കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസിൽ വിധി പറഞ്ഞത്. കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് ആശ്രമത്തിൽ വച്ച് 2014 മുതൽ 2016 വരെ 13 തവണ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്.

105 ദിവസത്തെ വാദത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങി ഏഴ് കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. 2014നും 2016നുമിടയിൽ കുറുവിലങ്ങാട് മഠത്തിൽ വച്ച് കന്യാസ്ത്രീ പീഡനത്തിനിരയായെന്നാണ് പരാതി. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

2017 മാർച്ചിലാണ് പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ മദർ സുപ്പീരിയറിന് പരാതി നൽകിയത്. ജൂൺ 27ന് ഇവർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പരാതിയിൽ അടുത്ത ദിവസം പോലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് അന്വേഷണച്ചുമതല നൽകി.

സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലുണ്ടായ പീഡനം ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കന്യാസ്ത്രീയെ സന്ദർശിച്ചിരുന്നു. അതിനിടെ കേസിന്റെ അന്വേഷണവും നടന്നിരുന്നു.

പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ രൂപതാ അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണ സംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡൽഹിയിൽ നിന്നുള്ള ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവിന്റെ മൊഴിയും ലഭിച്ചു.

2018 ഓഗസ്റ്റ് 10ന് അന്വേഷണസംഘം ജലന്ധറിലെത്തി 13ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു. ഇതേത്തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചത്.

ഐജിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12ന് കൊച്ചിയിൽ യോഗം ചേർന്ന് ബിഷപ്പിന് നോട്ടീസ് നൽകിയിരുന്നു. പിന്നീട് ജലന്ധർ രൂപതയുടെ ചുമതലകൾ ഫ്രാങ്കോ മുളയ്ക്കൽ കൈമാറി കൊച്ചിയിലെത്തി ചോദ്യം ചെയ്യലിന് ഹാജരായി. ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണ ഉദ്യോഗസ്ഥർ മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്തു. ഒടുവിൽ മൂന്നാം ദിവസമായ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തു. 5968 നമ്പർ തടവുകാരനായാണ് ഫ്രാങ്കോ പാലാ ജയിലിൽ അടച്ചത്. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിച്ചു. പാലാ ജയിലിൽ 5968-ാം നമ്പർ ജയിലിലായിരുന്നു ഫ്രാങ്കോ. രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍ വാസത്തിനു ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചു. അതിനിടെ, ബിഷപ്പിനെതിരെ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. കന്യാസ്ത്രീകൾ ബിഷപ്പിനോട് പലതവണ പരാതി പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് മോശം അനുഭവം ഉണ്ടായെന്നും വൈദികൻ പറഞ്ഞിരുന്നു.

കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 പേരെ വിചാരണ വേളയിൽ ചോദ്യം ചെയ്തു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും നിർണായക തെളിവായി കോടതിയിൽ ഹാജരാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment