ശാസ്ത്രത്തിന്റെ അത്ഭുതം!; പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിൽ വിജയകരമായി ഘടിപ്പിച്ചു

ബാൾട്ടിമോർ: വൈദ്യശാസ്ത്രത്തിൽ ആദ്യമായി ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമത്തിൽ, ഡോക്ടർമാർ പന്നിയുടെ ഹൃദയം രോഗിയിലേക്ക് മാറ്റിവച്ചു. അത്യന്തം പരീക്ഷണാത്മക ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം 57-കാരനായ രോഗി സുഖമായിരിക്കുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സ്കൂൾ തിങ്കളാഴ്ച പ്രസ്താവനയിറക്കി.

പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിന്റെ ഒരു ചുവടുവെപ്പാണ് ഇത്. ജനിതകമാറ്റം വരുത്തിയ മൃഗത്തിൽ നിന്നുള്ള ഹൃദയത്തിന് മനുഷ്യശരീരത്തിൽ ഉടനടി നിരസിക്കപ്പെടാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് ട്രാൻസ്പ്ലാൻറ് തെളിയിച്ചതായി മെരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ പറയുന്നു.

മെഡിക്കൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഈ പരീക്ഷണം. വരും കാലങ്ങളിൽ അവയവ ദാതാക്കളുടെ വലിയ കുറവ് പരിഹരിക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയാണ് ഈ ചരിത്രപരമായ ട്രാൻസ്പ്ലാൻറ് നടന്നത്.

ഈ ട്രാൻസ്പ്ലാൻറിനു ശേഷവും രോഗിയുടെ രോഗം ഭേദമാകുമെന്ന് ഇപ്പോൾ ഉറപ്പില്ലെങ്കിലും മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്നതിനെ സംബന്ധിച്ചിടത്തോളം ഈ ശസ്ത്രക്രിയ ഒരു നാഴികക്കല്ലാണ്.

ഡേവിഡ് ബെന്നറ്റ് (57) എന്ന രോഗിക്ക് ഗുരുതരമായ പല രോഗങ്ങളും, മോശം ആരോഗ്യവും കാരണം മനുഷ്യന്റെ ഹൃദയം മാറ്റിവയ്ക്കാൻ കഴിഞ്ഞില്ല. പന്നിയുടെ ഹൃദയം അദ്ദേഹത്തിന്റെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മെരിലാന്റ് നിവാസിയായ ഡേവിഡ് പറയുന്നു, “എനിക്ക് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ, ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ ഈ ട്രാൻസ്പ്ലാൻറ് ചെയ്യുക. എനിക്ക് ജീവിക്കണം, എനിക്കറിയാം ഇത് ഇരുട്ടിൽ അമ്പെയ്യുന്നതുപോലെയാണെന്ന്. പക്ഷെ, ഇത് എന്റെ അവസാന തീരുമാനമാണ്,” കഴിഞ്ഞ കുറേ മാസങ്ങളായി ഹാർട്ട്-ലംഗ് ബൈപാസ് മെഷീനിൽ കിടപ്പിലായ ബെന്നറ്റ് പറഞ്ഞു.

പുതുവത്സര തലേന്ന്, പരമ്പരാഗത ട്രാൻസ്പ്ലാൻറ് സാധ്യമല്ലെങ്കിൽ, അവസാന ശ്രമമെന്ന നിലയിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര ട്രാൻസ്പ്ലാൻറിന് അംഗീകാരം നൽകി. “ഇത് വിജയകരമായ ശസ്ത്രക്രിയയായിരുന്നു, അവയവങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് ഞങ്ങളെ ഒരു പടി കൂടി അടുപ്പിച്ചിരിക്കുന്നു,” പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച ഡോക്ടർ ബാർട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് ബെന്നറ്റ് സുഖം പ്രാപിക്കുകയും അദ്ദേഹത്തിന്റെ ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഡോക്ടർമാർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ അടുത്ത കുറച്ച് ആഴ്‌ചകൾ നിർണായകമാണ്.

ട്രാൻസ്പ്ലാൻറിനായി ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവങ്ങളുടെ കുറവുമൂലം പകരം മൃഗങ്ങളുടെ അവയവങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം, യുഎസിൽ 3,800-ലധികം ഹൃദയം മാറ്റിവയ്ക്കൽ മാത്രമേ നടന്നിട്ടുള്ളൂ. ട്രാൻസ്പ്ലാൻറ് സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ കണക്കനുസരിച്ച് റെക്കോർഡ് സംഖ്യയാണിത്.

“ഇത് പ്രവർത്തിക്കുകയാണെങ്കിൽ, ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ഈ അവയവങ്ങളുടെ അനന്തമായ വിതരണമുണ്ടാകും,” മേരിലാൻഡ് സർവകലാശാലയുടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്ക്കൽ പദ്ധതിയുടെ സയന്റിഫിക് ഡയറക്ടർ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ പറഞ്ഞു.

എന്നാൽ, അത്തരം ട്രാൻസ്പ്ലാൻറുകളുടെ മുൻകാല ശ്രമങ്ങൾ – അല്ലെങ്കിൽ സെനോട്രാൻസ്പ്ലാന്റേഷൻ – പരാജയപ്പെട്ട ചരിത്രവുമുണ്ട്. പ്രധാനമായും രോഗികളുടെ ശരീരം മൃഗങ്ങളുടെ അവയവം വേഗത്തിൽ നിരസിച്ചതിനാലാണത്. 1984-ൽ, ബേബി ഫേ എന്ന മരണാസന്നയായ ഒരു ശിശു, ഒരു ബാബൂൺ ഹൃദയവുമായി 21 ദിവസം ജീവിച്ചു എന്നത് ശ്രദ്ധേയമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News