സ്വർഗ്ഗം കിട്ടിയ പത്രോസ് (നർമ്മ കഥ): ജയൻ വർഗീസ്

അങ്ങിനെ പത്രോസിന് സ്വർഗ്ഗം കിട്ടി. അവസാന റൗണ്ട് മത്സരത്തിൽ പത്രോസിന് ഭീഷണിയായി ഒരു പ്രാദേശികമെത്രാൻ വിലങ്ങനെ നിന്നതോടെയാണ് ഫലം അനിശ്ചിതമായി അൽപ്പം നീണ്ടു പോയത്.

ദരിദ്രനും, അനാഥനുമായ പത്രോസിന് കാള പൂട്ടലായിരുന്നു ജോലി. പാട വരമ്പിൽ കഞ്ഞിയും, കപ്പയുമായിഎത്തിയ പത്രോസിന്റെ ഭാര്യയുടെ ശരീര വടിവിന്റെ നിമ്നോന്നതങ്ങളിൽ വയലുടമയുടെ വക്രക്കണ്ണുകൾവല്ലാതെ ഉടക്കുന്നതറിഞ്ഞപ്പോൾ പത്രോസ് ആ പണി നിർത്തി. ഭാര്യയുടെ താലിമാല വിട്ടു കിട്ടിയ പണം കൊണ്ട്പത്രോസ് കുറേ പാറപ്പുറം വാങ്ങിയതറിഞ്ഞപ്പോൾ നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു :

“ഈ പത്രോസിന് പ്രാന്താ“

ഭാര്യയുടെ കഴുത്തിൽ കെട്ടുതാലി കാണാഞ്ഞ് ആശ്ചര്യപ്പെട്ട അയൽക്കാരോട് പത്രോസ് പറഞ്ഞു :

“അവൾക്ക് ആ നമ്പർപ്ളേറ്റ് വേണ്ട“

കാളകളെ വിറ്റുകിട്ടിയ കാശ് കൊണ്ട് പത്രോസ് കുറേ തമര് വാങ്ങി. പാറകളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പത്രോസിന്റെ തമരുകൾ തീർത്ത ദ്വാരങ്ങളിൽ വെടിമരുന്ന് നിറച്ചു തീ കൊളുത്തുമ്പോൾ പൊട്ടിച്ചിതറുന്ന പാറക്കഷണങ്ങൾ വിറ്റ് പത്രോസ് ജീവിച്ചു. രാത്രിയുടെ യാമങ്ങളിൽ പത്രോസും, ഭാര്യയും മക്കളും കൂടി പാറക്കഷണങ്ങൾ അടിച്ചു പൊട്ടിച്ച് റബ്ബിളും, മിറ്റലുമാക്കി. പട്ടണങ്ങളിൽ നിന്ന് വരുന്ന ലോറികൾ പാറകൾ നിറച്ചു മലയിറങ്ങി മടങ്ങുമ്പോൾ പത്രോസിന്റെ മടിയും മനസ്സും ഒരുപോലെ നിറഞ്ഞു.

ക്രമേണ പത്രോസിന്റെ വ്യവസായം വളർന്നു. പണത്തിന്റെ ലഭ്യത കൂടിയപ്പോൾ പത്രോസ് അവിടെ ക്രഷർ ആരംഭിച്ചു.

‘കുണ്ടുണ്ണി മേനവനോർത്തു : തന്നേപ്പോലെ
കണ്ടവരാരുണ്ടുയർച്ചയും, താഴ്ചയും‘

എന്ന വയലാർക്കവിത പോലെ ജീവിതത്തിലെ കണ്ണീരും, പുഞ്ചിരിയും ആസ്വദിച്ചു കൊണ്ട് പത്രോസ് ജീവിച്ചൂ. മക്കളൊക്കെ പഠിച്ച് വലിയ വലിയ നിലകളിലായി. അമേരിക്കയിലുള്ള മകന്റെ കൂടെ ആറു മാസം താമസിച്ച് പത്രോസ് അമേരിക്കയും കണ്ടു. സഹജീവികളെ ആവുന്നത്ര സഹായിച്ച പത്രോസ് തന്റെ വൃക്കകളിൽ ഒന്ന് ഒരു അപരിചിതന് മുറിച്ചു നൽകിക്കൊണ്ട് അയാളുടെ ജീവൻ രക്ഷിച്ച് ചരിത്രം സൃഷ്ടിച്ചു. *

അങ്ങനെയിരിക്കുമ്പോൾ ലോകാവസാനം വന്നു. ‘ഭയങ്കരങ്ങളായ കണക്കു പുസ്തകങ്ങൾ വിടർത്തപ്പെടുകയും, തങ്ങളുടെ കുറ്റങ്ങൾ വായിക്കപ്പെടുകയും‘ ചെയ്യുന്ന സ്വർഗ്ഗത്തിന്റെ പടിവാതിൽക്കൽ പത്രോസ് കാത്തു കാത്ത് നിന്നെങ്കിലും കാവൽക്കാരൻ തിരിഞ്ഞു നോക്കിയതേയില്ല. കാവൽക്കാരന്റെ കാബിനിൽ തന്റെ താടി തടവിയിരിക്കുന്ന മെത്രാനച്ചനെ ഒരു നോക്ക് കണ്ടതോടെ മുന്നമേ പത്രോസ് അപകടം മണത്തിരുന്നു.

സമീപ കാല അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളുടെ അന്തിമ ഫലം അനിശ്ചിതമായി നീളുന്നത് പോലെ കുറെ കാത്തിരിക്കേണ്ടി വന്നുവെങ്കിലും അവസാനം പത്രോസ് അകത്തും, മെത്രാൻ പുറത്തുമായി.

രത്ന ഖചിതമായ വലിയ കമാനത്തിന്നടിയിൽ നക്ഷത്രപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന രാജകീയ ഉദ്യാനത്തിന്നരികിൽ വിരിച്ചൊരുക്കിയ ഒരു തങ്കക്കസേരയിലേക്ക് മാലാഖമാർ പത്രോസിനെ ആനയിച്ചിരുത്തി.

പത്രോസ് ചുറ്റും നോക്കി..എങ്ങും തളം കെട്ടി നിൽക്കുന്ന നിതാന്ത നിശബ്‌ദത. സമാനമായ തങ്കക്കസേരകളിൽ ആരൂഢന്മാരായിരിക്കുന്ന കുറേ ആത്മാവുകൾ. മാലാഖമാരുടെ സംഗീതം തരക്കേടില്ലല്ലോ എന്ന് ആദ്യമൊക്കെ തോന്നിയെങ്കിലും പിന്നെപ്പിന്നെ അതും മടുത്തു. വിശപ്പില്ലാ, ദാഹമില്ലാ, ശബ്ദമില്ലാ, ചലനമില്ലാ. രാത്രിയില്ലാ, പകലില്ലാ, ആദിയില്ലാ, അന്തമില്ലാ. പിന്നെ ആകെയുള്ളത് ഇടയ്ക്കിടയ്ക്ക് “ദൈവമേ നിനക്ക് സ്തോത്രം“ എന്നൊന്ന് പറയണം. അത്രേയുള്ളു !

ദിവസം മുഴുവനും ഒരേ സ്തുതി പറഞ്ഞു കഴിഞ്ഞപ്പോളേക്കും പത്രോസ് ശരിക്കും മടുത്തു. മിണ്ടാനൊക്കുമോ; എത്ര പാട് പെട്ടിട്ടാണ് ഈയൊരു വിസാ അടിച്ചു കിട്ടിയതെന്ന് വേദനയോടെ പത്രോസ് ഓർത്തു. കടിച്ചു പിടിച്ച് ഒരു മൂന്ന് ദിവസം കൂടി പറഞ്ഞു കഴിഞ്ഞപ്പോളേക്കും പത്രോസ് ശരിക്കും തളർന്നു. ഇതിനൊരു അവസാനം എന്നെങ്കിലും ഉണ്ടാവുമോ എന്ന് പത്രോസ് ഓർത്തു നോക്കി. ഇല്ല; ഒരു ദിവസമല്ലാ, ഒരാഴ്ചയല്ലാ, ഒരു മാസമല്ലാ, ഒരു വർഷമല്ലാ, ഒരായിരം വർഷമല്ലാ…. ഒരു കോടി വർഷമല്ലാ അന്തമില്ലാത്ത അനന്തമാണ്. നിത്യ ജീവനാണ് തനിക്ക് അടിച്ചു കിട്ടിയിരിക്കുന്നത്.

അടുത്ത അനക്സിലേക്ക്‌ ഒന്ന് മാറിക്കയറിയാലോ എന്ന് ഒരു നിമിഷം പത്രോസ് ചിന്തിച്ചു പോയി. അതിനായി വാതിൽക്കൽ വരെ എത്തിയെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ പത്രോസിന് മനം പുരട്ടൽ അനുഭവപ്പെട്ടു. പൂർണ്ണ നഗ്നരായ എഴുപത്തി രണ്ട് സുരസുന്ദരികളാണ് ഒരു ഊശാൻ താടിക്കാരനെ പരിപൂർണ്ണ നഗ്നനാക്കിയിട്ട് നക്കുന്നതും, നക്കിക്കുന്നതും, കടിക്കുന്നതും, കടിപ്പിക്കുന്നതും, പിടിക്കുന്നതും, പിടിപ്പിക്കുന്നതും, പിടിച്ചുവലിക്കുന്നതും, തടവുന്നതും, തലോടുന്നതും, പിച്ചുന്നതും, ഞപ്പുന്നതും തങ്ങളുടെ കോപ്പ മുലകളിലേക്ക് വലിച്ചടുപ്പിക്കുന്നതും, മറ്റും, മറ്റുമായ രതി പീഠനങ്ങളുടെ ഭീകര ദൃശ്യങ്ങളാണ് പത്രോസ് അവിടെ കാണുന്നത്.

ആവും വിധത്തിലൊക്കെ അവരുടെ ഇഷ്ടം സാധിക്കാൻ താടിയാശാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അവസാനം തോറ്റു തുന്നം പാടി “മതി, മതിയേ മതി “ എന്ന് കരഞ്ഞ് തളർന്നുവെങ്കിലും അവരുണ്ടോ വിടുന്നു ? തളർന്ന് മയങ്ങുന്ന ആശാന്റെ വായിലേക്ക് അടുത്തുകൂടി ഒഴുകുന്ന ലഹരിപ്പുഴയിൽ നിന്നും രണ്ടു പെഗ്ഗ് സൊയമ്പൻ കോരിയൊഴിച്ച് വീണ്ടും ഉണർത്തി തങ്ങളുടെ പരിപാടി തുടരുകയാണ് എഴുപത്തി രണ്ട് പെണ്ണുങ്ങൾ. എല്ലാം വിട്ടൊഴിഞ്ഞ് മടങ്ങിപ്പോകാം എന്നോർത്താലും രക്ഷയില്ല. കരാർ പ്രകാരം ആയിരം വർഷം നീണ്ടുനിൽക്കുന്നതാണ് ഒരു പ്രമോഷൻ. കഴപ്പൻ കരിയുറുമ്പിന്റെ കൂട്ടിൽ അകപ്പെട്ട ആഫ്രിക്കൻ ഞാഞ്ഞൂലിനെപ്പോലുള്ള അയാളുടെ പിടച്ചിൽ ഒന്ന് നോക്കുവാനേ പത്രോസിന് കഴിഞ്ഞുള്ളു. പിന്നെ “ താൻതന്നെ തെരഞ്ഞെടുത്തതല്ലേ അനുഭവിക്ക് ” എന്ന് സ്വയം ഉരുവിട്ട് കൊണ്ട് തിരിച്ചു വന്ന് തന്റെ കസേരയിൽ ഇരുന്നു.

ചർവിത ചർവണം പോലെ ഒരു മുഴുവൻ ദിവസം കൂടി പത്രോസ് പഴയ പോലെ സ്തുതി പാടിയെങ്കിലും, ഈ പണി തനിക്കു പറ്റിയതല്ലെന്ന വെളിപാടാണ് പത്രോസിനുണ്ടായത്. അദ്ധ്വാനിക്കാതെ ആഹാരം കഴിച്ചു ശീലിച്ചിട്ടില്ലാത്ത പത്രോസിന് ആ ഇരിപ്പ് ശരിക്കും മടുത്തു. അവസാനമില്ലാത്ത ഈ ആവർത്തന വിരസതക്ക് വേണ്ടിയായിരുന്നോ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം അച്ചന്മാർക്കും, മെത്രാന്മാർക്കും, പാസ്റ്റർമാർക്കും കൊടുത്ത് തുലച്ചത് എന്ന് പരിതപിച്ചുകൊണ്ട് വീണ്ടും പത്രോസ് എഴുന്നേറ്റു.

ഇടയ്ക്കു നരകത്തിലേക്കൊന്നു പാളി നോക്കിയ പത്രോസിന്റെ മനസ്സ് അവിടെ ഉടക്കി നിന്ന് പോയി. കെടാത്ത തീയും, ചാകാത്ത പുഴുവുമുള്ള നരകമാണെങ്കിലും കെടാത്ത തീയുടെ അഗ്നിനാളങ്ങൾ ആക്രമിക്കുമ്പോൾ അവിടെ ഒന്ന് തഴുകാം. ചാകാത്ത പുഴുവിന്റെ കടിയേൽക്കുമ്പോൾ കരഞ്ഞു വിളിച്ച് അവയെ പറിച്ചെറിയാം. അവിടെ. ശബ്ദമുണ്ട്, ചലനമുണ്ട്, വെല്ലുവിളികളുണ്ട്, സർവോപരി ജീവിതമുണ്ട്, അതിന്റെ താളമുണ്ട് ! വിശ്രുത ജർമ്മൻ കാവ്യോപാസകൻ ‘ഗോയ്‌ഥേ‘ യുടെ വിശ്വോത്തര കഥാപാത്രം ‘ഫൗസ്റ്റ് ‘ തന്റെ സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നതായി ഒരു നിമിഷം പത്രോസ് സ്വയമറിഞ്ഞു.

പെട്ടന്ന് പത്രോസിന്റെ ആത്മവിശ്വാസം ഉണർന്നു. വേദനകളും, നീറ്റലുകളും നിറഞ്ഞ നരകത്തീയിൽ പോലും സന്തോഷത്തിന്റെയും, സംതൃപ്തിയുടെയും മറ്റൊരു സ്വർഗ്ഗം തീർക്കാനാകും എന്ന ആത്മ വിശ്വാസം. !

പിന്നെ താമസിച്ചില്ല. സ്വർഗ്ഗത്തിലെ തന്റെ സ്വർണ്ണക്കസേര കാലുകൊണ്ട് പിന്നിലേക്ക് തള്ളി പത്രോസ് എഴുന്നേറ്റു. ഇ.എം. കോവൂരിന്റെ ‘മലകള‘ ലെ ‘ കോർഫി സായ്‌വി’ നെപ്പോലെ ഉറച്ച കാൽ വയ്പുകളോടെ നെഞ്ചു വിരിച്ച് നേരെ നരകത്തിലേക്ക് നടന്നു.

* പ്രചോദനം : മനുഷ്യ സ്നേഹിയായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിൽ.

**വേലിയേൽ ഇരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത്‌ വച്ച പോലെയായി നമ്മുടെ ഒരു സാംസ്കാരിക നായകന്റെ ഗതി. മുസ്ലിം സമുദായത്തിൽ ജനിച്ച്‌, ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിൽ എത്തിച്ചേരുകയും, അമേരിക്കയിലെ മലയാള സാഹിത്യ വേദികളിലെ ചർച്ചാ സാന്നിധ്യമായി ഇവിടെ വന്നു പോവുകയും, യുക്തിവാദത്തെ കൂട്ട് പിടിച്ച് താൻ നിർമ്മതനും, നിരീശ്വര വാദിയുമാണെന്നു സ്വയം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്ത ഈ വ്യക്തി സാമൂഹ്യ പ്രശ്നങ്ങളിലെ ചാനൽ ചർച്ചകളിൽ വലിയ വായുടെ ഉടമയായാണ് അറിയപ്പെട്ടിരുന്നത്. ഇതിനിടയിൽ ‘എനിക്ക് സ്വർഗ്ഗം വേണ്ടാ ‘ എന്ന പേരിൽ മുസ്ലിം സ്വർഗ്ഗ സങ്കൽപ്പങ്ങളെ തുഛവൽക്കരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഇദ്ദേഹം പുറത്തു വിട്ടതാണ് പ്രശ്നമായത്.

നിരീശ്വരനും, നിർമതനുമായ ഇദ്ദേഹം മുസ്ലിമിന്റെ ഈശ്വരനായ അള്ളായുടെ വാഗ്ദാനമായ സ്വർഗം വേണമെന്നോ, വേണ്ടന്നോ പറയുമ്പോൾ അത് ഉണ്ടെന്നു സമ്മതിക്കുകയല്ലേ എന്ന ചോദ്യവുമായിട്ടാണ് ഒരു മുസ്ലിം പണ്ഡിതൻ മറ്റൊരു വീഡിയോയിൽ ഇദ്ദേഹത്തെ വലിച്ചു കീറുന്നത്. നമ്മുടെ സാംസ്കാരിക നായകന്റെ വാദങ്ങളെ ഒന്നൊന്നായി വലിച്ചു കീറിക്കൊണ്ട് നമ്മുടെ മുസ്ലിം പണ്ഡിതൻ മറ്റേ പണ്ഡിതനെ ഭിത്തിയിൽ ഒട്ടിക്കുന്ന കാഴ്ച അടുത്ത കാലത്തൊന്നും കാണാത്തതും, ആലപ്പുഴയിൽ നടന്ന അരുംകൊലകളെക്കാൾ ഭീകരമായതുമായ ഒരു സൂപ്പർ ട്രാജഡി തന്നെയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നുണ്ട്. ഇത്തരം ബുദ്ധിജീവികളുടെ അനാവശ്യ ഇടപെടലുകളാണ് അന്തസുള്ള സാംസ്കാരിക രംഗത്തെ തെരുവിലേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത് എന്ന് ബോധ്യം വന്നത് കൊണ്ടാണ് ഇത് എഴുതുന്നത്. വീഡിയോകൾ യൂ ട്യൂബിൽ കാണാവുന്നതാണ്.

***ഈ നർമ്മ കഥക്ക് പ്രചോദനമായിത്തീർന്ന വീഡിയോകൾ പോസ്റ്റ് ചെയ്ത രണ്ട് പണ്ഡിതന്മാർക്കും ഹൃദയപൂർവം നന്ദി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment