മൂവാറ്റുപുഴയിൽ സംഘർഷത്തിൽ കൗൺസിലർക്ക് നേരെ ആക്രമണം

മൂവാറ്റുപുഴ: സി.പി.എം-കോൺഗ്രസ് സംഘർഷത്തിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ നഗരസഭാ കൗൺസിലർക്ക് നേരെ ആക്രമണം. മൂവാറ്റുപുഴ നഗരസഭ 24-ാം വാർഡ് കൗൺസിലർ അമൽ ബാബു (27) വാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ എൻജിനീയറിങ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ കോൺഗ്രസും സിപിഎമ്മും ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ അമൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് അമൽ ബാബു പൊലീസിനു മൊഴി നൽകി. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കടാതിയിൽ അമൽ തനിച്ചു താമസിക്കുന്ന വീട്ടിൽ എത്തിയ ആറംഗ സംഘം ആക്രമണം നടത്തിയത്. കൈകൾ പുറകിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.

വ്യാഴാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങിയ അമലിനെ നഗരസഭാ ചെയർമാൻ പി.പി.എൽദോസാണ് വീട്ടിലെത്തിച്ചത്. എൽദോസ് പോയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സംഘർഷം തടയാൻ കോൺഗ്രസ്-സിപിഎം നേതാക്കളുമായി ആർഡിഒ ചർച്ച നടത്തിയിരുന്നു, വിഷയത്തിൽ ആക്രമണങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകില്ലെന്ന് ഇരുവിഭാഗവും ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭാ കൗൺസിലറെ ആക്രമിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment