അനധികൃത കുടിയേറ്റം: യു.എസ്-കാനഡ അതിര്‍ത്തിയില്‍ അതിശൈത്യത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചു

കാനഡ: കാനഡയില്‍ അതിശൈത്യത്തെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു. യു.എസ് കാനഡ അതിര്‍ത്തിയിലെ എമേഴ്‌സണിലാണ് അപകടം. ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ഒരു കൗമാരക്കാരനും പ്രായപുര്‍ത്തിയായ ഒരു സ്ത്രീയും പുരുഷനുമാണ് അതിര്‍ത്തിയില്‍ നിന്നും 10 മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹിമവാതം മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലത്ത് മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.

അതിര്‍ത്തിയില്‍ മഞ്ഞിലൂടെ അലഞ്ഞുനടന്ന ഒരു സംഘം ആളുകളെ യു.എസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടിയിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡ സ്വദേശിയായ സ്റ്റീവ് ഷാന്‍ഡ് (47) വ്യാഴാഴ്ച കസ്റ്റഡിയിലായിരുന്നു. ഈ സംഘത്തിലുള്ളതാണോ മരിച്ചവരെന്ന് സംശയമുണ്ട്.

ബുധനാഴ്ച നോര്‍ത്ത് ഡകോട്ടയില്‍ യു.എസ് ബോര്‍ഡര്‍ പട്രോളിംഗ് സംഘം 15 പേരുമായി പോയ ഒരു യാത്രാവാഹനം തടഞ്ഞുനിര്‍ത്തിയിരുന്നു. സൗത്ത് കനേഡിയന്‍ അതിര്‍ത്തിക്ക് സമീപമായിരുന്നു ഇത്. സ്റ്റീവ് ഷാന്‍ഡ് ആയിരുന്നു ഈ വാഹനം ഓടിച്ചിരുന്നത്. ഈ വാഹനത്തില്‍ രേഖകളില്ലാതെ സഞ്ചരിച്ച രണ്ട് ഇന്ത്യക്കാരുമുണ്ടായിരുന്നു.

ഇതേസമയം തന്നെ രേഖകളില്ലാതെ സഞ്ചരിച്ച അഞ്ച് ഇന്ത്യക്കാരെ ധ്രുവപ്രദേശത്തു കണ്ടെത്തിയിരുന്നു. 11 മണിക്കൂറായി തണുത്തുറഞ്ഞ് അലഞ്ഞുനടക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

ദുരന്തത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ യു.എസ്, കാനഡ അംബാസഡര്‍മാരോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment