൽ കുടിവെള്ളം ചുമന്നു കയറുന്ന ഭക്തരെയും ഇടക്ക് കണ്ടു. തനിയെ നടന്നു കയറാൻ പേടി തോന്നിയ എനിക്ക് ആ കാഴ്ച പ്രചോദനം നൽകി. കുടിവെള്ളം ചുമന്നു കയറിയ ആ മനുഷ്യരുടെ നന്മയിൽ ആദരവ് തോന്നി അപ്പോൾ. മനുഷ്യമനസുകളിലെ നന്മകൾ തിരിച്ചറിയപ്പെടാത്ത കാലത്തിലേക്കാണല്ലോ ഈ ലോകം പോകുന്നതെന്ന ചിന്ത ഇടക്ക് കയറി വന്നു. കുടിവെള്ളം കരുതിയതിനാൽ തളർന്നു പോയില്ല.

ഓരോ കുന്നുകൾ കയറുംതോറും താഴ്‌വാരത്തിന്റെ കാഴ്ചകൾ മനോഹരമായിരുന്നു. ഗണപതികോവിൽ എത്തും മുന്നേ വലിയൊരു തടാകം ഉണ്ട്. പ്രകൃതിയുടെ മനോഹാരിത. മലമുകളിൽ നിന്നും താഴെ ഇതുപോലെ രണ്ട് മൂന്ന് കുളങ്ങളും കണ്ടു. ആനകളുടെ നീരാട്ട് കുളങ്ങൾ ആണതൊക്കെ. ആനകൾ ജനവാസ മേഖലകളിലേക്ക് കയറിവരാതിരിക്കാൻ വനം വകുപ്പ് നിർമ്മിച്ച കുളങ്ങളും അതിലുണ്ട്.

കുട്ടികൾ അടക്കം മൊബൈൽ ക്യാമറകളുമായി കാഴ്ചകൾ പകർത്തി കൊണ്ടിരുന്നു. യുട്യൂബേഴ്സിന്റെയും വ്ലോഗ്ഴ്സിന്റെയും തിരക്കുകൾ അങ്ങിങ്ങായി കാണുന്നുണ്ട്. മുൻ വർഷങ്ങളെക്കാൾ ഇക്കുറി തിരക്ക് കൂടുതലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണക്കും ലോക്ക്ഡൗണിനും ശേഷം ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതിന്റെ കാഴ്ചകൾ. ഇടക്കിടക്കു കുഞ്ചി പെണ്ണിന്റെ ഫോൺ കോളുകൾ ഉണ്ടായിരുന്നു. അവൾക്കു അമ്മയുടെ മുറിവുകളെക്കുറിച്ച് നല്ല ആധി ഉണ്ടായിരുന്നു. പലപ്പോഴും കാലിടറി പോയി. കാൽ മുട്ടുകൾ ജീൻസിൽ ഉരഞ്ഞു മുറിവിൽ നിന്നും ചോരയോഴുകി വന്നിരുന്നു. ആ വേദന പക്ഷേ മനസിലേക്കെത്തിയിരുന്നില്ല.

പാതയോരങ്ങളിൽ ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്നവരും, ഐസ്ക്രീം കച്ചവടക്കാരും മറ്റുമൊക്കെ ഉണ്ടായിരുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ ആ ഭൂപ്രകൃതിക്കു പോറലേൽക്കുമെന്ന് കണ്ടപ്പോൾ വിഷമം തോന്നി. മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക് വസ്തുക്കൾ, കവറുകൾ, ഉപയോഗിച്ച് വലിച്ചെറിഞ്ഞ മാസ്കുകൾ, എല്ലാം യഥേഷ്ടം വഴിയരികുകളിൽ കാണുന്നുണ്ട്. നമ്മുടെ ജൈവസമ്പത്തിനെ നശിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. യാത്രകളും കാഴ്ചകളും മണ്ണിനെ പോറലേൽപ്പിക്കാതെ ആകട്ടെ.

കർശന നിയന്ത്രങ്ങൾ ഉള്ള മേഖല ആയതിനാലാകും വനം വകുപ്പ് കുന്നിൽ മുകളിൽ ക്ഷേത്രം പണിയാൻ അനുവദിച്ചില്ലെന്നറിയാൻ കഴിഞ്ഞു.

മലകയറി മുകളിൽ എത്തിയപ്പോൾ നല്ല തണുപ്പ്. വീശിയടിക്കുന്ന പാലക്കാടൻ കാറ്റും കൂടി സുഖകരമായ കാലാവസ്ഥ. ചൂടറിയുന്നില്ല.

കമ്പികൊണ്ട് ചുറ്റുമതിൽ തീർത്ത് മരത്തിന്റെ കീഴിൽ അയ്യപ്പ പ്രതിഷ്ഠ. അയ്യപ്പന്റെ ഫോട്ടോ വച്ചിട്ടുണ്ട്. പൂജാരിമാർ ഉണ്ട്. ഇളനീർ തീർത്ഥം സേവിച്ചുകൊണ്ട് അൽപനേരം ആ തിരുസന്നിധിയിൽ നിന്നു.

കാടിന്റെ മർമ്മരങ്ങൾ

ഭക്തർക്ക് കുടിവെള്ളവും മറ്റും നൽകി ക്ഷേത്ര നടത്തിപ്പുകാർ ഓടി നടക്കുന്നു.

ആ മലമുകളിൽ നിന്നും കഞ്ചിക്കോടിനെ മുഴുവനായും കാണാമായിരുന്നു. ക്ഷേത്രത്തിന്റെ പിൻവശത്തുകൂടി സ്വല്പം പിന്നീലേക്കിറങ്ങിയാൽ മലമ്പുഴ റിസേർവോയറിന്റെ വിദൂര ദൃശ്യവും കാണാം. മനോഹരാമായ പാലക്കാടൻ പാടശേഖരങ്ങൾ. നേർത്ത കോടമഞ്ഞു കാഴ്ചകൾ മറയ്ക്കുന്നുണ്ടെങ്കിലും, വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ആ സൗന്ദര്യകാഴ്ചകൾ ആളുകൾ ആവോളം ആസ്വാദിക്കുന്നുണ്ടായിരുന്നു.

യാത്രകൾ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ ഭംഗി കൂടും. വേദനകൾ ഒന്നും തന്നെ എനിക്ക് തോന്നിയില്ല എന്നത് വളരെ അത്ഭുതകരമായി തോന്നി.

തിരിച്ചിറങ്ങുമ്പോൾ മനസിൽ ഒരു വേദന. ഇനിയൊരു വർഷം കൂടി കാത്തിരിക്കാമെന്നു വാഗ്ദാനം അയ്യപ്പന്‍ മലയ്ക്ക് നൽകിക്കൊണ്ട് പടിയിറക്കം…

ഉയരങ്ങളിലേക്കുള്ള യാത്രകൾ കഠിനമാണ്.

തിരിച്ചിറക്കം എളുപ്പം കഴിയും.. ഒരുപക്ഷെ ഈ യാത്ര എനിക്ക് തന്ന പാഠവും അതായിരിക്കും.

അല്ല!! അതു തന്നെയാണ്.

പ്രതിസന്ധികളിൽ തളരാതെ മുന്നേറുക. ലക്ഷ്യം മനോഹരമായിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment