കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയില്‍ സിനഡ് നിര്‍ദേശിച്ച പ്രകാരമുള്ള കുര്‍ബാന രീതി നടപ്പിലാക്കില്ലെന്ന് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് ആന്റണി കരിയിലിന്റെ ഉറപ്പ്. വൈദികരും അത്മായരും നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ അവരുടെ ജീവനെ മാനിച്ചും അതിരുപതയുടെ പൊതുവികാരം മനസ്സിലാക്കിയും ജനപാലന പ്രതിസന്ധി പരിഗണിച്ചും സിനഡ് നിര്‍ദേശമനുസരിച്ചുള്ള കുര്‍ബാന അര്‍പ്പണ രീതി നടപ്പാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്നു. ഇക്കാര്യം മേജര്‍ ആര്ച്ച്ബിഷപിനെയും സിനഡ് അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ താന്‍ ഉത്തരവാദിത്തമേല്ക്കേണ്ടിവരും. സിനഡ് നിര്‍ദേശിച്ച പ്രകാരമുള്ള സര്‍ക്കുലര്‍ ഇറക്കുന്നത് എന്റെ മനസാക്ഷിക്ക് വിരുദ്ധമാണെന്ന ബോധ്യവും അജപാലനപരമായി അനുചിതമായിരിക്കുമെന്നും വത്തിക്കാനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിരൂപതയില്‍ തുടര്‍ന്നുവരുന്ന ജനാഭിമുഖ കുര്‍ബാന തുടരുമെന്നും മാര്‍ കരിയില്‍ അറിയിച്ചു.
ആര്‍ച്ച്ബിഷപിന്റെ കത്തിനെ തുടര്‍ന്ന് വൈദികര്‍ നിരാഹാരം അവസാനിപ്പിച്ചു. ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടിയുള്ള സമരം തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി ഒരാഴ്ചയായി അതിരൂപത ആസ്ഥാനത്തും ലിസി ആശുപത്രിയിലെ കിടക്കയിലുമായി ഫാ. ബാബു കളത്തില്‍, ഫാ. ടോം മുള്ളന്‍ചിറ, ശ്രീ. പ്രകാശ് പി. ജോണ്‍, എന്‍.ഓ തോമസ് എന്നിവര്‍ നടത്തിവരുന്ന മരണംവരെയുള്ള ഉപവാസം സിനഡ് കുര്‍ബാന ചൊല്ലാന്‍ അതിരൂപതാംഗങ്ങളെ നിര്‍ബന്ധിപ്പിക്കുന്ന സര്‍ക്കുലര്‍ ഇറക്കുകയില്ലെന്ന ആര്‍ച്ചുബിഷപ് ആന്റണി കരിയിലിന്റെ ഉറപ്പിന്മേല് അവസാനിപ്പിക്കുകയാണ്. പക്ഷേ ഈ അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥനായാലും ഉപവാസത്താലുമുള്ള സമരമുറ തുടരുക തന്നെ ചെയ്യും. ജനാഭിമുഖ കുര്‍ബാനയുടെ പേരില്‍ സീറോമലബാര്‍ സിനഡ് ഇനിയും ഈ അതിരൂപതയെ കൊത്തിവലിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നവംബര്‍ 27, 2021 -ല്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമുള്ള ജനാഭിമുഖ കുര്‍ബാന ഈ അതിരൂപത നിലനില്‍ക്കുന്ന കാലം വരെ തുടരുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തവരാണ്.
നിരാഹാരം കിടന്നവരുടെ പ്രത്യേകിച്ച് ബാബു കളത്തിലച്ചന്റെ ജീവന് അപകടത്തിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടും മേജര്‍ ആര്‍ച്ചുബിഷപ്പും സ്ഥിരം സിനഡംഗങ്ങളും മനസ്സാക്ഷിയില്ലാതെ വീണ്ടും വീണ്ടും ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ സിനഡ് കുര്‍ബാന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കണെന്ന് നിര്‍ബന്ധിച്ചതിനെ ഈ അതിരൂപതയിലെ വൈദികരും വിശ്വാസികളും ശക്തമായി അപലപിക്കുന്നു. രണ്ടു മൂന്നു വൈദികര്‍ മരിച്ചാലും വേണ്ടില്ല ലിറ്റര്‍ജിയെ സംബന്ധിച്ചിടത്തോളം മെത്രാന്മാര് എടുത്ത തീരുമാനമാണ് ജീവനേക്കാള്‍ വിലയുള്ളതെന്ന മനോഭാവം ക്രിസ്തീയതയ്ക്കു കടകവിരുദ്ധമാണ്. ഇത്തരം മനോഭാവമുള്ളവര്‍ മെത്രാന്മാരായിരിക്കുന്നതാണ് ഈ സഭയുടെ ശിഥീലികരണത്തിനു കാരണമാകുന്നതെന്ന് കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു. ജീവന്റെ മുമ്പില്‍ തന്റെ സ്ഥാനമാനങ്ങളെ നോക്കാതെ തീരുമാനമെടുത്ത ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെതിരെ എന്തെങ്കിലും നടപടി സിനഡിന്റെയോ പൗരസ്ത്യ കാര്യാലയത്തിന്റെയോ ഭാഗത്തു നിന്നോ ഉണ്ടായാല്‍ ഈ അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും അതിനെ ശക്തമായി ചെറുക്കും. അങ്ങനെ വന്നാല്‍ മനുഷ്യവാകാശ ലംഘനം നടത്താതിന്റെ പേരില്‍ കത്തോലിക്കാ സഭയില്‍ ഒരു മെത്രാന്റെ മേല്‍ നടപടി സ്വീകരിച്ചതിന്റെ മാനക്കേടും സീറോമലബാര്‍ സിനഡ് ഏറ്റെടുക്കേണ്ടതായി വരും. മാര്‍ ആന്റണി കരിയിലിന്റെ സ്ഥാനത്ത് ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു മെത്രാനെയും സ്വീകരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കോ വിശ്വാസികള്‍ക്കോ സാധിക്കില്ലെന്ന് അസന്നിദ്ഗ്ധമായി പ്രസ്താവിക്കുന്നു.
മെത്രാന്മാരുടെ പ്രഥമവും പ്രധാനവുമായ ദൗത്യം വിശ്വാസികളുടെ ആത്മരക്ഷയാണ്. അതിനാല്‍ ഏതൊരു കല്പന പുറപ്പെടുവിക്കുന്നതിനു മുമ്പ് അവര്‍ ആലോചിക്കേണ്ടത് അവര്‍ ഇറക്കുന്ന കല്പന അനുസരിക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ടോ എന്നതാണ്. അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന നിലയില്‍ ഇന്നത്തെ സാഹചര്യത്തില്‍ ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ രീതിയില്‍ കുര്‍ബാന ചൊല്ലാനുള്ള കല്പന അടിച്ചേല്പിച്ചാല് ഇവിടുത്തെ ബഹുഭൂരിപക്ഷം വിശ്വാസികളും അതു ധിക്കരിക്കേണ്ടതായ് വരും. അത് അവരെ അനുസരണക്കേടിലേക്ക് തള്ളിയിടുമെന്നും അത് അവരുടെ ആത്മരക്ഷയെ ബാധിക്കുമെന്നതാണ് ആര്‍ച്ചുബിഷപ് കരിയില്‍ എടുത്ത തീരുമാനത്തിന്റെ പുറകിലുള്ള അജപാലന ധാര്‍മികത.
അതിരൂപത സംരക്ഷണ സമിതിക്കു വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ (കണ്‍വീനര്‍), ഫാ. ജോസ് വൈലികോടത്ത് (PRO) എന്നിവര്‍ വ്യക്തമാക്കി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news