നടൻ ദിലീപിനെ കളമശ്ശേരി ഓഫീസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ തുടങ്ങി

2017ൽ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ദിലീപിനും മറ്റ് അഞ്ച് പേർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനായി കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇന്ന് (ഞായറാഴ്ച) നടൻ ദിലീപ് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.

ജനുവരി 22 ശനിയാഴ്ച, അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയ ഹൈക്കോടതി, ദിലീപും സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ജനുവരി 23, 24, 25 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. രാവിലെ 8.50ഓടെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയ ദിലീപ് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. മറ്റ് പ്രതികളും ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്.

അതേസമയം, ചോദ്യം ചെയ്യലിൽ പീഡനം ആരോപിച്ച് നടൻ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചേക്കുമെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു.

അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ പ്രതികളോട് നിർദേശിച്ച ജസ്റ്റിസ് ഗോപിനാഥ് പി, മൂന്ന് ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു. നിസ്സഹകരിച്ചാൽ അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം നീക്കി ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ വിടുമെന്നും കോടതി പ്രതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment