തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂന്നു ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനത്തിനു സര്‍ക്കാര്‍ വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് പഠനം നടത്തുക. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസാണ് തിരുവനന്തപുരത്തും കാസര്‍ഗോഡും സാമൂഹികാഘാത പഠനം നടത്തുക. എറണാകുളത്ത് പഠന ചുമതല രാജഗിരി ഔട്ട്റീച്ച് സൊസൈറ്റിക്കാണ്. നൂറു ദിവസത്തിനുള്ളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കാസര്‍ഗോഡ് 142.9665 ഹെക്ടര്‍ ഭൂമിയും എറണാകുളത്ത് 116.3173 ഹെക്ടര്ഭ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടര്‍ ഭൂമിയുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണു പാത കടന്നു പോകുന്നത്. ഈ വില്ലേജുകളിലെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പഠനം നടത്തുന്നതിനായാണ് വില്ലേജുകളും പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലിലെ മൂന്നു താലൂക്കുകളിലായി 14 വില്ലേജുകളില്‍ പഠനം നടത്തുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലെ 17 വില്ലേജുകളിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news