ഇന്ത്യാ vs സൗത്ത് ആഫ്രിക്ക: രഹാനെക്ക് നാണക്കേട്, കോഹ്‌ലിക്ക് ചരിത്ര നേട്ടം

കേപ് ടൗണ്‍: ടെസ്റ്റ് പരമ്പരയിലെ വിജയിയെ തീരുമാനിക്കാനുള്ള കേപ്ടൗൺ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റൺസിന് പുറത്തായി. ടോസ് തുണയായപ്പോൾ കോഹ്‌ലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ബാറ്റ്‌സ്മാൻമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയും (79), ചേതേശ്വർ പൂജാരയുടെ 43 റണ്‍സും ഒഴിച്ചാൽ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദ്യ ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഡീൽ എൽഗറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കൊപ്പമെത്താൻ 206 റൺസ് വേണം. എയ്ഡന്‍ മാര്‍ക്രമും (8) കേശവ് മഹാരാജുമാണ് (6) ക്രീസില്‍. രണ്ടാം ദിനം തുടര്‍ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കാം എന്ന മോഹത്തോടെയാവും കോലിയും സംഘവും ഇറങ്ങുക. വലിയ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക പോയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ആദ്യ ദിനം തന്നെ നിരവധി നാഴികക്കല്ലുകളും റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയുടെ 50-ാം ടെസ്റ്റായിരുന്നു ഇത്. മികച്ച പ്രകടനത്തിന് റബാഡ കൈയടി നേടി. മായങ്ക് അഗർവാൾ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റുകളാണ് റബാഡ് നേടിയത്. ഇതോടെ മോണി മോർക്കലിന്റെ 155 വിക്കറ്റ് മറികടന്ന് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റിൽ ആറാമത്തെ വിക്കറ്റ് വേട്ടക്കാരനായി റബാഡ മാറി. നിലവിൽ 158 വിക്കറ്റുകളാണ് റബാഡയുടെ പേരിലുള്ളത്. കൂടാതെ കൂടുതല്‍ തവണ നാല് വിക്കറ്റ് പ്രകടനം നടത്തുന്നവരുടെ പട്ടികയില്‍ വെര്‍ണോന്‍ ഫിലാണ്ടറുടെ (21 തവണ) റെക്കോഡിനൊപ്പമെത്താനും റബാഡക്കായി.

ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ വിദേശ പിച്ചുകളില്‍ വീണ്ടും നിരാശപ്പെടുത്തി. വിദേശത്ത് 22 ഇന്നിങ്‌സില്‍ നിന്ന് 26.50 ആണ് മായങ്കിന്റെ ശരാശരി. ഇന്ത്യയില്‍ കഴിഞ്ഞ 10 ഇന്നിങ്‌സില്‍ നിന്ന് 83.90 ആണ് മായങ്കിന്റെ ശരാശരി. കേപ്ടൗണില്‍ 35 പന്തില്‍ 15 റണ്‍സ് നേടിയാണ് മായങ്ക് പുറത്തായത്. വിദേശ മൈതാനത്ത് തന്റെ ദൗര്‍ബല്യം വീണ്ടും മായങ്ക് തുറന്ന് കാട്ടുകയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ഒരു നേട്ടത്തിലെത്താന്‍ കോലിക്കായി. ഇത് 31ാം തവണയാണ് കോലിക്ക് ടെസ്റ്റില്‍ ടോസ് ലഭിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ തവണ ടോസ് നേടുന്ന റെക്കോഡില്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയ്‌ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്താന്‍ കോലിക്കായി. കൂടാതെ നിലവിലെ ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായി രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡിനെ കടത്തിവെട്ടാനും കോലിക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയില്‍ 1554 റണ്‍സാണ് ദ്രാവിഡ് നേടിയിരുന്നത്. കോലിയുടെ പേരില്‍ 1622 റണ്‍സാണ് ഇപ്പോഴുള്ളത്.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിന്റെ ഉറക്കം കെടുത്തുന്ന ബൗളറായി ഇന്ത്യയുടെ ജസ്പ്രീത് ബുംറ മാറിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സില്‍ മൂന്ന് തവണയാണ് എല്‍ഗറെ ബുംറ പുറത്താക്കിയത്. കേപ്ടൗണില്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച ബുംറയുടെ പ്രകടനം കേപ്ടൗണില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കും. അജിന്‍ക്യ രഹാനെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നു. ഒമ്പത് റണ്‍സെടുത്താണ് രഹാനെ പുറത്തായത്. 2020ന് ശേഷം കുറഞ്ഞത് 10 ഇന്നിങ്‌സെങ്കിലും കളിച്ച അഞ്ചാം നമ്പര്‍ താരങ്ങളില്‍ ഏറ്റവും മോശം ശരാശരി രഹാനെയുടെ പേരിലാണ്. 23.73 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. കൂടാതെ 2020ന് ശേഷം കൂടുതല്‍ തവണ ഒറ്റ സംഖ്യയില്‍ പുറത്താകുന്ന താരങ്ങളില്‍ സാക്ക് ക്രോളിക്കൊപ്പം രഹാനെ രണ്ടാം സ്ഥാനത്തേക്കെത്തി. 13 തവണയാണ് ഇരുവരും ഒറ്റ സംഖ്യയില്‍ കൂടാരം കയറിയത്.

ദക്ഷിണാഫ്രിക്കയില്‍ കോലി 50ലധികം റണ്‍സ് നേടുന്നത് ഇത് അഞ്ചാം തവണയാണ്. നാല് തവണ ഈ നേട്ടത്തിലെത്തിയ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ റെക്കോഡിനെ തിരുത്താന്‍ കോലിക്ക് സാധിച്ചു. എട്ട് തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. 2019ലെ അവസാന അന്താരാഷ്ട്ര സെഞ്ച്വറിക്ക് ശേഷം കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

ദക്ഷിണാഫ്രിക്കയിൽ 1000 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും കോഹ്‌ലിക്ക് സ്വന്തം. 911 റൺസ് നേടിയ സൗരവ് ഗാംഗുലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് കഴിഞ്ഞ 12 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ശരാശരി 20ൽ താഴെയാണിത്..

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment