ഡാളസ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യാ കൾച്ചറൽ & എജ്യുക്കേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ കൊല്ലവും നടത്തിവരുന്ന അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിൽ മികച്ച വിജയം നേടുന്ന മലയാളി വിദ്യാർഥികൾക്കു ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് മികച്ച മാർക്ക് നേടുന്ന മലയാളി വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഇന്ത്യാ കൾച്ചറൽ & എജ്യുക്കേഷനും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേര്‍ന്നാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പ്രയോക്താക്കള്‍ ലയണ്‍സ് ക്ലബ്ബ് ഡിഎഫ്ഡബ്ല്യു, ജോർജ് ജോസഫ്, രമണി കുമാർ, ജോസഫ് ചാണ്ടി, ജേക്കബ് എന്റര്‍പ്രൈസ്, ഐപ്പ് സ്കറിയ എന്നിവരാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്/പുതുവത്സരാഘോഷം ഒഴിവാക്കിയിരുന്നു. അതുകൊണ്ട് അവാർഡിന് അർഹരായവരെ മാത്രം ക്ഷണിച്ചുവരുത്തി അസ്സോസിയേഷൻ ഹാളിൽ പ്രത്യേകം ക്രമീകരിച്ച അവാർഡ്ദാന ചടങ്ങിൽ ICEC പ്രസിഡന്റ് ജോർജ് ജോസഫ് വിലങ്ങോലിൽ, അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഷിജു എബ്രഹാം, എജ്യുക്കേഷൻ ഡയറക്ടർ ഡോ. ജെസ്സി പോൾ എന്നിവർ ചേർന്നു അവാർഡ് നൽകുകയും അനുമോദിക്കുകയും ചെയ്തു.
അവാര്‍ഡിന് അര്‍ഹരായ റോഹൻ മാത്യു, ഐഡൻ പി. ജോർജ് (5-ാം ഗ്രേഡ്), കിഷോൺ പറയികുളത്ത്, നിയിൽ ജെജു (8-ാം ഗ്രേഡ്), ടോം പുന്നേൽ, ജെറിൻ ബി. മുളങ്ങൻ (12-ാം ഗ്രേഡ്) എന്നിവർ പ്രശംസാപത്രവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.
കൂടാതെ ആർട്ട് കോമ്പറ്റിഷൻ, സ്പെല്ലിംഗ് ബീ, മാത്ത് കോമ്പറ്റിഷൻ, സ്പോർട്സ് എന്നിവയുടെ സമ്മാനദാന വിതരണവും നടത്തി. കോവിഡ് മഹാമാരിയെ ഭേദിച്ച് വരുംവർഷങ്ങളിൽ പഴയതുപോലെ ശോഭനമായ പരിപാടി സംഘടിപ്പിക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടു നിയുക്ത അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായ ഐ. വർഗീസ്, ഫ്രാൻസിസ് തോട്ടത്തിൽ, ജൂലിയറ്റ് മുളങ്ങൻ, അനശ്വർ മാമ്പിള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അസ്സോസിയേഷൻ ഓഫീസിൽ നിന്ന് നേരിട്ടു സ്വീകരിക്കാനുള്ള സൗകര്യം ഒരിക്കിട്ടുണ്ടെന്ന് ഐ. വർഗീസ് അറിയിച്ചു.