പൊതു ഗതാഗത സം‌വിധാനത്തില്‍ സർക്കാരിന്റെ മുൻഗണനകളിൽ മാറ്റം വേണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സർക്കാരുകളുടെ ഇച്ഛാശക്തിയില്ലായ്മ മൂലം കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വൈകുന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് കരമന-കളിയിക്കാവിള റോഡിന്റെ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 2010 ൽ തുടക്കം കുറിച്ച പദ്ധതി നാലു സർക്കാരുകൾ വന്നിട്ടും പകുതി പോലും ലക്ഷ്യം കാണാനാകാത്തത് എന്തുകൊണ്ടെന്ന് നാം ആത്മപരിശോധന നടത്തണം. 12 വർഷം കൊണ്ട് 11 കി.മീറ്റർ മാത്രമാണ് വികസിപ്പിക്കാനായത്. ഇതാണവസ്ഥയെങ്കിൽ ബാക്കിയുള്ള 19 കി.മീറ്റർ പൂർത്തിയാക്കാൻ എത്ര കാലം വേണ്ടിവരുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

പൊതുഗതാഗതത്തിന് സർക്കാർ നൽകുന്ന മുൻഗണനകൾ മാറേണ്ടതുണ്ട്. എല്ലാവർക്കും യാത്ര ചെയ്യാനുള്ള സമഗ്രമായ ഗതാഗത വികസനം ഉണ്ടാകണം. നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ ലഭ്യമായ ഡി പി ആർ വിവരങ്ങൾ പ്രകാരം ദേശീയപാതകൾ ഗതാഗത യോഗ്യമായാൽ സിൽവർ ലൈൻ നഷ്ടത്തിലാവുമത്രെ. അല്ലെങ്കിൽ ടിക്കറ്റ് നിരക്ക് ഉയർത്തണം. സിൽവർ ലൈൻ ലാഭകരമാക്കാൻ വിമാനങ്ങൾ വെടിവച്ചിടാതിരുന്നാൽ മതിയായിരുന്നുവെന്ന് അദ്ദേഹം കളിയാക്കി.

കരമന-കളിയിക്കാവിള പാത വികസനം സംബന്ധിച്ച വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ.എ.എസ് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എ. നീലലോഹിതദാസ് നാടാർ, കരമന ജയൻ , ആർ.എസ് ശശികുമാർ, എസ്.കെ ജയകുമാർ, അവനീന്ദ്രകുമാർ, അഡ്വ.ടി.പ്രദീപ്, ധനുവച്ചപുരം സുകുമാരൻ, മണ്ണാങ്കൽ രാമചന്ദ്രൻ, എസ്.എസ് ലളിത്, ബാലകൃഷ്ണപിള്ള ,എൻ ആർ സി നായർ ,ഋഷികേശൻ നായർ, വി.കെ ജയറാം, എം.രവീന്ദ്രൻ ,എ.സി രാജ് ,അമരവിള സതികുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment