മാവേലി എക്സ്പ്രസില്‍ പോലീസിന്റെ ചവിട്ടേറ്റയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ‘പൊന്നന്‍ ഷമീര്‍’

കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് തീവണ്ടിയില്‍ മര്‍ദനത്തിനിരയായതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

ഇപ്പോള്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീര്‍ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ
കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പോലീസ് പറയുന്നു. അതേസമയം, ഇയാളെ കണ്ടെത്താനോ മൊഴിയെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമികവിവരം. ഇതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment