ദിലീപിനെ ചോദ്യം ചെയ്‌തേക്കും; വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയമായ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മുന്‍ അന്വേഷണ ഉേദ്യാഗസ്ഥനായ ബൈജു പൗലോസിനാണ് മേല്‍നോട്ട ചുമതല.

കേസില്‍ പ്രതി പള്‍സര്‍ സുനിയേയും ദിലീപിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. വിയ്യുര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം, കേസില്‍ വിചാരണ നടപടികള്‍ ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണ നടപടികള്‍ ഫെബ്രുവരി 16നകം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍പ് മൂന്നു തവണ നീട്ടി നല്‍കിയ കാലാവധി ഇനി നീട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ദിലീപിനെതിരായ വെളിപ്പെടുത്തലിന്റെയും തുടരന്വേഷണം ആവശ്യപ്പെട്ട് നടി നല്‍കി കത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. നടിയുടെ കത്തും സര്‍ക്കാര്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.

അതിനിടെ, ദിലീപിനെതിരെ സംവിധായകന്‍ നല്‍കിയ മൊഴിയും സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്ന് പറയുന്ന ഫോണും പോലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്റെ രഹസ്യ മൊഴിയെടുക്കണമെന്നും പോലീസ് സി.ജി.എം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കും മജിസ്‌ട്രേറ്റ് മൊഴിയെടുക്കുക.

20നകം അന്വേഷണം നടത്തണമെന്ന വിചാരണ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടരന്വേഷണം ഊജിതമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment