കോവിഡ്-19 നിയന്ത്രണം: സര്‍ക്കാരിനൊരു നിയമം ജനങ്ങള്‍ക്ക് മറ്റൊരു നിയമം!

സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്ക ദിവസങ്ങളില്‍ മാത്രം 123 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ തടയേണ്ട പൊലീസ് സേനയും കൊവിഡിന്റെ നിഴലില്‍ തന്നെ. കെഎസ്ആര്‍ടിസിയും പ്രതിസന്ധിയില്‍.

തിരുവനന്തപുരത്ത് 2 പേരെ പരിശോധിച്ചാല്‍ ഒരാള്‍ രോഗിയാണെന്ന അവസ്ഥയാണുള്ളത്. മൂന്നാം തരംഗത്തെ നേരിടേണ്ടതെങ്ങിനെ എന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ആന്റി വൈറല്‍ മരുന്നുകളുട ഗുരുതരമായ ക്ഷാമവും മരുന്നുകളുടെ ഗുരുതരമായ ക്ഷാമവും വ്യാപകമായിട്ടുണ്ട്. ഈ പ്രതിസന്ധിയെ നികത്താനുള്ള ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങിനെയൊരു അവസ്ഥ? നിയന്ത്രണങ്ങള്‍ക്കും കണക്കുകൂട്ടലുകളിലേക്കും കൊവിഡ് വ്യാപനം പോയത് എന്തുകൊണ്ടാണ്?

മുമ്പ് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചിരുന്ന അവസരത്തില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞേ മറ്റൊരാള്‍ക്ക് വന്നിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് ബാധിക്കുന്ന അവസ്ഥയാണ്.

ഇത്രമാത്രം ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെങ്കിലും ആരോഗ്യ വകുപ്പിനെ നിശ്ചലമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കോ ഏറ്റവും താഴേത്തട്ടിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കോ ഒരു പങ്കുമില്ലാത്ത തരത്തിലുള്ള സംവിധാനങ്ങള്‍. തലസ്ഥാനത്തെ കഴക്കൂട്ടത്ത് 100 കണക്കിന് ആളുകള്‍ പങ്കെടുത്ത കുടുംബശ്രീ തെരഞ്ഞെടുപ്പ് നടന്നു. ആയിരത്തിലേറെ പേരെ കൂട്ടി മാമാങ്കമായി വനം കായികമേള നടത്തി. സംസ്ഥാനത്തൊട്ടാകെ സിപിഎമ്മിന്റെ സമ്മേളനങ്ങളും ജാഥകളും. നമ്മുടെ സര്‍ക്കാര്‍ കൊവിഡിനെ രാഷ്ട്രീയമായി മാത്രമാണ് ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രാഷ്ട്രീയമായി ഉപയോഗിക്കുന്നു. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടത്തേണ്ട എന്ത് ആവശ്യമാണ് ഈ കൊവിഡ് കാലത്ത് ഉള്ളത്? സാധാരണക്കാരായ ആളുകള്‍ ബൈക്കിപ്പോകുമ്പോള്‍ മാസ്‌ക് ഇട്ടില്ലെന്ന് പറഞ്ഞ് പിടിച്ചു നിര്‍ത്തി ഫൈന്‍ ഇടുമ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ ഇരട്ടത്താപ്പ്.

സെക്രട്ടറിയേറ്റിനകത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊവിഡ് വ്യാപനം അതിശക്തമായി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ ജീവനക്കാരെ കൂട്ടത്തോടെ വിളിച്ച് വരുത്തി ഓഫ്‌ലൈന്‍ മീറ്റിങ്ങുകള്‍ നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയായിരുന്നു ഈ മീറ്റിങ്ങുകളെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം ധനകാര്യ വകുപ്പിലെ 70 ഓളം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെയും റവന്യൂ വകുപ്പിലെയും നിരവധി ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചു. സെക്രട്ടറിയേറ്റിലെ മൂന്നിലൊന്ന് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ച സ്ഥിതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ ആവിഷ്‌കരിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കൊവിഡ് പ്രതിരോധം ഇപ്പോള്‍ ഒട്ടും സുതാര്യമല്ല. വഴിയേ പോകുന്ന ഒരാള്‍ മാസ്‌ക് ഇട്ടില്ലെങ്കില്‍ പിഴ. എന്നാല്‍ 500 പേര്‍ കൂടി ഒരു സമ്മേളനം നടത്തിയാല്‍ ഒരു കുഴപ്പവുമില്ല. തിരുവാതിര കളിച്ചവര്‍ക്ക് ശിക്ഷ, തിരുവാതിര കളിപ്പിച്ചവര്‍ക്കോ? 7 ദിവസമാണോ 10 ദിവസമാണോ 14 ദിവസമാണോ ക്വാറന്റീനില്‍ ഇരിക്കേണ്ടത്? ആര്‍ക്കുമറിയില്ല. നിയന്ത്രണങ്ങള്‍ക്കെല്ലാം പുല്ലുവില. നിയന്ത്രണം പ്രഖ്യാപിച്ചവര്‍ തന്നെ അത് പാലിക്കുന്നില്ല, പിന്നെ ഞങ്ങള്‍ എന്തിന് പാലിക്കണം എന്നാണ് ജനങ്ങളുടെ ചോദ്യം. ഇപ്പോള്‍ ജലദോഷമോ പനിയോ വന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് ചെല്ലുമ്പോള്‍ ടെസ്റ്റ് ചെയ്യുക പോലും ചെയ്യാതെ അത് വൈറല്‍ പനിയാണെന്നും പറഞ്ഞ് തിരിച്ചയക്കുകയാണ്. ഇനി ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാലോ ആന്റിജന്‍ ടെസ്റ്റ് ചെയ്യിക്കും. മിക്ക ആന്റിജന്‍ ടെസ്റ്റിലും നെഗറ്റീവായിരിക്കും ഫലം. ആര്‍ടിപിസിആര്‍ ചെയ്യാന്‍ ആശുപത്രികള്‍ പോലും ആവശ്യപ്പെടാറില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനാണ് പറയുന്നത്. ഓരോ വീട്ടിലും എല്ലാവര്‍ക്കും കൊവിഡ് ബാധിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതി.

കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കാര്യങ്ങളൊക്കെ കൈവിട്ട് പോകുന്ന സാഹചര്യമാണ്.  ‘ഇനിയും വ്യാപനം കൂടിയേക്കുമെന്ന് ആരോഗ്യ വകുപ്പ് തന്നെ സമ്മതിക്കുന്നു. ഇന്ന് ദിവസവും 28,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ അത് ദിനംപ്രതി 70,000 പേര്‍ എന്ന നിലയിലേക്കെത്തും. ഇവരെല്ലാം ഹോം കെയറിലായിരിക്കും ഉണ്ടാവുക. അതുകൊണ്ട് ഹോം കെയര്‍ എങ്ങിനെ ശക്തിപ്പെടുത്താം എന്നാണ് സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.

അതിതീവ്രവ്യാപനം എന്നത് നമ്മളെ സംബന്ധിച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. 85 ശതമാനം രോഗവ്യാപനവും മാസ്‌ക് മാത്രം ധരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് വന്നാല്‍ വരട്ടെ എന്ന ഉദാസീന മനോഭാവം മാറ്റിവെയ്‌ക്കേണ്ടതാണ്. പ്രതിരോധം എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തരും വ്യക്തിപരമായി ഏറ്റെടുത്തേ മതിയാകൂ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment