ഉത്തര്‍പ്രദേശില്‍ ഒരു ബി.ജെ.പി എം.എല്‍.എ കൂടി രാജിവച്ചു; മൂന്നു ദിവസത്തിനുള്ളില്‍ രാജിവച്ചവര്‍ ഏഴായി

ലക്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടിയായി ഏഴാമത്തെ എം.എല്‍.എയും രാജിവച്ചു. പിന്നാക്ക വിഭാഗം നേതാവ് മുകേഷ് വര്‍മ്മയാണ് ഇന്ന് എം.എല്‍.എ സ്ഥാനം രാജിവച്ച് പാര്‍ട്ടിവിട്ടത്. ട്വിറ്ററിലൂടെയാണ് മുകേഷ് വര്‍മ്മ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ വീട്ടില്‍ വച്ചായിരുന്നു പ്രഖ്യാപനം.

ഫിറോസ്ബാദില്‍ നിന്നുള്ള എം.എല്‍.എയാണ് മുകേഷ് വര്‍മ്മ. ഒബിസി വിഭാഗവുമാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രാജിവച്ച മറ്റ് നാലു പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ ദളിതര്‍ക്കും പിന്നാക്ക വിഭാഗത്തിനും ന്യുനപക്ഷങ്ങള്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഈ വിഭാഗങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളെ അവമതിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.

ദളിതരേയും പിന്നാക്ക വിഭാഗങ്ങളെയും കര്‍ഷകരേയും തൊഴില്‍രഹിതരായ യുവാക്കളെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയുമെല്ലാം സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. അതുകൊണ്ടുതന്നെയാണ് താന്‍ പാര്‍ട്ടി വിടുന്നത്. മൗര്യയാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതാവ് എന്നും താന്‍ അദ്ദേഹത്തിനൊപ്പമാണെന്നും മുകേഷ് പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment