ഒരു നീണ്ട പരീക്ഷണത്തിനു പിന്നാലെ മനസും റോഡും ചുട്ടുപഴുത്തു നിൽക്കുന്ന വേളയിലാണ് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലെ ഇന്ത്യന് കോഫി ഹൗസ് ശ്രദ്ധയിൽ പെടുന്നത്.
മൊത്തത്തിൽ വീഴ്ചയിൽ ബ്രേക്ക് പോയ വണ്ടിയും വച്ചാണ് പിന്നെയും ഉള്ള യാത്രകൾ. പറ്റിയതെല്ലാം ലേശം ഉണക്കം വച്ചും കരിഞ്ഞും വരുന്ന നേരത്തു ഒന്നൂടി വീഴ്ത്തിയിടല്ലേ ഭഗവാനെ എന്ന് മനസ്സിൽ ധ്യാനിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്തു ഹോട്ടലിന്റെ തൊട്ടടുത്ത ലോട്ടറി കടയുടെ മുന്നിൽ വണ്ടി വച്ചു.
തൂക്കിയിട്ടിരിക്കുന്ന ലോട്ടറികളിൽ ആകെ ഒന്നു കണ്ണോടിച്ചപ്പോൾ കടക്കാരൻ പുറത്തു വന്നു. ഭാഗ്യം താങ്ങാൻ ഉള്ള കരുത്തു പോലും അപ്പോൾ ഉണ്ടായിരുന്നില്ല. ഹോട്ടലിലേക്കെന്നു ആംഗ്യം കാണിച്ചുകൊണ്ട് ഞാൻ നടന്നു.
തിരക്കല്പം കുറഞ്ഞ സമയം ആയതുകൊണ്ട് ഒരു ഫാനിന്റെ കീഴിൽ തന്നെ കസേര കിട്ടി. പേഴ്സിൽ ഒന്നൂടി പൈസ ഉറപ്പു വരുത്തിയ ശേഷം വെയിറ്ററേ നോക്കി. കോഫി ഹൗസുകളിൽ മാത്രം കാണുന്ന ഈ യൂണിഫോമിറ്റി എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. വെള്ളയും വെള്ളയും വേഷവും തലപ്പാവും. ഒരു ചായ മാത്രം ഓർഡർ കൊടുത്തു ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്തു.
പ്രതീക്ഷകൾ പ്രതിസന്ധികളിൽ വെളിച്ചമായി നിലകൊള്ളും. കുറച്ച് സമയം മനസിനെ പിടിച്ച് കെട്ടി സമ്മർദ്ദം കൊടുക്കാതെ ഇരുത്താൻ ആണ് ചായ കുടിക്കാൻ കയറിയത്. ഫോണിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ മുന്നിൽ കൊണ്ട് വച്ച ചായ തണുത്തിരുന്നു. സത്യത്തിൽ ഫോണിൽ കണ്ണും വച്ചു മനസ് മറ്റെങ്ങോ പോയിരുന്നു.
ചൂടത്തെ ചൂട് ചായ എന്ന എന്റെ പൂതി നിശ്ശേഷം, തണുത്ത ചായ കുടിച്ചപ്പോൾ തണുത്തു പോയിരുന്നു.
ചായയും കുടിച്ചു എത്ര നേരം ഇരിക്കും?
മുന്നിലിരിക്കുന്ന ഒരു ഗ്ലാസ് കരിങ്ങാലി വെള്ളം കൂടി കുടിച്ചിട്ട് പതുക്കെ എഴുനേറ്റു. ബില്ല് കൊടുത്തു. റോഡിൽ ഇറങ്ങി വണ്ടി എടുത്തു നേരെ വീട്ടിലേക്കു വന്നു.
ബാഗും മാസ്കും മാറ്റി ഒന്നു മുഖവും കാലും കഴുകി നേരെ എന്റെ മാത്രം ലോകം എന്ന് വിധിയെഴുതിയ കട്ടിലിൽ. നെറ്റിയിൽ കൈ വെച്ചു കൊറേ നേരം മിണ്ടാതെ കിടന്നു.
വീണ്ടും ഫോണെടുത്തു നോക്കി. വാട്സ്ആപ്പില് ഇക്കിഗയിയുടെ ചിത്രം ഒരു സുഹൃത്തയച്ചിരിക്കുന്നു. പ്രചോദനത്തിന്റെ പല വേർഷനുകളും വായിച്ചു വായിച്ചു വിജ്ഞാനം പറയാൻ തുടങ്ങിയതിൽ പിന്നെ ഭർത്താവ് കൂട്ടം നിർത്തിയിരുന്നു.
ഏകദേശം ജപ്പാനീസിനെ അനുകരിച്ചു അത്യാവശ്യം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്ന ഞാൻ അറിയാതെ മധുരമിട്ട ചായയാണാല്ലോ കുടിച്ചതെന്നോർത്തു.
മനസ്സ് ചില നേരങ്ങളിൽ വേണ്ടതെല്ലാം മറന്നുകളയും. മറക്കേണ്ടുന്ന ഒന്നും മറക്കുകയും ഇല്ല.
നിന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും നീ തന്നെയാണ് എന്ന ചിന്ത കൊണ്ടാകും പലപ്പോഴും നടത്തുന്ന ആത്മസംവാദങ്ങളിൽ ഞാൻ കുറച്ചൂടി മാന്യയായിരുന്നു ഇന്ന്.
ഏറ്റവും നല്ല ഭാഷ അവനവനോട് തന്നെ ആയാലല്ലേ അകമേ ശാന്തി വരുള്ളൂ. ഇന്നത്തെ ചിന്തകളാണിതൊക്കെ. മാറ്റാരോടേക്കയോ ഉള്ള ദേഷ്യം ചുരുളി ഭാഷയിൽ ഞാൻ മനസ്സിൽ പറയുമ്പോൾ എന്റെ ഉൾഭാഷ തീർത്തും മോശമായി പോകുന്നു.
ഛെ ഛെ ഇനിയിതാവർത്തിക്കില്ല. എന്നിലെ എന്നോട് ഞാൻ ബഹുമാനം കാണിച്ചു തുടങ്ങി അപ്പോൾ മുതൽ.
വെറുതെ അല്ല. വെളിച്ചം നമ്മുടെ ഉള്ളിൽ ആണ്. അതിനെ പുറത്തുകൊണ്ട് വരുന്നതിൽ കാണിക്കുന്ന പിശുക്കൊന്നു കൊണ്ട് മാത്രമാണ് പല പ്രതിസന്ധികളും നമുക്കുണ്ടാകുന്നത്.
പക്ഷേ ഈ വെളിച്ചം തെളിച്ചമായി മാറാൻ കാലം ഇനിയും വേണ്ടിവരുമായിരിക്കും.
രണ്ടാമതൊരു ചായ മകളോട് ഉണ്ടാക്കാൻ പറഞ്ഞുകൊണ്ട് ഞാൻ എന്റെ പ്രിയപ്പെട്ട ചെടികളുടെ അടുത്തേക്ക് പോയി. പോകുന്ന വഴിയിൽ ഒരിക്കൽ ഞാൻ എടുത്തു നടന്നിരുന്ന റൂബി എന്ന പട്ടിക്കുട്ടി എന്റെ കൈയ്യിൽ എത്തി പിടിച്ചു. പാവം ഞാൻ അവളെ തിരിഞ്ഞു നോക്കിയിട്ടു ഒരുപാട് നാളായി.
എന്റെ കൈ അവൾക്കു കൊടുത്തിട്ടു ഞാൻ മിണ്ടാതെ നിന്നു കുറച്ച് നേരം. “സ്നേഹം”, അതൊരു അനുഭവമാണ്. പ്രത്യേകിച്ചും മിണ്ടാപ്രാണികളുടെതാകുമ്പോൾ. ഇനി എന്നും അല്പനേരം അവൾക്ക് കൊടുക്കാൻ ഞാൻ തീരുമാനിച്ചു.
എന്നും എന്റെ ദേഷ്യം ഇവരെയും ചീത്ത വിളിച്ചു തീർക്കാറുണ്ടെന്നു ഓർത്തപ്പോൾ ലജ്ജ തോന്നി. എന്റെ ബട്ടർ ഫ്ലൈ ചെടിയുടെ ഇലകൾ കടിച്ചു തിന്നതിനു അവളോട് എനിക്ക് ദേഷ്യമായിരുന്നു. നീ തട്ടി കളിച്ചതിനു ശേഷം മതി ഇവിടെ ചെടികൾ എന്ന് ഞാൻ റൂബിയോട് പറഞ്ഞു.
ഇതെല്ലാം എന്ത്!!! എത്ര കേട്ടതെന്ന ഭാവത്തിൽ, സോഫി എന്ന കാരണവത്തി പട്ടിക്കുട്ടി ഒന്നാക്കി കുരച്ചു.
എടീ, എന്ന് മനസ്സില് പറഞ്ഞുകൊണ്ട് ഉള്ളിൽ വന്ന ചിരിയുമായി അങ്ങ് ദൂരെ മറയുന്ന സൂര്യനെ നോക്കി. അസ്തമയം ആയെങ്കിലും എന്റെ മനസിൽ അപ്പോഴേക്കും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഉദയം സംഭവിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news