ഹാര്‍ലേം (ന്യൂയോര്‍ക്ക്): കുടുംബ വഴക്ക് നടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമി നടത്തിയ വെടിവെയ്പില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെ ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസിനെതിരെ വെടിവെച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 47 കാരനായ ലാഷാൻ മക്നീലിനെ മൂന്നാമത്തെ ഓഫീസർ വെടിവെച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടതായി എൻവൈപിഡി ചീഫ് ഓഫ് ഡിറ്റക്ടീവ് ജെയിംസ് എസ്സിഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു സംഭവം. ഹാര്‍ലെമിലുള്ള ആറു നില കെട്ടിടത്തിലായിരുന്നു സംഭവം. ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന സ്ത്രീയാണ് വീട്ടില്‍ ബഹളം നടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിനോട് മകന് അകത്തെ മുറിയില്‍ ഉണ്ടെന്ന് പറഞ്ഞതനുസരിച്ച് ഹാള്‍വേയിലൂടെ പുറകിലെ കിടപ്പുമുറിയുടെ മുമ്പില്‍ എത്തിയ പോലീസിനു നേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ടു പോലീസുകാര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ഓഫീസര്‍ മരണപ്പെട്ടെന്ന് വെള്ളിയാഴ്ച വൈകീട്ട് വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ കീഷന്റ് സെവെല്‍ പറഞ്ഞു.
പോലീസ് ഓഫീസർമാരായ ജേസൺ റിവേര (22), വിൽബർട്ട് മോറ (27) എന്നിവര്‍ക്കാണ് വെടിയേറ്റത്. അതില്‍ ജേസണ്‍ റിവേരയാണ് കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍. പരിക്കേറ്റത് വിൽബർട്ട് മോറയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പോലീസ് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക്ക് ആംസംഡ് അപലപിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news