ഭൂമി കയ്യേറ്റം: ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഇടുക്കി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ 45 ദിവസത്തിനകം റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇടുക്കിയിലെ മൂന്നാര്‍ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാവുക. ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

1999 കാലത്ത് ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ. രവീന്ദ്രന്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന് അറിയപ്പെടുന്നത്. പട്ടയങ്ങള്‍ നല്‍കുന്നതിന് അധികാരമില്ലെന്നിരിക്കെ തന്റെ അധികാര പരിധി മറികടന്നാണ് അനധികൃത കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്‍കിയതെന്നാണ് ആരോപണം. മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരുള്‍പ്പെടെ കൈവശം വെച്ചിരിക്കുന്നത് അന്നത്തെ രവീന്ദ്രന്‍ പട്ടയങ്ങളാണ്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ ഹോം സ്റ്റേകള്‍ എന്നിവയിലാണ് കൂടുതലും രവീന്ദ്രന്‍ പട്ടയങ്ങള്‍ നല്‍കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരടക്കം ഇത്തരത്തില്‍ ഭൂമി കയ്യേറുകയും രവീന്ദ്രന്‍ പട്ടയങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വലിയ അളവിലുള്ള ഭൂമി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാനായി നടപടിക്ക് മുന്നോടിയായി ഒരു പരിശോധന കൂടി നടത്തും. കുടിയൊഴിപ്പിക്കേണ്ടി വന്നാലും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നിലപാടുമായി മുന്നോട്ട് പോകാനും രണ്ട് മാസത്തിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കാനുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment