വിധിയില്‍ നന്ദി പറഞ്ഞ് ബിഷപ് ഫ്രാങ്കോയുടെ പാട്ട് കുര്‍ബാന

കോട്ടയം: ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധി അറിഞ്ഞയുടന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത് കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തിലേക്ക്. കളത്തിപ്പടിയിലുള്ള ധ്യാനകേന്ദ്രത്തില്‍ ജലന്ധറില്‍ നി്ന്നുമെത്തിയ വൈദികര്‍ക്കും ധ്യാനകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുമൊപ്പം പാട്ട് കുര്‍ബാന നടത്തി വിധിയില്‍ നന്ദി പ്രകടിപ്പിച്ച ബിഷപ് മാധ്യമങ്ങളോടും പ്രതികരിച്ചു.

ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി. ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ നന്ദി. ഫലമുള്ള മരത്തിലെ കല്ലെറിയൂ. അതില്‍ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. ദൈവത്തെ സ്തുതിക്കുക. സന്തോഷിക്കുക എന്നു മാത്രമേ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോട് പറയാനുള്ളുവെന്നും ഫ്രാങ്കോ കൂട്ടിച്ചേര്‍ത്തു.

ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെന്ന് തൃശ്ശൂർ മറ്റത്ത് നിന്നെത്തിയ ബിഷപ്പിന്റെ ബന്ധുക്കളും അവകാശപ്പെട്ടു. കള്ളക്കേസായിരുന്നുവെന്ന വാദമാണ് ഇവരുടേതും. കേസ് വന്നതിന് ശേഷം ബിഷപ്പിനെ കണ്ടപ്പോഴൊക്കെ ബിഷപ്പ് തന്റെ നിരപരാധിത്വം ആവർത്തിച്ചിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment