ഒമിക്രോണ്‍ വ്യാപനം രൂക്ഷം; ഓണ്‍ലൈന്‍ ക്ലാസിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്ക്കരിച്ചു

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യക്തിഗത ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നും, ഓണ്‍ലൈന്‍ ക്ലാസ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് പ്രകടനം നടത്തി.

ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചത്.

340,000 വിദ്യാര്‍ത്ഥികളുള്ള അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയില്‍ ക്ലാസ്സുകള്‍ ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഒമിക്രോണ്‍ വ്യാപനം രുക്ഷമായത്. തന്മൂലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങണമെന്ന ആവശ്യം ശക്തമായി.

ചിക്കാഗൊയിലെ അദ്ധ്യാപക യൂണിയന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി വിദ്യാര്‍ത്ഥികള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നതും ക്ലാസ്സുകളില്‍ ഹാജരാകുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നു.

ചിക്കാഗൊ വിദ്യാഭ്യാസ അധികൃതര്‍ അദ്ധ്യാപക യൂണിയനുമായി രണ്ടു ദിവസം മുമ്പാണ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനെകുറിച്ചു ധാരണയിലെത്തിയത്.

ബോസ്റ്റണ്‍ വിദ്യാഭ്യാസ ജില്ലയിലെ 52,000 വിദ്യാര്‍ത്ഥികളില്‍ അറന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഇതേ ആവശ്യം ഉന്നയിച്ച് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇതിനകം തന്നെ 5000 ത്തിലധികം പൊതു വിദ്യാലയങ്ങള്‍ താത്ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതമായിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment