ഡോ. ദീപ്തി നായർ മിസ്സിസ് കെ.എച്.എൻ.എ. കിരീടം സ്വന്തമാക്കി

അരിസോണയിൽ നടന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ഹൈന്ദവ സമ്മേളനത്തിൽ ഡിട്രോയിറ്റിൽ നിന്നുള്ള ഡോ. ദീപ്തി നായർ വാശിയേറിയ മത്സരത്തിലുടെ മിസ്സിസ് കെ.എച്.എൻ.എ. കിരീടം സ്വന്തമാക്കി.

വിവാഹിതകളായ വനിതകളിൽ നിന്നും കലാസാംസ്‌കാരിക വിജ്ഞാനവും ജീവിത മൂല്യങ്ങളും ഒരേപോലെ പുലർത്തുന്ന കുടുംബിനികളെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്നു റൗണ്ടുകളായി സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.

ഇഷ്ടപ്പെട്ട കലാപ്രകടനം കാഴ്ചവെക്കാനുള്ള അന്തിമ റൗണ്ടിൽ സിംഗപ്പൂരിൽ ഉൾപ്പെടെ വിവിധ വേദികളിൽ നൃത്താവിഷ്കാരങ്ങൾ നടത്തി കീർത്തി നേടിയ ദീപ്തി സ്വന്തമായി കോറിയോഗ്രാഫ് ചെയ്തു അവതരിപ്പിച്ച മോഹിനിയാട്ടം കേരളീയ തനിമകൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും വിധികർത്താക്കളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

ജനപ്രിയ സിനിമാ താരം ജയറാമിനോടൊപ്പം കണ്‍‌വെന്‍ഷനില്‍ പങ്കെടുത്ത നടിയും നർത്തകിയുമായ പാർവതി ജയറാമിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കളാണ് കലാമത്സരത്തിന്റെ മൂല്യ നിർണ്ണയം പൂർത്തിയാക്കിയത്.

കെ.എച്.എൻ.എ. മിഷിഗൺ വേദികളിലും ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ പരിപാടികളിലും നൃത്തവിസ്മയങ്ങൾ തീർത്തിട്ടുള്ള, യൂണിവേഴ്സിറ്റി ഓഫ് ഡിട്രോയിറ്റ് മേഴ്‌സി ഡെന്റൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിക്കുന്ന ദീപ്തി ഭർത്താവ് മധു നായരോടും രണ്ടു കുട്ടികളോടും ഒപ്പം ഡിട്രോയിറ്റിൽ താമസിക്കുന്നു.

കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ വച്ച് പാർവതി ജയറാം ദീപ്തിയെ കിരീടമണിയിച്ചു ആദരിക്കുകയും പ്രസിഡന്റ് സതീഷ് അമ്പാടി ആശംസ അർപ്പിക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News