ചൊക്ലി (നോവല്‍ – 78): എച്മുക്കുട്ടി

അപ്പളാണ് ചൊക്ളി അറിഞ്ഞേ..25 പയിസ സറ്ക്കാര് വേണ്ടാന്ന് വെച്ച്ന്ന്. അയിൽക്കും മുപ്പാട് എപ്പളാണ്ട് 20 പയിസ വേണ്ടാന്നാക്കീട്ട്ണ്ടാർന്ന്. അങ്ങ്നെ എന്താണ്ട് മനസ്സില്ണ്ട്..എന്നാവോ..

മനിഷേമ്മാരെ കഷ്ടപ്പെട്ത്താൻ.. അല്ലാണ്ട് എന്തിറ്റണ് കാര്യം.. എടയ്ക്കേ ങ്ങ്നെ കാശോള് മാറ്റീട്ടും മറ്ച്ച്ട്ടും.. പപ്പിനി ആ പയിസോള് ബേങ്കില് കൊണ്ടോയി മാറ്റിക്കൊണ്ടരും..അവള്ള്ള കാര്ണം വെഷമല്യ..

കൊർച്ചീസം മുപ്പാട് എത്തറ ആള്ണ്ട്ന്ന് കണ്ക്കെട്ക്കണോര് വന്നണ്ടായി. ഗ്രകനാദൻ എവിട്യാന്നാണ് അവര് ചോയിക്കണത്. ചൊക്ളി മൈനോള് മഞ്ഞകൊക്കായിറ്റ് മിറ്റം കൊത്തി അമക്കണേം നോക്കി നിന്നൊള്ളോ.. പിന്നേ എതയ്ക്കേള്ള ചെമ്മരത്തിയോളേം നോക്കി… ഒന്നും അങ്ങ്ട്ട് പറ്ഞ്ഞ്ല്ല.

പപ്പിനീണ് അത് ചൊക്ളീന്ന് അങ്കടാ കാച്ചീത്. അവളണ് ഗ്രകനാദ..

ചൊക്ളി ചിറിച്ച് ചത്തു. ഗ്രകനാദൻ…പിന്നൊര് ഗ്രകനാദ…

അത് വരേക്കും പപ്പിനി ഒര് കൈ പോണൊന്നും വാങ്ങീണ്ടാര്ന്നില്യ. എന്താവോ കുടുമ്മസ്രീയോളിലെ വാക്കി പെണ്ണങ്ങള്ക്ക് പോണ്‌ണ്ടാര്ന്നൂ. അങ്ങ്നെ അവളക്കും ഒര് പൂതി കേറീതാവും..

അത് എന്ത്റ്റ്നാന്ന് ചൊക്ളിക്ക് തിരിഞ്ഞ്ല്ല.. കുടുമ്മസ്രീ പെണ്ണങ്ങള് വിള്ച്ചാ എന്താടീന്ന് ചോയിക്കാം. അങ്ങ്ട്ട് വിള്ക്കാൻ പപ്പിനിക്കറീല്ല..

ചൊക്ളിക്ക് തീരേം അറീല്ല..

എന്തിറ്റെങ്ക്ലും ആയോട്ടേ. അവള് വിളി കേക്കട്ടേ..

ചൊക്ളി മൊടങ്ങാണ്ട് സ്തലം കാണ്ണണോട്ത്ത് ഒക്കെ മരങ്ങോള് നട്ട്….പള്ളായിക്കാട്ല്ക്ക് പോണോട്ത്തും മയക്കാല്ത്ത് രവ്യേട്ടൻന്നും ജക്കുമോൻന്നും പേര്ട്ട് ഓരോരോ മരങ്ങള് കുയിച്ചിട്ടു.

മറിയപ്പാറേൽക്ക് എറ്ങ്ങി വന്നാ പിന്നെ നല്ല തണപ്പ്ള്ള വയികളാന്ന് എല്ലരും പറേണ്ട്. പ്രാഞ്ചീസ് വണ്ടിമ്മേ പോണോണ്ട് എപ്പളും പറേം..

ചൊക്ള്യേ നീയാണ്ടാ മനിഷേൻ.. മറിയപ്പാറേലും പാവക്കാട്ട്ലും മൂർക്കല്ലൂരും നീയീ കാലും വലിച്ചേന്തി മരങ്ങള് നടണേൻറെ വെല കൊറേക്കഴീമ്പോ ആളകാര്ക്ക് തിരീം..

ഇപ്പ ദാ കൊമ്പാ വെട്ടണം, ദീ കൊമ്പാ വെട്ടണം കാറുമ്മേ എലോള് വീഴണ്, കാറ്റടിച്ച് മിറ്റത്ത് എല വരണ്, മരത്ത്മ്മേന്ന് പുള്യുറുമ്പ് വരണ്…ഈ ജാതി തൊള്ളേത്തോന്നീത് പറേണ കേട്ട് നീയ്യ് വെഷമിക്കര്ത്

ചൊക്ളിക്ക് ആളകാരെ അറിയാണ്ടാ..ഒക്കേം അറീം. ഇക്കണ്ട കാലായില്ലേ…ഗള്ബോള്ടെം രാദാകിഷ്ണൻ നായര്‌ടെം നല്ല മന്സ്സിന് മരങ്ങോള് വെച്ചേന് മാല ഇടീപ്പിച്ചില്ലേ.

പത്തമ്പത് വയസ്സായ ചൊക്ളിക്ക് അയിലപ്പറം എന്തിറ്റണ് വേണ്ടത്‌ന്ന്.

അമ്പത് വയസ്സായീന്ന് പപ്പിനി സമ്മേക്കില്ല. അവള് എപ്പളും പറേം നാപ്പതാന്ന്..

പള്ളായിക്കാട്ട്ന്ന് വര്മ്പളാണ് രാമേന്ദ്‌ര സാമി ഡോക്കിട്ടറ് മരിച്ചൂന്നറിഞ്ഞേ.. ചൊക്ളി കൊറച്ചേരം മഡത്തിൻറെ പടിക്കേ നിന്ന്…അങ്ങട്ട് പോയില്യ.. ആ ഉമ്മറം കാണ്‌മ്പോ ഓരോ വെഷമ വിജാരം വരും..പിന്നെ അപ്പ്ടി വെസനാവും..

എന്തിന്ണ്?

ഇന്തുത്തക്കാര് ഒക്കേണ്ട്..വല്യ നേതാക്കമ്മാര്ടേ വരവ്ണ്ടാവോ.. സുകുമാഷ് സാമീരൊപ്പാണ് വയസോണ്ട്..ഇപ്പ ടീ വി ലൊക്കെ വന്ന് ഇന്തുത്തം പറേം.. സാമീം സുകുമാഷും ബാലേന്ദരനും കൂടി ഇമ്മണി ചെക്കമ്മാര്ക്ക് ചോന്ന കുറീം ചരടും ടവുസറും കാവീം ഒക്ക്യാക്കീണ്ട്. അവറ്റേം കൂടിക്ക്ണ്..

ചൊക്ളി നട്ന്ന്.. അപ്പളാണ് ബസ്സ് വന്നേ. കയ്യാട്ടിയാ നിറ്ത്തോന്നറീല്ല..ഇന്നാലും കൈയ്യാട്ടി..എവടെ?

അത് കൊറേ ദൂരം ചെന്ന് നിന്ന്. പൊറത്തേക്ക് തലേട്ട് ആരാണ്ട് നോക്ക്ണ്ടാര്ന്ന്. പിന്നെ അത് പോയി.

ചൊക്ളിക്കറീം ചണ്ണക്കാലൻ എത്ത്മ്പളക്കും വെളിച്ചാവുന്ന് തലേട്ട് നോക്കിയോൻ പറഞ്ഞ്ണ്ടാവും..

കൊറച്ചാടോള് മേ മേ ന്ന് വിളിച്ചു നടക്ക്ണ്ടാര്ന്ന് വഴീല്..ആരട്യാവോ..കൊടമണീണ്ട്..അനാദ ആടോളല്ല..ആരുല്ലാത്തോരല്ല..
ചണ്ണക്കാലൂല്ല.

ചൊക്ളി ആടോൾടേ പിന്നാലെ കാലും വലിച്ചേന്തി നടന്ന്… നടന്നന്നെ എത്തി മറിയപ്പാറേല്…

ഉമ്മാന്ന് തൊട്ങ്ങ്ണ പേര്ണ് മുക്കിയ മന്ത്‌രിക്ക്. അത് പപ്പിനി പടിപ്പിച്ചന്നു. ഉമ്മഞ്ചാണ്ടി.. ഒക്കേം വേഗത്തില് നട്ക്കണന്ന് ..അയ്യാക്ക്.. നടത്ത്യോട്ടേ..ഒക്കേം വേഗായിക്കോട്ടേന്നും..ആര്ക്കാണ് വെഷമം?

ചൊക്ളി പണിക്ക് പോണോട്ത്ത്‌ള്ള ആശാരി പറയേ.. ദിനേസസാമീണ് ഇപ്പൊ അവര് ഇന്തുക്കള്‌ടെ നേതാവ്‌ന്ന്. അത് വേണല്ലോ.. അപ്പൻറെ കാലം കയിഞ്ഞാ മോനല്ലേ..വേണ്ടത്…

നാട്ട്ല് ള്ള ഇന്തുത്തക്കാരോട് ദിനേസസാമീടെ കള്ളത്തരങ്ങോള് വിള്ച്ച് പറേണന്ന് ചൊക്ളിക്ക് തോന്നീ.. പറഞ്ഞ്ട്ടെന്ത്ണ്.. ആരേലും കൂടെ നിക്കോ..വല്ല മരങ്ങ്ളോ ആടോ കോഴ്യോ കിള്യോ നിക്കേര്ക്കും. മനിഷേമ്മാര് ചണ്ണക്കാലന് പിരാന്ത് തൊട്ങ്ങീന്ന് പറയും.

ചൊക്ളീരെ ഉള്ള്ല് ജക്കൂൻറേം ജാനൂൻറെം മൊഗം തെള്ഞ്ഞു. മോനെ ഒന്ന് കാണ്ണണം ന്ന്ണ്ട്….ഈയ്യ ജമ്മത്ത് നട്ക്കണ കാര്യല്ല..ഇന്നാലും ഒര് പൂതി..

രാഗവേട്ടന് സുഗല്യാന്ന് മനോജ് വന്ന് പറഞ്ഞേര്ന്ന് കാലത്ത്. പണി കയിഞ്ഞിട്ട് അങ്ങ്ട്ട് ഒന്ന് പോണം. എന്താവോ വെഷമം..
പണി കയിഞ്ഞപ്പോ കൊറേ ഇര്ട്ടായി. ഇഞ്ഞീപ്പോ ഇര്ട്ടത്ത് പോണ്ട.

വീട്ട്ല് ചെന്നപ്പോ പപ്പിനി രാഗവേട്ടനെ കണ്ട് വന്നിര്ന്നു. അതിശം തോന്നി..അങ്ങ്നേണ് അവള്. നാളേക്ക് വേണ്ടാന്നാ എപ്പ്‌ളും പറ്ച്ച്ല്.

ശാസംമുട്ടല്ണ്ട് പനീണ്ട്…സാരല്ലാന്ന് പറ്ഞ്ഞു. കണ്ട്ല്ലാച്ചാലും വിശേഷറിഞ്ഞപ്പോ വല്യ സമാദാനം.

ഇലിജോ പ്രാഞ്ചീസ്ൻറൊപ്പം വന്ന്. ആയിച്ചേല് മൂന്നാലവണ വരും. അയ്യപ്പുട്ട്യേട്ടൻറോടേണ് പാറ്ക്കണ്ച്ചാലും പ്രാഞ്ചീസ് മറന്ന്ട്ട്ല്ല.
ഇലിജോ വിളിക്കണ് എളേപ്പാന്നാണ്.. അപ്പൻറെ അന്യേൻ.. അതൊര് നല്ല സന്തോഷല്ലേ.. അവൻ മിട്ക്കനായി വല്താവ്ണ്ട്. എളേപ്പാന്നും എളേമ്മേന്നും വിളിച്ചണ കേക്കുമ്പോ കണ്ണാ നെറേം.. ആരും കാണാണ്ട് അത് തൊടച്ചാ കളേം. പപ്പിനിക്ക് വെഷമം വരര്ത്. ജക്കൂൻറെ കാര്യോം വിജാരിക്കണതും പപ്പിന്യോട് പറേല്ല.

വെറ്തേ എന്തിറ്റ്‌ന്‌ണ് അവളെ വെഷമാക്ക്ണത്..

പ്രാഞ്ചീസ് കൊറേ നേരം ഓരോന്നൊക്കെ പറഞ്ഞിര്ന്ന്. കൊറച്ച് കയിഞ്ഞപ്പോ ഇലിജോ പപ്പിനി കൊട്ത്ത ചോറും തിന്ന് ഒറക്കം തൂങ്ങ്യൊടങ്ങി.. അപ്പളാണ് പ്രാഞ്ചീസ് ഏൻറ്റ് പോയീത്..

പിറ്റൂസാ ടീ വീല് കണ്ടത് അയമ്പത്തൊന്ന് വെട്ടാ വെട്ടി കൊന്നൂന്ന് പാറ്ട്ടീരേ ആളകാരാണ് വെട്ടീത്.. മുപ്പാട് പാറ്ട്ടീരെ ആളന്ന്യാര്ന്നു. ചന്നരശേകരൻന്നാണ്‌ന്ന് പേര്ന്ന്. അയ്യാള് പാറ്ട്ടീനോട് പെണ്ങ്ങി വേറ്യൊര് പാറ്ട്ടി ണ്ടാക്കീന്ന്..

ചൊക്ളി രാഗവേട്ടനെ കാണാമ്പോയി അന്ന് വൈന്നാരം.. മനോജ് ണ്ടായി. അയുതേം കണ്ട്‌രൂം കാപ്പനും വന്നണ്ടായി. രാഗവേട്ടൻ ഒന്നും മിണ്ടീല്ല.. ഒരച്ചരം പറ്ഞ്ഞ്ല്ല..

മനോജ് പറയ്യേ.. തെറ്റ്ണ് രാഗവേട്ടാ.. മ്മ്ള് കൊല്ലാൻ നിക്ക്ണ്.. അല്ലേ.. നമ്ക്ക് തന്നേ മോശം.. അമ്പത്തൊന്ന് വെട്ട്.. ഇങ്ങനെ മനിഷരോട് പെരുമാറ്യാ ..

ചൊക്ളീരേ നെഞ്ഞ് പതച്ച്.. മനിഷേര് തമ്മാമ്മില് സിനേകം വേണന്ന് പറേണത്.. പാറ്ട്ടീരേ പറ്ച്ച്ല് വെറ്ത്യായാ.. ആര് പറേണതാണ് സത്തിയം.. ഇന്നാലും കൊല്ലാമ്പാട്ണ്ടാ..

ഒന്നും തിരിയാണ്ടായി..

രാഗവേട്ടന് സുഗല്യലോ.. എന്തിറ്റ് പറയ്യാനാണ്..

ചൊക്ളി കാലും വലിച്ചേന്തി പോന്ന്.. ആള്കാര് കൂടി വർത്താനം പറേണ്ട്.. അതൊന്നും കേക്കാമ്പോയില്ല.

വീട്ട്ല് വന്നിര്ന്നപ്പോ പപ്പിനി പറ്ഞ്ഞ്.. പാറ്ട്ടീനെ അടിക്കാൻ പാറ്ട്ടിയന്നേ മറ്റ്ള്ളോര്ക്ക് വല്യ വടീട്ത്ത് കൊട്ത്ത്..

ചൊക്ളി കൊറച്ച് നേരം മിണ്ടീല്ല. പിന്നെ പപ്പിനീരേ മോത്തോക്കി ഇര്ന്ന്. ഒടൂല് പറഞ്ഞാ തീര്ത്ത്.

പാറ്ട്ടീനെ പരിചം ല്ല .. രാമേട്ടനും രാഗവേട്ടനും നീയ്യും ണ് പപ്പിന്യേ ൻറെ പാറ്ട്ടി. ങ്ങള് പറേണത് കേട്ട്ട്ടാണ് എന്ക്ക് പരിചം. രാമേട്ടൻ പോയി, രാഗവേട്ടൻ മിണ്ടീറ്റ്ല്ല ഇന്ന്.. നീയ്യിപ്പോ ങ്ങനേ പറേണ്.

ഒന്ന് ശാസം വിട്ട്ട്ട് ചൊക്ളി മുഴുക്കേനും പറ്ഞ്ഞു.

അയമ്പത്തൊന്ന് വെട്ട്..ഒരാളേ..നിക്ക് പാറ്ട്ടീരേ പേര് കേക്കുമ്പോ പേട്യാവാ പപ്പിന്യേ.. നിക്ക് ചങ്ക് കടയ്യാ.. മ്മളേ പാറ്ട്ടി മ്മളേ പേടിപ്പിച്ചാ, എങ്ങ്ട്ടാ പൂവ്വാ പപ്പിന്യേ.. നീയാലോച്ച്ച്ണ്ടാ..

ചൊക്ളീരെ കൊര്ക്ക്ല് ഒര് പിട്ത്തം വന്ന്…പപ്പിനി ഇര്ട്ട്ല്ക്ക് നോക്കീതല്ലാണ്ട് മിണ്ടീല്ല..

എന്തിറ്റണ് മിണ്ടണ്? പാറ്ട്ടി ചതിക്കുന്ന് വിചാര്ച്ചാല് പിന്നേ…

(തുടരും)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News