നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തല്‍; ദിലീപിന്റെയും അനൂപിന്റെയും വീടുകളില്‍ റെയ്ഡ്

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ പോലീസ് പരിശോധന. കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് ആലുവയിലെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നാളെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കേയാണ് റെയ്ഡ്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആലുവയിലെ വീട്ടിലെ ഹാളില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ആലുവയിലെ വീട്ടില്‍ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നെത്തിയ വിഐപി ദിലീപിന് കൈമാറിയെന്നും, ഈ വീഡിയോ കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വീട്ടില്‍ വെച്ച് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സൃഹത്ത് ബൈജു ചെങ്ങമനാട്, തിരിച്ചറിയാത്ത മറ്റൊരാള്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.  കേസില്‍ ദൃശ്യങ്ങള്‍ കൈമാറിയെന്ന് ആരോപണവിധേയനായ വിഐപിയും പ്രതിയാണ്. അന്വേഷണ ചുമതലയില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റണമെന്ന് ഒരു മന്ത്രിയെ വിളിച്ച് വിഐപി ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചുവെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ദിലീപ് ചോദിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം രാവിലെ 11.30ഓടെ നാല് വാഹനങ്ങളിലായി ദിലീപിന്റെ വസതിയിലെത്തി. ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

ഗേറ്റും പൂട്ടിയിട്ടിരുന്നതിനാല്‍ സംഘാംഗങ്ങൾ മതില്‍ ചാടി അകത്തു കടക്കുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർക്ക് കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ അവർ ഗേറ്റ് തുറന്നു.

പിന്നീട് ആലുവയിൽ താമസിക്കുന്ന ദിലീപിന്റെ സഹോദരി വന്ന് വീട് തുറന്നുകൊടുത്തു. റെയ്ഡ് ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം ദിലീപും വീട്ടിലെത്തി. അതുപോലെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസ് ഓഫീസിൽ തിരച്ചിൽ നടത്തുമ്പോൾ ഏതാനും ഓഫീസ് ജീവനക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment