സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ലാന്റിൽ നിന്ന് 11 തലയോട്ടികളും 56 ഗര്‍ഭപിണ്ഡത്തിന്റെ അസ്ഥികളും കണ്ടെത്തി

വാർധ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ നിന്ന് 11 തലയോട്ടികളും 56 ഗര്‍ഭപിണ്ഡത്തിന്റെ എല്ലുകളും കണ്ടെടുത്തു.

13 വയസുകാരിയെ ഗർഭച്ഛിദ്രം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടുകാർ അനധികൃത ഗർഭച്ഛിദ്രത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു.

അനധികൃത ഗർഭച്ഛിദ്ര കേസുമായി ബന്ധപ്പെട്ട് കദം ആശുപത്രിയിലെ ഡോക്ടർ രേഖാ കദം അറസ്റ്റിലായിരുന്നു. അബോർഷൻ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം പോലീസിന് അറിയുന്നത്. കണ്ടെടുത്ത മനുഷ്യന്റെ അവശിഷ്ടങ്ങൾ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അവശിഷ്ടങ്ങൾ നിയമപരമായോ നിയമവിരുദ്ധമായോ സംസ്‌കരിച്ചതാണോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ജനുവരി 9 ന് 13 വയസ്സുള്ള പെൺകുട്ടിയെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയതിന് ഡോ. രേഖാ കദമിനെയും ആശുപത്രിയിലെ നഴ്‌സിനെയും അറസ്റ്റ് ചെയ്തതായി ആർവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്പെക്ടർ ഭാനുദാസ് പിദുർകർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഗർഭം ധരിച്ചതോടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുമെന്ന് ആണ്‍കുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഗർഭച്ഛിദ്രത്തിനുള്ള പണം ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നൽകിയിരുന്നു.

നിയമവിരുദ്ധമായ ഗർഭഛിദ്രം സംബന്ധിച്ച പരാതിയെ തുടർന്ന്, പ്രതികളെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമവും പ്രകാരവും അറസ്റ്റ് ചെയ്തു.

18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ഗർഭച്ഛിദ്രം ചെയ്യുന്ന കാര്യം കുറ്റാരോപിയായ ഡോക്ടർ അധികൃതരെ അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment