നടിയെ ആക്രമിച്ച കേസ്; മുദ്രവച്ച കവറിൽ മൊഴി ഹാജരാക്കാൻ ബാലചന്ദ്രകുമാറിനോട് ഹൈക്കോടതി നിർദേശിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ഹൈക്കോടതി പരിശോധിക്കും. മുദ്രവച്ച കവറിൽ മൊഴി ഹാജരാക്കാൻ ബാലചന്ദ്രകുമാറിനോട് സിംഗിൾ ബെഞ്ച് നിർദേശിച്ചു. ദിലീപ് അടക്കം കേസിലെ അഞ്ച് പ്രതികളേയും ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

അതിനിടെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഈ സാഹചര്യത്തിൽ മൊഴിയെടുക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുദ്രവച്ച കവറിൽ മൊഴി ഹാജരാക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഡിജിപിയും കോടതിയെ അറിയിച്ചു.

അതേസമയം, കേസിൽ ദിലീപിനെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment