കാവിൽ ഭഗവതിയെ കാണാൻ (യാത്രാ വിവരണം): ഹണി സുധീര്‍

ഏഴരാണ്ട് ശനി അഥവാ ഏഴരശനി മുന്നിൽ നിന്നും നയിക്കാൻ തുടങ്ങിട്ടു രണ്ട് കൊല്ലം പൂർത്തിയായി. മൂപ്പര്‌ ഇനി അഞ്ചു കൊല്ലം കൂടി ജീവിതം പഠിപ്പിച്ചു ഞാൻ പിഎച്ഡി എടുക്കുമ്പോഴേക്കും കാലം ഇമ്മിണി കഴിയും.

വാഹനാപകടം, സാമ്പത്തിക ക്രയവിക്രയം, മാനഹാനി അങ്ങനെ പലതും നിത്യേന കേൾക്കുന്നുണ്ട്. സർവേശ്വരനോട് പ്രാർത്ഥനയിൽ എന്നെ നന്നായി നോക്കാൻ പറയ്യാ എന്നല്ലാതെ വേറെ പോംവഴി ഇല്ല. എന്നാലും ഇടെക്കിടെ പോയി നിവേദനം കൊടുത്തില്ലേൽ നമ്മൾ പിന്തള്ളപ്പെട്ടു പോകും. കുറെയേറെ പരിഭവങ്ങൾ നിത്യേന കേൾക്കുന്നവരല്ലേ..

ആഴ്ചയിൽ ഒരു ദിവസം എങ്കിലും ക്ഷേത്ര ദർശനം ഇപ്പോൾ മുടക്കാറില്ല. പ്രത്യേകിച്ചും തികച്ചും ഗ്രാമീണ അന്തരീക്ഷമായ പാലക്കാട്. വേലകളുടെയും പൂരങ്ങളുടെയും നാടായ പാലക്കാടിന്റെ ഗ്രാമങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാൽ വാസ്തുകലകളാൽ മനോഹരങ്ങളായ ഒരുപാട് ക്ഷേത്രങ്ങൾ കാണാം. ഐതിഹ്യങ്ങൾ ഒരുപാടുള്ള സ്ഥലങ്ങൾ. ഇന്ന് കാലത്തു അവിചാരിതമായി അങ്ങനെ പല്ലശ്ശന കാവിൽ പോകാൻ സാധിച്ചു.

പതിനേഴു കൊല്ലമായി പാലക്കാട്‌ വന്നിട്ടെങ്കിലും ഇന്നേ വരെ ഈ കാവിൽ പോകാൻ സാധിച്ചിട്ടില്ല. മുൻപൊരു കല്യാണത്തിനു പോയി പുറത്തു നിന്നും കണ്ടെങ്കിലും, ഉള്ളിൽ കയറി തൊഴുതില്ല.

ഇന്നലെ രാത്രി ഒരു കൂട്ടു പെണ്ണ് വിളിച്ചു നാളെ പോരുന്നോ എന്ന് ചോദിച്ചപ്പോൾ ഒന്നും പിന്നെ നോക്കിയില്ല.. പുറപ്പെട്ടു. അതാണല്ലോ നമ്മുടെയൊരു ശീലം.

അതിരാവിലെകളിൽ പാലക്കാടൻ പാടശേഖരങ്ങൾക്ക് നടുവിലൂടെ മഞ്ഞു പുതച്ച പച്ചപ്പും കണ്ടു കൊണ്ടായിരുന്നു യാത്ര. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കൃഷി സ്ഥലങ്ങൾക്കു വേണ്ടി ഡാമുകളിൽ നിന്നും കനാൽ വഴി വെള്ളം കൊണ്ട് പോകുന്നത് പഠിച്ചത് ഓർമ്മയിൽ വന്നു. റോഡിനു സമാന്താരമായി വലിയൊരു കനാൽ ഒഴുകിയിരുന്നു. ദേശക്കാരനായ ഒരാളോട് ചോദിച്ചപ്പോൾ മലമ്പുഴ വെള്ളമാണെന്നു പറഞ്ഞു.

പാലക്കാടു നിന്നും കിലോമീറ്ററുകൾ താണ്ടി വെള്ളം കൊടുവായൂർ, പല്ലശ്ശന ഭാഗങ്ങളിലൂടെ ഒഴുകി കൊണ്ടിരുന്നു. സമൃദ്ധമായ ഒഴുക്ക്. സഹ്യനിൽ നിന്നും പൊട്ടിപുറപ്പെടുന്ന നീരുറവ അങ്ങ് ദൂരെ പാടശേഖരങ്ങൾക്കു പച്ചപ്പ്‌ നൽകുന്നത് കാണുമ്പോൾ പ്രകൃതി എത്രത്തോളം ചേർന്ന് നിൽക്കുന്നു എന്നത് മനസിലാക്കാതെ ചൂഷണം ചെയ്യുന്നവരോട് ദേഷ്യം തോന്നി. നാളെക്കായി, അടുത്ത തലമുറകൾക്കായി, ഈ പാടങ്ങളും നീരൊഴുക്കും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

പാലക്കാട്‌ നിന്നും ഏകദേശം ഇരുപത്തി രണ്ട് കിലോമീറ്റർ കൊല്ലെങ്കോട് പോകുന്ന വഴിക്ക് കരിപ്പോട് എന്ന സ്ഥലത്താണ് പല്ലശ്ശന കാവ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ മീൻകുളത്തി ഭഗവതിക്ഷേത്രം, അഥവാ പഴേകാവ് ഭഗവതി ക്ഷേത്രം. പേര് പോലെ കുളത്തിന് പ്രാധാന്യം ഉള്ള ക്ഷേത്രം.

നൂറ്റാണ്ടുകൾക്ക് മുന്നെയുള്ള ഐതിഹ്യപാരമ്പര്യം ഈ കാവിനുണ്ട്. കാലങ്ങൾക്ക് മുന്നേ തമിഴ്നാട്ടിലെ മധുരയിൽ നിന്നും തഞ്ചാവൂരിൽ നിന്നും കേരളത്തിലേക്ക് കുടിയേറി പാർത്ത വ്യാപാരികൾ ഉണ്ടായിരുന്നു. കൃഷിയും വ്യാപാരവും ഒക്കെ ആയി പിന്നിടവർ ഈ നാട്ടിൽ തന്നെ താമസം ഉറപ്പിച്ചു. എങ്കിലും മധുര മീനാക്ഷിയെ തൊഴാൻ മാസപ്പടി അവർ മധുരക്കു പോയും വന്നുമിരുന്നു.

അങ്ങനെയിരിക്കെ ഒരു വയസായ കാരണവർ മധുരയിൽ പോയി മടങ്ങുമ്പോൾ ദേവിയോട് പറഞ്ഞു, ഇനിയെനിക്കു തൊഴാൻ വരാൻ സാധിക്കും എന്ന് തോന്നുന്നില്ല, എനിക്ക് വയ്യാതായി എന്ന്. തിരിച്ചു നാട്ടിലെത്തിയ കാരണവർ കുളക്കടവിൽ ഓലക്കുടയും സാധനങ്ങളും വെച്ചു കുളിക്കാൻ പോയി. തിരിച്ചു വന്നു കുട എടുക്കാൻ നോക്കിയപ്പോൾ കിട്ടുന്നില്ല! എത്ര ശ്രമിച്ചിട്ടും കുട എടുക്കാൻ പറ്റാതായപ്പോഴാണ് അവിടെ ദേവി സാന്നിധ്യം ഉണ്ടെന്നറിയുന്നത്. തന്റെ ആശ്രിത ഭക്തനൊപ്പം മധുര മീനാക്ഷിയമ്മ പഴേ കാവിലേക്കു വന്നത്രെ!

പിന്നീട് ദേശക്കാർ ദേവി സാന്നിധ്യം കണ്ട സ്ഥലത്തു നിന്നും അല്പം ദൂരെ ആചാരപ്രകാരം ഒരു ക്ഷേത്രം പണി കഴിപ്പിക്കുകയും ദേവിയെ കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ഇതുകൊണ്ട് കൂടിയാണ് മലയാളികളെക്കാൾ കൂടുതലായി തമിഴ്നാട്ടിൽ നിന്നും ഭക്തജനങ്ങൾ കാവിൽ എത്തുന്നത്.

തമിഴ്സംസ്കാരവുമായി അത്രമേൽ ഇഴചേർന്നു നില്‍ക്കുന്നുണ്ട് ഈ ക്ഷേത്രം.

സാധരണ ഞായറാഴ്ചകളിൽ ക്രമാതീതമായ തിരക്കു അനുഭവപെടാറുണ്ടെങ്കിലും ഓമിക്രോൺ നിയന്ത്രണങ്ങൾ തമിഴ്നാട് ചെക്ക്പോസ്റ്റുകളിൽ കർശനമാക്കിയത് കൊണ്ടാകും ഇന്ന് തിരക്ക് കുറവായിരുന്നു.

ദേവീക്ക് പ്രിയമേറിയ കടുമധുരപായസം വഴിപാട് കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ആളുകൾ കുളത്തിൽ കാൽ കഴുകി കയറുക പതിവായിരുന്നു. ഇപ്പോൾ ക്ഷേത്ര പടികൾക്കു താഴെ വെള്ളം ഒഴുക്കി കൊണ്ടിരിക്കുന്നുണ്ട് ഭക്തർക്ക് കാൽ കഴുകാൻ. മറ്റു അമ്പലങ്ങളിൽ ഒന്നും തന്നെ ഇങ്ങനെ ഒരു സംവിധാനം കണ്ടിട്ടില്ല.

ഭക്തർ എറിഞ്ഞു കൊടുക്കുന്ന ആഹാരങ്ങൾ മീനുകൾ മത്സരിച്ചു കഴിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. അത്രമാത്രം വലിയ മീനുകൾ ആയിരുന്നു ആ കുളം നിറയെ.

കൊല്ലെങ്കോട് ദേശത്തു നിന്നും വന്ന പൂക്കാരി ചേച്ചിമാരോട് അല്പം വിശേഷം ചോദിച്ചു കൊണ്ട് ആ പരിസര പ്രദേശത്തു കൂടി ഞങ്ങൾ കുറച്ചു നേരം ചുറ്റി പറ്റി നടന്നു. തമിഴ്നാട്ടിൽ നിന്നും വരുന്ന പൂക്കൾ. ഒരു മുളം പൂവിനു അൻപതു രൂപയാണ് അവർ വില പറഞ്ഞത്. മുല്ലപൂക്കൾ ഇഷ്ടമായിരുന്നെങ്കിലും പൂവ് വാങ്ങിക്കാൻ വില കേട്ടപ്പോൾ തോന്നിയില്ല.

നിറയെ കടകൾ സാധാരണപോലെ തന്നെ. പുറത്തു നിന്നും വരുന്ന ഭക്തജനങ്ങളെ ഉന്നം വച്ചുള്ള വിലകൾ ആയിരുന്നു അവിടെ ഏറെയും.

കാവിലേക്കു പോകുമ്പോഴും അവിടെ നിന്നും, കുറച്ചു ദൂരെ മാറി ഒരു പാറ മുകളിൽ ഒരു ക്ഷേത്രം കാണുന്നുണ്ടായിരുന്നു. അവിടത്തെ ഒരു കടക്കാരനോട് ചോദിച്ചപ്പോൾ അതാണ് വാമല എന്ന് പറഞ്ഞു. വർഷത്തിൽ ദീപാവലി വാവിന് ഈ കാവിൽ നിന്നും മുരുകനെ ആവാഹിച്ചു കൊണ്ട് ആ മലമുകളിലെ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകാറുണ്ട് എന്നറിഞ്ഞു. പല്ലശ്ശന വാമല അയ്യപ്പക്ഷേത്രം. സമയകുറവ് കൊണ്ട് അവിടെയും കൂടെ കയറി കാണാൻ സാധിച്ചില്ല. വെയിലും നല്ല കാറ്റും ഉണ്ടായിരുന്നു. വർഷത്തിൽ ദീപാവലി ദിവസമാണ് ആ അമ്പലത്തിലെ ഉത്സവം. പാറമുകളിൽ ഉള്ള ആ ക്ഷേത്ര കാഴ്ച മനോഹരമായിരുന്നു. ഇനിയൊരു യാത്ര അവിടെയും പോകാൻ തക്കവണ്ണം പ്ലാൻ ചെയ്തു വരണമെന്ന് ബബിതയും പറഞ്ഞു.

തിരിച്ചു വരും മുന്നേ ചായ കുടിക്കാൻ വേണ്ടി ഒരു ഹോട്ടലിൽ കയറി. അവിടെ കിട്ടുന്ന പഴംപൊരിക്ക് നല്ല രുചിയാണെന്നു ബബിത പറഞ്ഞു. ഇന്ന് വരെ രുചിക്കാത്ത ഒരു രുചി തന്നെ ആയിരുന്നു അത്‌. നിയന്ത്രണങ്ങൾ മറന്നുകൊണ്ട് ഞാൻ ഒന്നു കൂടി വാങ്ങി കഴിച്ചു. ഓരോ നാടിനും തനതായ ഒരു രുചി ഉണ്ടാകും. പിന്നെയും നമ്മെ മാടി വിളിക്കാൻ.

യാത്രകൾ നമുക്കു ചുറ്റുമുള്ള കുഞ്ഞു കാഴ്കളിലൂടെ ആയാലും മതി. മനസ്സ് ഉല്ലസിക്കാൻ. ജീവിതത്തിൽ ഒരിക്കലും നൈരാശ്യപെടരുത്. കൺകുളിർക്കേ കാണാനും ആനന്ദിക്കാനും പ്രകൃതി നമുക്കായി ഒരുപാട് വിഭവങ്ങൾ ഒരുക്കി തന്നിട്ടുണ്ട്. കൂടാതെ, നമ്മുടെ പൂർവ്വികർ നിധി പോലെ തന്ന സംസ്കാരങ്ങളും.. മൂല്യമറിഞ്ഞു നമുക്കതു കാത്ത് സൂക്ഷിക്കാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News