മന്ത്രയുടെ പ്രവർത്തന ഉദ്ഘാടനം ജനുവരി 15നു ഹ്യുസ്റ്റണിൽ

ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു പുത്തൻ പ്രതീക്ഷയും ദിശാബോധവും നൽകിക്കൊണ്ട് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) പ്രവർത്തന ഉദ്ഘാടനം ജനുവരി 15നു ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യം കൊണ്ട് ധന്യമായ ഹ്യുസ്റ്റണിൽ നടക്കും.

കേരളത്തിലെ വിവിധ ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹ പ്രഭാഷണങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടും. വരുന്ന 4 വർഷത്തെ കർമ്മ പദ്ധതികൾക്ക് പ്രവർത്തന രൂപം നൽകാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ക്ഷേത്ര നഗരിയിൽ സംഗമിക്കും. ദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന ജനറൽ ബോഡിക്കു ശേഷം നേതൃ നിര ഉൾപ്പെട്ട വിവിധ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കും.

2023 ൽ ഹ്യുസ്റ്റണിൽ നടത്തപ്പെടുന്ന മന്ത്രയുടെ പ്രഥമ ഗ്ലോബൽ ഹിന്ദു കൺവൻഷന്റെ ഒരുക്കങ്ങൾക്കുള്ള പ്രാരംഭ നടപടികളും പ്രസ്തുത യോഗത്തിൽ തീരുമാനിക്കപ്പെടും. ഡോ. സുനന്ദ നായർ അവതരിപ്പിക്കുന്ന നൃത്ത പരിപാടി ചടങ്ങിന്റെ മുഖ്യ ആകർഷണമാകും. പൊതു സമ്മേളനവും അത്താഴ വിരുന്നും തുടർന്ന് വിവിധ കലാപരിപാടികൾക്കും ഷുഗർ ലാൻഡിലുള്ള ഹ്യുസ്റ്റൺ മാരിയട്ട് വേദിയാകും.

സംഘടനാപരമായി ശക്തിപ്പെടാനും അത് വഴി സനാതന മൂല്യങ്ങൾ തലമുറകളോളം നില നിർത്താനും വിവിധ സേവന പദ്ധതികളുടെ ഭാഗമാകാനും അമേരിക്കയിലെ മലയാളി ഹൈന്ദവ കുടുംബങ്ങളെ പ്രാപ്തമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘടാകരായ ശശിധരൻ നായർ, ഹരി ശിവരാമൻ, അജിത് നായർ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment