ബാലചന്ദ്രകുമാറിനെ അറിയില്ല, അദ്ദേഹം പറയുന്ന വി.ഐ.പി ഞാനല്ല; കോട്ടയം സ്വദേശി മെഹബൂബ് അബ്ദുള്ള

കോട്ടയം: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ദിലീപിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്ന വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ള. ദിലീപിന്റെ വീട്ടില്‍ മൂന്നു വര്‍ഷം മുന്‍പാണ് അവസാനമായി പോയത്. സമീപകാലത്ത് ദിലീപിന്റെ വീട്ടില്‍ പോയിട്ടില്ല. ഖത്തറിലെ ഒരു ബിസിനസുമായി ബന്ധപ്പെട്ടാണ് ദിലീപിനെ കണ്ടത്. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണോ അവിടെ പോയതെന്ന് അറിയില്ല.

ദിലീപും കാവ്യയും തന്നെ ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളത്് കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും പഴ്‌സണല്‍ കാര്യവും സംസാരിച്ചിട്ടില്ല. അത്ര അടുത്ത ബന്ധം തങ്ങള്‍ തമ്മിലില്ല.ദേ പുട്ട് ഹോട്ടലില്‍ എത്ര തരംപുട്ട് ഉണ്ടെന്ന് ചോദിച്ചാല്‍ പറയാം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിച്ച സംവിധായകനെ തനിക്ക അറിയില്ല. കണ്ടിട്ടില്ല. നാര്‍കോ അനാലിസിസ് പരിശോധനയ്ക്കം താന്‍ തയ്യാറാണെന്നും മെഹബൂബ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.

38 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഇതുവരെ ഒരു വിഐപിയാണെന്ന് തോന്നിയിട്ടില്ല. വെറുതെയാണെങ്കിലും അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഒരു കുളിര്‍മ തോന്നുന്നുണ്ട്.

ഒരു മന്ത്രിയുമായും തനിക്ക് ബന്ധമില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ പോയി കാണും. ഇതുവരെ പോകേണ്ടിവന്നിട്ടില്ല. ദിലീപുമായി ചുരുങ്ങിയ കാലത്തെ ബന്ധമാണുള്ളത്. ഇതുവരെ മോശം പെരുമാറ്റം ഉണ്ടായില്ല. ബിസിനസ് സംരംഭം ഉദ്ഘാടനം ചെയ്യുമ്പോള്‍ തന്റെ ഭാര്യയും മക്കളും അമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും മെഹബൂബ് അബ്ദുള്ള പറഞ്ഞു.

അതിനിടെ വിഐപി കോട്ടയം സ്വദേശി മെഹബൂബാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മെഹബൂബ് തന്നെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ബാലചന്ദ്ര കുമാറിൻ്റെ പ്രതികരണം. മുന്ന് പേരുടെ ശബ്ദ സാമ്പിളുകളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്‍റെ ആരോപണം. ഈ പെൻഡ്രൈവ് ലാപ്ടോപിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിൽ ഇരുന്ന് ചീത്ത പറഞ്ഞാൽ മാത്രമേ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News